ഡോ.എം .എസ്. സുനിലിന്റെ 364 -മത് സ്നേഹഭവനം അജുവിന്‍റെ അഞ്ചംഗ കുടുംബത്തിന്

Spread the love

 

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബര്‍ക്ക് പണിതു നൽകുന്ന 364-ാമത് സ്നേഹഭവനം ബാബു സാറിന്റെ തൊണ്ണൂറാം ജന്മദിന സമ്മാനമായി കടമ്മനിട്ട കുട്ടത്തോട് ചെമ്മാന്തറ അജുവിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി.

വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സംവിധായകനും സിനിമാതാരവുമായ ബൈജു എഴുപുന്ന കേരളപ്പിറവി ദിനത്തിൽ നിർവഹിച്ചു. 65 വർഷങ്ങളോളം പഴക്കമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത ചെറിയ വീട്ടിൽ ആയിരുന്നു അജുവും ഭാര്യ റീനയും രണ്ട് പെൺകുഞ്ഞുങ്ങളും 84 വയസ്സുള്ള മാതാവും താമസിച്ചിരുന്നത്.

കുടുംബാംഗങ്ങളുടെ ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിത്യ ചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു ഭവനം നിർമ്മിക്കാൻ സാധിക്കാതെ ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്നത് നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും, അടുക്കളയും, ഹാളും, ശുചി മുറിയും, സിറ്റൗട്ടും അടങ്ങിയ വീട് ബോസ്റ്റണില്‍ മക്കളോടൊപ്പം താമസിക്കുന്ന റിട്ടയേഡ് എ.ഇ.ഒ .ആയിരുന്ന ബാബു സാറിന്റെ 90ആം ജന്മദിന സമ്മാനമായി നിർമ്മിച്ചു നൽകുകയായിരുന്നു. പഞ്ചായത്ത് മെമ്പർ ജനകമ്മ ശ്രീധരൻ., പ്രോജക്ട് കോർഡിനേറ്റർ കെ .പി. ജയലാൽ., അഡ്വ. അരുൺ പ്രകാശ്., ജയകൃഷ്ണൻ തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു