പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/11/2025 )

Spread the love

ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍:നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ നാലിന് പകല്‍ 12 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സര്‍ക്കാരിന്റെ കരുതലായാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന്‍, പോലീസ് ഹെല്‍പ്പ് ഡെസ്‌ക്, മൂന്ന് ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷന്‍, ഇസിജി റൂം, ഐ.സി.യു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയില്‍ എക്സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലയ്ക്കല്‍ ക്ഷേത്രത്തിന് മുന്‍വശത്തെ നടപ്പന്തലില്‍ നടത്തുന്ന ചടങ്ങില്‍ റാന്നി എം.എല്‍.എ. പ്രമോദ് നാരായണ്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം നവംബര്‍ നാലിന്

കലക്ടറേറ്റ് അങ്കണത്തിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം നവംബര്‍ നാലിന് രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണവിഭാഗം മേധാവി ജെ ജോസഫൈന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി അലക്‌സ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ ആസൂത്രണസമിതികളെ ശക്തിപ്പെടുത്തുന്നതിന് ആസൂത്രണ ബോര്‍ഡ്, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ടൗണ്‍ പ്ലാനിംഗ് വകുപ്പുകളുടെ ജില്ലാ ഓഫീസുകളെ ഉള്‍പ്പെടുത്തിയാണ് മന്ദിരം നിര്‍മിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി വിഹിതവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ലഭ്യമാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും വിനിയോഗിച്ചാണ് മന്ദിരം പൂര്‍ത്തിയാക്കിയത്.

സെല്ലാര്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നിലയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ്, രണ്ടാം നിലയില്‍ ടൗണ്‍ പ്ലാനിംഗ് ജില്ലാ ഓഫീസ്, മൂന്നാം നിലയില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസ്, നാലാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുണ്ട്. 2937.54 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് കെട്ടിടത്തിന്. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളില്‍ 200 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യവും സെല്ലാര്‍ ഫ്‌ളോറില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്്.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം :ബിഎല്‍ഒമാര്‍ നവംബര്‍ നാലു മുതല്‍ വീടുകള്‍ കയറും: ജില്ലാ കലക്ടര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പത്തനംതിട്ട ജില്ലയില്‍ നവംബര്‍ നാലു മുതല്‍ ഒരു മാസം വീടുകള്‍ സന്ദര്‍ശിച്ച് എന്യുമറേഷന്‍ ഫോം വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍.  ബിഎല്‍ഒ മാരുടെ ഭവന സന്ദര്‍ശനം മുന്‍കൂട്ടി രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജ്ജീകരിക്കും. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. പട്ടികയെ കുറിച്ചുള്ള എതിര്‍പ്പുകളും ആവശ്യങ്ങളും അപേക്ഷിക്കാനുള്ള കാലയളവ് ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടുവരെയാണ്. ഹിയറിംഗും പരിശോധനയുമുള്ള നോട്ടീസ് ഘട്ടം ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 31 വരെ നടക്കും. അവസാന വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.

ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവനം പൂര്‍ണമായും വിട്ടു നല്‍കുന്നതിന് എല്ലാ ഓഫീസ് മേധാവികള്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തങ്ങളുടെ കാര്യാലയത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഹിച്ചിരുന്ന ചുമതലകള്‍ക്ക് പകരം ക്രമീകരണം ഒരുക്കാനും നിര്‍ദേശിച്ചു. ജില്ലയില്‍ 1077 ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണുള്ളത്. 10 ബില്‍ഒ മാര്‍ക്ക് ഒരു ബിഎല്‍ഒ സൂപ്പര്‍വൈസറുണ്ടാകും. അനാഥ മന്ദിരങ്ങള്‍, ഉന്നതികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എന്യുമറേഷന്‍ ഫോം വിതരണം ചെയ്യും. ആദ്യ രണ്ടു ദിവസം പ്രമുഖ വ്യക്തികളുടെ വീടുകളും സന്ദര്‍ശിക്കും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനെയോ വാട്ട്സ്ആപ്പിലൂടെയോ ഫോം സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ബിഎല്‍ഒ മാര്‍ മൂന്നു തവണ വീടുകള്‍ സന്ദര്‍ശിക്കും. 13 തിരിച്ചറിയല്‍ രേഖകളിലൊന്ന് വോട്ടര്‍മാര്‍ക്ക് ഹാജരാക്കണം. ഫോം പൂരിപ്പിച്ച് തിരികെ ബിഎഒമാര്‍ക്ക് നല്‍കണം.

എന്യുമറേഷന്‍ ഫോം വിതരണം, ഫോം തിരകെ സ്വീകരിച്ച് ഇലക്ടറല്‍ രജിസ്ട്രഷേന്‍ ഓഫീസര്‍ക്ക് കൈമാറുന്നത് തുടങ്ങി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ബി എല്‍ ഒ സൂപ്പര്‍വൈസര്‍മാര്‍ നിര്‍ദേശം നല്‍കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫും പങ്കെടുത്തു. വോട്ടര്‍മാരുടെ സംശയനിവാരണത്തിനായി ജില്ലാ ഇലക്ഷന്‍ വിഭാഗത്തില്‍ ക്രമീകരിച്ചിട്ടുളള ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു.
ഹെല്‍പ് ഡസ്‌ക് ഫോണ്‍ : 0468 2224256


പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് പുതിയ കെട്ടിടം:ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

പത്തനംതിട്ട ജില്ല ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ഥ്യമായി.  പൂര്‍ണമായും സംസ്ഥാന ഫണ്ടുപയോഗിച്ചാണ്  ലാബ് ആധുനികവത്ക്കരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരത്തില്‍ അണ്ണായിപാറയിലുളള ലാബിന്റെ ഉദ്ഘാടനം നവംബര്‍ നാലിന് വൈകിട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ജില്ലയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ സുരക്ഷാ ലാബ് സുപ്രധാനമാണ്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങള്‍ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1998 മുതല്‍ ജില്ലയില്‍ ജില്ലാ ഭക്ഷ്യപരിശോധന ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു. ലബോറട്ടറിയില്‍ കുടിവെള്ള പരിശോധയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധന നടത്തുവാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ഭക്ഷ്യപരിശോധന ലാബ് അത്യാധുനിക സംവിധാനത്തോടെ കൂടുതല്‍ വിപുലീകരിച്ചത്.

ലബോറട്ടറിയുടെ താഴത്തെ നിലയില്‍ സാമ്പിള്‍ റിസീവിംഗ് ആന്റ് സ്റ്റോറേജ്, ഓഫീസ്, കെമിക്കല്‍ സ്റ്റോറേജ് റൂം, ലബോറട്ടറി, സ്റ്റാഫ് റൂം, ഫുഡ് അനാലിസിസ് റൂമുകള്‍ എന്നിങ്ങനെയാണുള്ളത്. രണ്ടാം നിലയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ റും, സാമ്പിള്‍ പ്രിപ്പറേഷന്‍ എരിയ, സ്റ്റാഫ് റൂം എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. മൂന്നാം നിലയില്‍ വാട്ടര്‍ ലാബ്, ഫുഡ് ലാബ്, ബാലന്‍സ് റൂം, മൈക്രോബയോളജി ലാബ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.  ലാബിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി നിലവിലുള്ള മൂന്ന് തസ്തികകള്‍ക്ക് പുറമെ 10 തസ്തികകള്‍ സര്‍ക്കാര്‍ കൂടുതലായി അനുവദിച്ചിട്ടുണ്ട്. ആധുനിക ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും.

കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പ വിതരണം നവംബര്‍ നാലിന്
ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ആറന്മുള നിയോജക മണ്ഡലത്തില്‍ സിഡിഎസ് മുഖേന പട്ടികവിഭാഗം കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണോദ്ഘാടനം നവംബര്‍ നാല് രാവിലെ ഒമ്പതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറാട്ടുപ്പുഴ തരംഗം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ കെ ഷാജു അധ്യക്ഷനാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ്മോന്‍ വായ്പ വിതരണം നടത്തും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്,  കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


കുടുംബശ്രീ പ്രീമിയം കഫേയുടെയും ട്രാവലേഴ്സ് ലോഞ്ചിന്റെയും ഉദ്ഘാടനം നവംബര്‍ നാലിന്
കുടുംബശ്രീ പ്രീമിയം കഫേയുടെയും ട്രാവലേഴ്സ് ലോഞ്ചിന്റെയും ഉദ്ഘാടനം നവംബര്‍ നാല് വൈകിട്ട് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം നിര്‍വഹിക്കും.
നഗരസഭ ചെയര്‍പേഴ്സണ്‍ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ജ്യൂസ് കൗണ്ടറും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ടീ ആന്‍ഡ് സ്നാക്സ് കൗണ്ടറും ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ പദ്ധതി വിശദീകരണം നടത്തും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, നഗരസഭാംഗങ്ങള്‍,വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഭരണഭാഷാ സേവന പുരസ്‌കാരം

ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരം നേടിയ സോണി സാംസണ്‍ ഡാനിയേല്‍. കളക്ടറേറ്റില്‍ റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്കാണ്.
ചിത്രം :  സോണി


കരാര്‍ നിയമനം

ആറന്മുള കേപ്പ് കോളജ് ഓഫ് നഴ്‌സിംഗില്‍ സ്വീപ്പര്‍, സെക്യൂരിറ്റി സ്റ്റാഫ്, അറ്റന്‍ഡര്‍ കം ഡ്രൈവര്‍  എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത:  സെക്യൂരിറ്റി സ്റ്റാഫ് – പത്താംക്ലാസ് വിജയം ( വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന).
അറ്റന്‍ഡര്‍ കം ഡ്രൈവര്‍ -ഹെവി ലൈസന്‍സും രണ്ടുവര്‍ഷത്തെ മുന്‍ പരിചയവും. അസല്‍ രേഖകളുമായി നവംബര്‍ നാലിന് രാവിലെ 10 ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 9495585884, 9656112009.


റേഷന്‍കട ലൈസന്‍സി നിയമനം

ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  താലൂക്ക്, റേഷന്‍ കട നമ്പര്‍, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, സംവരണ വിഭാഗം ക്രമത്തില്‍.
അടൂര്‍, 14 (43) (1314043), അടൂര്‍ മുനിസിപ്പാലിറ്റി, അടൂര്‍, അടൂര്‍, 5, അടൂര്‍, ജനറല്‍.
തിരുവല്ല, 137 (1313137), നിരണം, പുളിക്കീഴ്, കടപ്ര, 2, നിരണം വടക്കുംഭാഗം, പട്ടികജാതി (എസ് സി)കോന്നി, 13 (1373013), കോന്നി, കോന്നി, ഐരവണ്‍, 7, പയ്യനാമണ്‍, പട്ടികജാതി (എസ് സി )
റാന്നി, 68 (1315068), റാന്നി പഴവങ്ങാടി, റാന്നി, ചേത്തയ്ക്കല്‍, 2, ചേത്തയ്ക്കല്‍, ജനറല്‍
മല്ലപ്പള്ളി, 34 (1316034), എഴുമറ്റൂര്‍, മല്ലപ്പള്ളി, എഴുമറ്റൂര്‍, 1, എഴുമറ്റൂര്‍, പട്ടികജാതി (എസ് സി)
അടൂര്‍, 152 (11) (1314011), തുമ്പമണ്‍, പന്തളം, തുമ്പമണ്‍, 9, തുമ്പമണ്‍, പട്ടികജാതി (എസ് സി )
അപേക്ഷയിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് നവംബര്‍ 20  ന് വൈകിട്ട് മൂന്നിന്  മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ  ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.civilsupplieskeraala.gov.in) അതത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍: 0468 2222612, 2320509.


അധ്യാപക പാനലിലേയ്ക്ക് അപേക്ഷിക്കാം

സാക്ഷരതാ മിഷന്‍ നടപ്പാക്കിവരുന്ന ഹയര്‍ സെക്കന്‍ഡറി , പത്താംതരം തുല്യതാ കോഴ്‌സുകളുടെ  സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു.

യോഗ്യത – ഹയര്‍ സെക്കന്‍ഡറി :- അതത് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും സെറ്റും,
പത്താംതരം:-  അതത് വിഷയത്തില്‍ ബിരുദവും ബിഎഡും.
അപേക്ഷ നവംബര്‍ 10 ന് വൈകിട്ട് നാലിന് മുന്‍പായി പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ലഭിക്കണം. വിരമിച്ച അധ്യാപകര്‍ക്കും യോഗ്യതയുള്ള തൊഴില്‍ രഹിതര്‍ക്കും അപേക്ഷിക്കാം.

സാക്ഷരതാ മിഷന്‍, എസ് സി ഇ ആര്‍ ടി, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിലാകും അധ്യാപകരുടെ അഭിമുഖം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട വിലാസത്തില്‍ അയക്കണം.  ഫോണ്‍ : 0468 2220799

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി അഡ്വ. വര്‍ഗീസ് മുളയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. തിരുവല്ല കോഴഞ്ചേരി റോഡില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ പൈപ്പ് ഇടുന്നതിന് എടുത്ത കുഴി താഴ്ചയിലായതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നുവെന്നും കുഴി നികത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നും അധ്യക്ഷന്‍ ആവശ്യപ്പെട്ടു. കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി.കെ നൗഷാദ്, മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, കേരള കോണ്‍ഗ്രസ് (എസ് ) പ്രതിനിധി മാത്യു ജി ഡാനിയേല്‍, എന്‍സിപി പ്രതിനിധി സുബിന്‍ വര്‍ഗീസ് തുടങ്ങിയവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

വനിതാ മിത്രകേന്ദ്രം

വനിതാ വികസന കോര്‍പറേഷന്റെ പത്തനംതിട്ട വനിതാ മിത്രകേന്ദ്രത്തില്‍ ആറുമാസം മുതല്‍  മൂന്നു വയസ് വരെയുളള കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ ഡേ കെയര്‍ സെന്റര്‍, വനിതകള്‍ക്കും കോളജ്  വിദ്യാര്‍ഥിനികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍ : 8281552350.

തൊഴില്‍ അവസരം

വിജ്ഞാന കേന്ദ്രം പദ്ധതിയുടെ ഭാഗമായി ഐടിഐ വിജയിച്ചവര്‍ക്ക് തൊഴില്‍ അവസരം. നവംബര്‍ ആറിന് മുമ്പ് ചെന്നീര്‍ക്കര ഐടിഐ പ്ലേസ്‌മെന്റ് സെല്ലുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കണം. ഫോണ്‍ : 8281776330.

ഹിയറിംഗ് മാറ്റി

(നവംബര്‍ 4) നടത്താനിരുന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് മാറ്റിവച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മല്ലപ്പളളി താലൂക്ക് വികസനസമിതി യോഗം നടന്നു

മല്ലപ്പളളി  താലൂക്ക് വികസന സമിതി യോഗം മിനി സിവില്‍ സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് വിദ്യാമോളുടെ  അധ്യക്ഷതയില്‍ ചേര്‍ന്നു. മല്ലപ്പളളി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്,  പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ വര്‍ഗീസ്, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാര്‍,  രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ നവംബര്‍ നാല്, അഞ്ച് തീയതികളില്‍ പേര് ചേര്‍ക്കാം

ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത യോഗ്യരായവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിനും നവംബര്‍ നാല്, അഞ്ച് തീയതികളില്‍ കൂടി അവസരം ഉണ്ടാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.