കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഉന്നമനത്തില്‍ കുടുംബശ്രീയുടെ പങ്ക് വലുതാണ്. സമൂഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. കുടുംബശ്രീയും വിജ്ഞാനകേരളവും ചേര്‍ന്ന് നടപ്പാക്കിയ ‘ ഓണത്തിന് ഒരു ലക്ഷം തൊഴില്‍’ കാമ്പയിന് സംസ്ഥാനത്ത് ആദ്യ ലക്ഷ്യം പൂര്‍ത്തീകരിച്ചത് പത്തനംതിട്ടയിലാണ്. 5286 തൊഴില്‍ അന്വേഷകര്‍ക്ക് വിവിധ സ്ഥാപന – സംരംഭങ്ങളില്‍ തൊഴിലുറപ്പാക്കി. കുടുംബശ്രീയുടെ രണ്ടാമത്തെ പ്രീമിയം കഫെ ഔട്ട്ലെറ്റാണ് ജില്ലാ ആസ്ഥാനത്ത് നിര്‍മിച്ചത്.
അബാന്‍ മേല്‍പ്പാലം നിര്‍മാണം പുരോഗതിയിലും ജില്ലാ സ്റ്റേഡിയം പൂര്‍ത്തികരണ ഘട്ടത്തിലുമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗി പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന് ആവിഷ്കരിച്ച സ്വാന്തനമിത്രം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലയിലെ കിടപ്പുരോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിന് വനിതകള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശീലനം നല്കി കെയര്‍ ഗീവര്‍, ആശുപത്രി ബൈസ്റ്റാന്‍ഡര്‍, പ്രസവ ശുശ്രൂഷകര്‍ എന്നിങ്ങനെ പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കുന്നു.
നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച പ്രീമിയം കഫെ കെട്ടിടത്തിന് ഒരു വര്‍ഷം വാടകയില്ലാതെ സൗജന്യമായി ഉപയോഗിക്കാമെന്ന് ചടങ്ങില്‍ അധ്യക്ഷനായ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി സക്കീര്‍ ഹുസൈന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ടീ ആന്‍ഡ് സ്നാക്സ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ഇലക്ട്രീഷ്യന്, പ്ലംബര്‍, പെയിന്റര്‍, ഗാര്‍ഡനിംഗ്, ലാന്‍ഡ് സ്കേപ്പിംഗ് തുടങ്ങി വീടുകളും സ്ഥാപനങ്ങളുമായി റിപ്പയര്‍ ആന്‍ഡ് മെയ്ന്റെനന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച സ്കില്‍@കാള്‍ പദ്ധതിയുടെ ഉദ്ഘാടനം വിജ്ഞാനകേരളം സംസ്ഥാന ഉപദേശകന് ടി എം തോമസ് ഐസക്ക് നിര്‍വഹിച്ചു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം നിലവിലുള്ള 20 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്ന കുടുംബശ്രീ യജ്ഞത്തിന്റെ ഭാഗമായി 2000 വനിതകള്‍ക്ക് കൂടി ജില്ലയില്‍ തൊഴിലുറപ്പാക്കുന്നു. ഐ ടി ഐ, പോളിടെക്നിക് ട്രേഡുകള്‍ പഠിച്ചവരാണ് സ്കില്‍@കാള്‍ സംരംഭത്തിലുള്‍പ്പെടുന്നത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിജി മാത്യു, ആര് അജയകുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ ആര് അജിത് കുമാര്‍, മേഴ്സി വര്‍ഗീസ്, ജെറി അലക്സ്, അനില അനില്‍, എസ് ഷമീര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി കെ അനീഷ്, സി കെ അര്ജുനന്, ശോഭ കെ മാത്യു, ജാസിം കുട്ടി, നീനു മോഹന്‍, വിമല ശിവന്, എ സുരേഷ് കുമാര്‍, എല്‍ സുമേഷ് ബാബു, സിന്ധു അനില്‍, ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ് ആദില, ജില്ല മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം ) ഡോ. എല്‍ അനിതാ കുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കെ പി ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.