ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റ് നവംബർ 10 മുതൽ

Spread the love

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റ് നവംബർ 10 മുതൽ
കേരളത്തിലെ പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിൾ പ്രദേശങ്ങളിൽ ആരംഭിക്കും

 

konnivartha.com; 1948 ലെ സെൻസസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെൻസസ് 2027 ന്‍റെ  ഒന്നാം ഘട്ട പ്രീ-ടെസ്റ്റ് 2025 നവംബർ 10 മുതൽ നവംബർ 30 വരെ നടത്തുന്നതിനുള്ള തീയതികൾ കേന്ദ്ര ​ഗവൺമെൻ്റ് വിജ്ഞാപനം ചെയ്തു.

2025 നവംബർ 1 മുതൽ നവംബർ 7 വരെ സെൽഫ് എന്യൂമറേഷനുള്ള അവസരമുണ്ട്. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും, ജനസംഖ്യാ കണക്കെടുപ്പും. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് വിവരങ്ങൾ ശേഖരിക്കുക. ഇതോടൊപ്പം, സെൻസസിൻറെ പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിന് ആദ്യമായി ഒരു സി എം എം എസ് (CMMS) വെബ് പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. സെൻസസ് പ്രവർത്തനങ്ങളുടെ സുഗമമായ നിർവ്വഹണം ഉറപ്പാക്കാൻ, ഉപയോഗിക്കേണ്ട ഡിജിറ്റൽ ടൂളുകളിലെയും ഡിസൈൻ ചട്ടക്കൂടിലെയും പ്രധാന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും പ്രീ-ടെസ്റ്റ് നിർണായകമാണ്.

വിദൂരത, ദുർഘടമായ ഭൂപ്രദേശം, ഇൻറർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ, ചേരി പ്രദേശം മുതലായവ പരിഗണിച്ചാണ് പ്രീ-ടെസ്റ്റ് സാമ്പിളുകൾ തെരഞ്ഞെടുത്തിരിക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസിലെ കള്ളമല, ഷോളയൂർ വില്ലേജുകളിലും, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ ഇരട്ടയാർ വില്ലേജിലും, എറണാകുളം ജില്ലയിലെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻറെ 1 മുതൽ 4 വരെയുള്ള വാർഡുകളിലുമാണ് പ്രീ-ടെസ്റ്റ് നടത്തുന്നത്.

ഈ പ്രക്രിയയ്ക്കായി ജില്ലാ കളക്ടർമാരെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. ഉടുമ്പൻചോല, അട്ടപ്പാടി താലൂക്കുകളിലെ തഹസിൽദാർമാരേയും കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെയുമാണ് ചാർജ് ഓഫീസർമാരായി നിയമിച്ചിരിക്കുന്നത്. എന്യൂമറേറ്റർമാർക്കും, സൂപ്പർവൈസർമാർക്കും പരിശീലനം ഷെഡ്യൂൾ ചെയ്ത പ്രകാരം നടന്നുകൊണ്ടിരിക്കുന്നു. ഈ കാലയളവിൽ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി എന്യൂമറേറ്റർമാർ വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.

ഈ വില്ലേജുകളിലെയും വാർഡുകളിലെയും താമസക്കാർക്ക് സെൽഫ് എന്യൂമറേഷൻ പോർട്ടൽ http://test.census.gov.in/se വഴി സ്വയം വിവരങ്ങൾ നവംബർ 7 വരെ നൽകാനുള്ള സൗകര്യവുമുണ്ട്. ഇപ്രകാരം വിവരങ്ങൾ നൽകുന്നവർക്ക് എസ്എംഎസ്, ഇമെയിൽ (നൽകിയിട്ടുണ്ടെങ്കിൽ) വഴി ഒരു യുണീക്ക് സെൽഫ് എന്യൂമറേഷൻ ഐഡി (SEID) ലഭിക്കും.

പോർട്ടലിൽ വിവരങ്ങൾ സമർപ്പിച്ചവർ SEID, എന്യൂമറേറ്ററുമായി പങ്കിടേണ്ടതുണ്ട്. പൊതുജനങ്ങൾ വസ്തുതാപരമായ വിവരങ്ങൾ നൽകി സഹകരിക്കുകയും പ്രീ-ടെസ്റ്റ് വിജയകരമാക്കുകയും ചെയ്യേണ്ടതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ജോയിൻ്റ് ഡയറക്ടർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.