കുന്നന്താനം 33  കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

Spread the love

കുന്നന്താനം സബ് സ്റ്റേഷനിലൂടെ തടസമില്ലാത്ത വൈദ്യുതി ലഭ്യമാക്കും: മന്ത്രി  കൃഷ്ണന്‍കുട്ടി:കുന്നന്താനം 33  കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

konnivartha.com; വ്യവസായ സംരംഭങ്ങളുള്ള കുന്നന്താനത്ത് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുകയാണ് സബ് സ്റ്റേഷന്‍ നിര്‍മാണത്തിലൂടെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കുന്നന്താനം 33  കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്റെ കൈവശമുള്ള 76 സെന്റ് ഭൂമി പാട്ടത്തിനാണ് സബ് സ്റ്റേഷന്‍ നിര്‍മാണത്തിന് കെഎസ്ഇബിക്ക് കൈമാറിയത്. കുന്നന്താനം വ്യവസായ പാര്‍ക്കിന് പുറമെ സമീപപ്രദേശത്തെ  ഗുണഭോക്താക്കള്‍ക്കും തടസമില്ലാതെ വൈദ്യുതി ലഭിക്കും.
വൈദ്യുതി പ്രസരണ വിതരണ ശൃംഖല കാര്യക്ഷമമാക്കി കൂടുതല്‍ സബ് സ്റ്റേഷനും ലൈനുകളും സ്ഥാപിക്കാനുള്ള  പ്രവര്‍ത്തനമാണ് വകുപ്പിന്റേത്.  ഒമ്പതു വര്‍ഷത്തിനിടെ 101 സബ് സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കി. 20,621 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചു. ഏകദേശം 21000 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തി.ഒമ്പത് വര്‍ഷത്തിനിടെ ആഭ്യന്തര ഉല്‍പാദനം 2151 മെഗാവാട്ട് വര്‍ധിച്ചു.  നിയന്ത്രണം ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബി. ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങുകയും, ആഭ്യന്തര ജലവൈദ്യുത നിലയങ്ങളിലെ ഉല്‍പാദനം കാര്യക്ഷമമാക്കി.

വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 180 മെഗാവാട്ട് അധിക ജലവൈദ്യുത ഉല്‍പാദന ശേഷി  നേടി. 2016 മുതല്‍ 2024  വരെ കെ.എസ്.ഇ.ബി ലിമിറ്റഡ് വൈദ്യുതി ഉല്‍പാദനത്തിന് 2942 കോടി രൂപയുടെ നിക്ഷേപം നടത്തി. പവര്‍ പര്‍ച്ചേസ് ചെലവ് കുറച്ചും ആഭ്യന്തര ജലവൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചും 2024-25 ല്‍ 571 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടി.

പുനരുപയോഗ ഊര്‍ജ സ്രോതസ് 1988 മെഗാവാട്ടായി ഉയര്‍ത്തി.  പി.എം. സൂര്യഘര്‍ പദ്ധതിയിലൂടെ 1,57,000 പുരപ്പുറങ്ങളില്‍ സോളാര്‍ നിലയങ്ങള്‍ സ്ഥാപിച്ചു. ഉപഭോക്താക്കള്‍ക്ക് 1117 കോടി രൂപയുടെ കേന്ദ്ര സബ്സിഡി ലഭിച്ചു.

പകല്‍ കൂടുതലായി ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജ വൈദ്യുതി സംഭരിച്ച് ‘പീക്ക്’ സമയങ്ങളില്‍ വൈദ്യുതി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കി. 500 മെഗാവാട്ട് ശേഷിയും 1500 മെഗാവാട്ട് അവര്‍ സംഭരണ ശേഷിയുള്ള അഞ്ച് പദ്ധതി അടുത്ത വര്‍ഷം പ്രവര്‍ത്തനസജ്ജമാകും.  സംസ്ഥാനത്തെ വനാന്തരങ്ങളില്‍ താമസിക്കുന്ന എല്ലാ ആദിവാസി ഗോത്ര മേഖലകളിലും വൈദ്യുതി എത്തിക്കും. 102 ആദിവാസി ഉന്നതികളില്‍ 43 എണ്ണം ഗ്രിഡ് വഴിയും 40 എണ്ണം ഓഫ് ഗ്രിഡ് സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് വഴിയും വൈദ്യുതീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കുന്നന്താനം കിന്‍ഫ്രയിലെ വൈദ്യുതി പോരായ്മ പരിഹരിക്കുന്നതിനൊപ്പം പ്രദേശത്തെ ജനങ്ങള്‍ക്കും അനുഗ്രഹമാണ് പദ്ധതിയെന്ന് അധ്യക്ഷന്‍ മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. തിരുവല്ല മല്ലപ്പള്ളി റോഡ് റീടാറിങ്ങിനായി അഞ്ച് കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.  തിരുവല്ല – മല്ലപ്പള്ളി – ചേലകൊമ്പ് റോഡില്‍ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുത്ത് ആധുനികനിലവാരത്തില്‍ റോഡ് നിര്‍മിക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്നും എം എല്‍ എ പറഞ്ഞു. ആന്റോ ആന്റണി എം പി മുഖ്യാതിഥിയായി.

17 കോടി രൂപയുടെ പദ്ധതിയില്‍ 5.95 കോടി രൂപ മുടക്കി 5 എംവിഎ ശേഷിയുള്ള രണ്ട് 33/11 കെവി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ച് 11 കെവി യില്‍ വൈദ്യുതി വിതരണം സാധ്യമാക്കും. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം 110 കെ.വി. സബ്സ്റ്റേഷനില്‍ 4.7 കോടി രൂപ മുടക്കി 16 എംവിഎ ശേഷിയുള്ള 110/33 കെവി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച്  കുന്നന്താനത്തേക്ക് 6.35 കോടി രൂപ മുടക്കി എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ 33 കെവി കവേര്‍ഡ് കണ്ടക്ടര്‍ ലൈന്‍ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കുന്നന്താനം കിന്‍ഫ്ര പാര്‍ക്ക് ഉള്‍പ്പെടെ  പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും തടസമില്ലാത്ത വൈദ്യുതി ഉറപ്പാകും. സമീപ പ്രദേശങ്ങളായ വായ്പൂര്‍, വെണ്ണിക്കുളം, മല്ലപ്പള്ളി, പായിപ്പാട് എന്നിവിടങ്ങളിലെ ഗാര്‍ഹിക, വ്യാപാര, വ്യവസായിക  ഉപഭോക്താക്കള്‍ക്ക് കൃത്യമായ വോള്‍ട്ടേജ് നിലവാരത്തില്‍ തടസരഹിതമായ വൈദ്യുതി കിട്ടും.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. മധുസൂദനന്‍ നായര്‍, അംഗം സ്മിത വിജയരാജന്‍,  കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേറ്റര്‍ എസ് ശിവദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെഎസ്ഇബി ലിമിറ്റഡ് പ്രസരണ വിഭാഗം ദക്ഷിണ മേഖല ചീഫ് എഞ്ചിനീയര്‍ ഡേവിഡ്‌സണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.