മലയാളദിനം-ഭരണഭാഷാ വാരാഘോഷം : വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

Spread the love

 

ഭരണഭാഷാ വാരഘോഷത്തിന്റെ ഭാഗമായി വിവരപൊതുജന വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പ്രശ്‌നോത്തരി, തര്‍ജമ മത്സര വിജയികള്‍ക്കുള്ള സമ്മാനവും പ്രശസ്തിപത്രവും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേംബറില്‍ വിതരണം ചെയ്തു.

പ്രശ്‌നോത്തരിയില്‍ ആദ്യ സ്ഥാനത്ത് എത്തിയ ജില്ല ചരക്ക് സേവന നികുതി വകുപ്പ് ഓഫീസിലെ ബി എന്‍ ഷിബിന്‍, എ കെ അരവിന്ദകൃഷ്ണന്‍, രണ്ടാം സ്ഥാനം നേടിയ കലക്ടറേറ്റ് റവന്യൂ വകുപ്പിലെ ആര്‍ ആര്യ, എസ് അഭിറാം, മൂന്നാം സ്ഥാനം സ്വന്തമാക്കിയ സഹകരണ ഓഡിറ്റ് വകുപ്പിലെ കെ പി അശ്വതി, അഞ്ജു രാജ് എന്നിവര്‍ക്കും തര്‍ജമ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ റവന്യൂ വകുപ്പിലെ വി പി മായ, സോണി സാംസണ്‍ ഡാനിയേല്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ പുരസ്‌കാരം സമ്മാനിച്ചു.

ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാര ജേതാവായ റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്ക് സോണി സാംസണ്‍ ഡാനിയലിനും ജില്ലാ കലക്ടര്‍ പുരസ്‌കാരം നല്‍കി. മലയാള ഭാഷ, സംസ്‌കാരം, ചരിത്രം വിഷയങ്ങളിലായിരുന്നു പ്രശ്‌നോത്തരി. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തലയാണ് പ്രശ്‌നോത്തരി നയിച്ചത്. കാതോലിക്കേറ്റ് കോളജ് മുന്‍ പ്രൊഫസര്‍ മാലൂര്‍ മുരളീധരന്‍ തര്‍ജമ മത്സരത്തിന് നേതൃത്വം നല്‍കി. എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍, അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.