പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/11/2025 )

Spread the love

PHOTO;Yahiya H. Pathanamthitta 

 

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന്

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് രാവിലെ 11.30 ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. നെടുമ്പ്രം പുത്തന്‍കാവ് ദേവസ്വം സദ്യാലയത്തില്‍ പൊതുസമ്മേളനം നടക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും.

സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ച പഞ്ചായത്ത് സ്റ്റേഡിയം ശിലാസ്ഥാപനം, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്ള വടശേരില്‍പടി- നാലൊന്നില്‍പടി റോഡ്, ശ്മശാനം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

 

ക്വട്ടേഷന്‍

ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപയോഗയോഗ്യമല്ലാത്ത സാധന സാമഗ്രികള്‍ വില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 11 വൈകിട്ട് 3.30 വരെ. ഫോണ്‍ : 0468 2214639, 2212219.

 

തെളിവെടുപ്പ് യോഗം

വന മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നത് സംബന്ധിച്ച തെളിവെടുപ്പ് യോഗം നവംബര്‍ 13 രാവിലെ 11ന് പുനലൂര്‍ പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍ : 0468 2222234, 8547655259.

 

 

ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഇ/ബി/റ്റി വിഭാഗത്തില്‍ നിന്ന് നിശ്ചിത യോഗ്യതുളളവരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി നവംബര്‍ 11 പകല്‍ 12 ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയിലെത്തണം.

യോഗ്യത : എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എഞ്ചിനീയറിംഗ് കോളേജ് /സര്‍വകലാശാലയില്‍ നിന്ന് ബി.വോക് /ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

അല്ലെങ്കില്‍

എ.ഐ.സി.ടി.ഇ/ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് മൂന്നു വര്‍ഷത്തെ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ. അല്ലെങ്കില്‍ ഡി.ജി.ടിയില്‍ നിന്ന് അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
അല്ലെങ്കില്‍  ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും. ഫോണ്‍ : 04792953150, 04792452210.

 

 

അടൂരില്‍ സര്‍ദാര്‍@150 പദയാത്ര സംഘടിപ്പിച്ചു

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150 ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് ആഭിമുഖ്യത്തില്‍ ”സര്‍ദാര്‍@150 ഏകതാ പദയാത്ര” അടൂരില്‍ സംഘടിപ്പിച്ചു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം സന്ദേശവുമായി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചിന്ത ഹൃദയങ്ങളിലേക്ക് എത്തിക്കുവാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

അടൂര്‍ റവന്യൂ ടവറില്‍ നിന്ന് അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മഹേഷ് കുമാര്‍ കെ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. അടൂര്‍ ഹോളി ക്രോസ് ഹോസ്പിറ്റല്‍, ഹൈസ്‌കൂള്‍ ജംഗ്ഷനിലൂടെ മാര്‍ത്തോമാ യൂത്ത് സെന്ററില്‍ പദയാത്ര അവസാനിച്ചു. മാര്‍ത്തോമാ യൂത്ത് സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ മേരാ യുവ ഭാരത് ജില്ല യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍, മാര്‍ ക്രിസോസ്റ്റം കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ എല്‍ ആര്‍ ശ്രീകല , വി എച്ച് എസ് സി എന്‍ എസ് എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ലത പി ചന്ദ്രന്‍ , വടക്കടത്ത്കാവ് വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ റാണി ഷംസ്, അടൂര്‍ പോളിടെക്‌നിക്ക് എന്‍ എസ് എസ് ഓഫീസര്‍ അനു ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

 

കോന്നി ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്തു

കോന്നി ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. ഓരോ പ്രദേശത്തെയും ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജലബജറ്റ്. ലഭ്യമായ ജലം ശാസ്ത്രീയമായും കാര്യക്ഷമമായും ഉപയോഗിക്കാനും വിതരണം നടത്താനും ജലസുരക്ഷാ പ്ലാനുകള്‍ രൂപീകരിക്കുന്നതിന് ജലബജറ്റ് സഹായിക്കും. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി അധ്യക്ഷന്‍ തോമസ് കാലായില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍ രഞ്ജു എന്നിവര്‍ പങ്കെടുത്തു.

 

ക്വട്ടേഷന്‍

ശബരിമല മണ്ഡല വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാസവാടകയ്ക്ക് ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള നാല് വാഹനങ്ങള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം എസി സൗകര്യമുള്ള ഏഴു സീറ്റുകള്‍ ഉള്ളതും 2012 ന് ശേഷമുളള മോഡലും ആയിരിക്കണം. അവസാന തീയതി നവംബര്‍ 12 വൈകിട്ട് മൂന്നു വരെ. ഫോണ്‍ : 04682 222515.

 

 

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം:98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്

ദേശീയ ഗുണനിലവാര മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന സ്‌കോറോടെ പത്തനംതിട്ട കുളനട കുടുംബാരോഗ്യ കേന്ദ്രം. 98.64 ശതമാനം സ്‌കോറോടെയാണ് കുളനട കുടുംബാരോഗ്യ കേന്ദ്രം നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം നേടിയത്. എന്‍ക്യുഎഎസ് മാനദണ്ഡപ്രകാരം എല്ലാ ചെക്ക് ലിസ്റ്റുകളിലും മികച്ച മുന്നേറ്റം നടത്താന്‍ കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന് സാധിച്ചു.

ഈ സര്‍ക്കാരിന്റെ കാലത്ത് കുളനട കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് എന്‍ക്യു എഎസ് സര്‍ട്ടിഫിക്കേഷന്‍. 69 ലക്ഷം രൂപ ചെലവഴിച്ചാണ് കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്. വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപയും സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 2600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തില്‍ വെയ്റ്റിംഗ് ഏരിയ, ഒപി റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, പ്രീ ചെക്ക് റൂം, ഡ്രസിങ് റൂം, നിരീക്ഷണ മുറി, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, നഴ്‌സിംഗ് സ്റ്റേഷന്‍, ഇന്‍ജക്ഷന്‍ റൂം, സെര്‍വര്‍ റും, ടോയ്‌ലറ്റ് എന്നിവയുണ്ട്.

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് ഒപി. ജീവിതശൈലീരോഗ നിര്‍ണയ ക്ലിനിക്, ശ്വാസ്, ആശ്വാസ് ക്ലിനിക്, വയോജന ക്ലിനിക്, പാലിയേറ്റീവ് കെയര്‍ ഒപി, ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്, പ്രതിരോധ കുത്തിവയ്പ്, എല്ലാ ദിവസവും ലാബിന്റെ സേവനം, മാസത്തില്‍ രണ്ട്, നാല് ചൊവാഴ്ചകളില്‍ കണ്ണിന്റെ ഒപി എന്നീ സേവനങ്ങള്‍ ലഭിക്കും. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കുളനട കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചത്.

2023- 24 സാമ്പത്തിക വര്‍ഷത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേനെ കുളനട മെയിന്‍ സെന്റര്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 55 ലക്ഷം രൂപ കൂടി അനുവദിച്ചു. 2024- 25 വര്‍ഷത്തെ വര്‍ഷത്തെ ജില്ലാതല കായകല്‍പ്പ് പുരസ്‌കാരവും കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു.

സംസ്ഥാനത്തെ ആകെ 278 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ ഒമ്പത് ജില്ലാ ആശുപത്രികള്‍, എട്ട് താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 170 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 30 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുണ്ട്.