2 വാഹനാപകടങ്ങളിലായി 2 വിദ്യാർത്ഥികൾക്കും നഴ്സിനും ദാരുണാന്ത്യം

Spread the love

 

കൊച്ചി ഇടപ്പള്ളിയിലും ആലുവ അമ്പാട്ടുകാവിലുമായി രണ്ടു വാഹനാപകടങ്ങളിൽ മൂന്നു മരണം. ഇടപ്പള്ളിയിൽ കാർ മെട്രോപില്ലറിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. ആലുവ അമ്പാട്ടുകാവിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചായിരുന്നു കാൽനടയാത്രക്കാരിയുടെ മരണം. പുലർച്ചെ മൂന്നേമുക്കാലിനായിരുന്നു ഇടപ്പള്ളിയിലെ കാർ അപകടം. ആലുവ ഭാഗത്തുനിന്ന് വന്ന കാർ ബാരിക്കേഡിൽ ഇടിച്ചുകയറി നിയന്ത്രണം വിട്ടകാർ മെട്രോപില്ലറിലും ഇടിച്ചു. ആലപ്പുഴ ചേർത്തല സ്വദേശികളായ നാലു വിദ്യാർഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.മുന്നിലും പിന്നിലും ഇടതുവശത്തിരുന്ന ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്.

ഇടിയുടെ ശക്തിയിൽ കാറിന്‍റെ ഒരു ഭാഗം പൂർണമായും തകർന്നു. കാർ അമിത വേഗതയിലായതോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ക്ഷേത്ര ദർശനത്തിന് പോകും വഴി റോഡ് മുറിച്ചുകടക്കുമ്പോഴാണ് അമ്പാട്ടുകാവിൽ കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ചത്. മരിച്ച ബിജിമോൾ ആലുവ ലക്ഷ്മി ആശുപത്രിയിലെ നഴ്സുമാണ്.