തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം സംബന്ധിച്ചും സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹരിക്കുന്നതിനും ജില്ലാതലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു.
ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചെയര്‍പേഴ്സണും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം കണ്‍വീനറും ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് രൂപീകരിച്ചത്.
പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ സമിതി പരിഹാരം കാണുകയും കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഏതെങ്കിലും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്റെ ഇടപെടല്‍ ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് നല്‍കും. രണ്ട് ദിവസത്തിലൊരിക്കല്‍ ജില്ലാ മോണിറ്ററിങ് സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിയന്തര പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളില്‍ ഉടന്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കും.