ശബരിമല തീര്‍ഥാടനകാല മുന്നൊരുക്കം പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. 80 കാര്‍ഡിയോളജിസ്റ്റുകള്‍ ഉള്‍പ്പെടെ 386 ഡോക്ടര്‍മാരേയും 1394 പാരാമെഡിക്കല്‍ ജീവനക്കാരെയും തീര്‍ഥാടന ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാര്‍ക്കും സിപിആര്‍ ഉള്‍പ്പടെയുള്ള അടിയന്തര ചികിത്സാ പരിശീലനം നല്‍കിയിട്ടുണ്ട്.
ആന്റിവെനം ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളും ലഭ്യമാക്കി. ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോഗിംഗ്, സ്പ്രേയിംഗ് തുടങ്ങിയ പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി.
തീര്‍ഥാടകര്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് നല്‍കുന്ന നിര്‍ദേശം അടങ്ങുന്ന ബോര്‍ഡുകള്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇടത്താവളങ്ങളുടെ സമീപവും സ്ഥാപിച്ചു. തീര്‍ഥാടകര്‍ എത്താന്‍ സാധ്യതയുള്ള ഹോട്ടലുകളും മറ്റ് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളും പരിശോധിച്ചു വൃത്തിഹീനമായവ അടച്ചുപൂട്ടി.
ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തി. വകുപ്പ് നല്‍കുന്ന നിര്‍ദേശം തീര്‍ഥാടകര്‍ പാലിക്കണമെന്നും സാവധാനം വിശ്രമിച്ച് മലകയറണം. അടിയന്തര ആവശ്യങ്ങള്‍ക്ക് ആംബുലന്‍സുകള്‍ വിന്യസിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായെന്നും നിലവിലെ ചികിത്സാ സംവിധാനത്തിന് പുറമെ 22 എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ സജ്ജമാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.