ശബരിമല മണ്ഡല-മകരവിളക്കുമായി ബന്ധപ്പെട്ടു സംയോജിത കണ്‍ട്രോള്‍ റൂം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. വിവിധ വകുപ്പുകളെ എകോപിപ്പിച്ചായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം.
ഭക്ഷ്യ പൊതുവിതരണം, സര്‍വേ ഭൂരേഖ, തദ്ദേശസ്വയംഭരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം എന്നീ വകുപ്പുകളില്‍ നിന്നും സാനിറ്റേഷന്‍/സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാനിറ്റേഷന്‍ മോണിറ്ററിങ് ഓഫീസര്‍മാരെയും അളവ് വില നിയന്ത്രണം, വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് എന്നിവ ഉറപ്പുവരുത്തുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശബരിമല ജോയിന്റ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് സ്‌ക്വാഡുകളിലേക്കുള്ള ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുള്ള തീര്‍ത്ഥാടന പാതയുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതകളില്‍ അനധികൃത വഴിയോരകച്ചവടം നടത്തുന്നതും നിരോധിച്ചു.
ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കും. ളാഹ മുതല്‍ സന്നിധാനം വരെ തീര്‍ത്ഥാടന പാതയില്‍ ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചുവയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിരോധിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ വശങ്ങളിലും നിലയ്ക്കിലും മറ്റു പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപവും വാഹനങ്ങളിലും പാചകം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ളാഹ മുതല്‍ സന്നിധാനം വരെ ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറിന്റെ എണ്ണം അഞ്ചായി നിജപ്പെടുത്തി.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് ഏകീകൃത ശബരി വെബ്പോര്‍ട്ടലുണ്ടാകും. www.sabriportaldepta.in വെബ് വിലാസത്തിലുള്ള പോര്‍ട്ടലില്‍ ആരോഗ്യം, ദുരന്ത നിവാരണം, മുന്നറിയിപ്പ്, ഭക്തജനത്തിരക്ക്, വാഹന അപകടം, ശുചീകരണം, തുടങ്ങിയവ ഒരു പ്ലാറ്റ്ഫോമില്‍ ക്രമീകരിച്ചിട്ടുണ്ട്.
സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളിലായി മൂന്ന് താല്‍കാലിക പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക കണ്‍ടോള്‍ റൂം, ഏകോപനത്തിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ 24 മണിക്കൂറും പോലിസ് കണ്ടടോള്‍ റൂം പ്രവര്‍ത്തിക്കും.
പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 3000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള അനധികൃത കച്ചവടം, ഭിക്ഷാടനം എന്നിവ നിയന്ത്രിക്കുന്നതിന് 24 മണിക്കൂറും പട്രോളിംങ് ഏര്‍പ്പെടുത്തും. ശബരിമല എഡിഎം ആയി അരുണ്‍ എസ് നായര്‍ പ്രവര്‍ത്തിക്കും.
ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷമി, അഡീഷണല്‍ എസ് പി പി.വി ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.