മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു

Spread the love

 

konnivartha.com; മനസ്സില്‍ ഭക്തിയും ശരീരത്തില്‍ വ്രതവും അനുഷ്ടിക്കുന്ന മണ്ഡല കാലം വന്നു . പതിനെട്ടു മലകളെ സാക്ഷി നിര്‍ത്തി ശബരിമല പൊന്നമ്പല നട തുറന്നു .ശരണം വിളികളുടെ മാറ്റൊലിയില്‍ ശബരിമല പൂങ്കാവനം ഭക്തിയുടെ ശംഖൊലി മുഴക്കി . മണിനാദം ഉയര്‍ന്നു .

കാനനത്തില്‍ ഇനി തീര്‍ഥാടകരുടെ അറുപതു ദിനം . ശബരിമലയില്‍ അയ്യപ്പ സ്വാമിയുടെ ശരണ മന്ത്രം . തീര്‍ഥാടകരെ കൊണ്ട് ശരണ വഴികള്‍ നിറയും .പമ്പയും നീലിമലയും സന്നിധാനവും എല്ലാം ഇനി അയ്യപ്പ മന്ത്രാക്ഷരികളില്‍ നിറയും .

മണ്ഡല മകരവിളക്കു തീർഥാടനത്തിനു തുടക്കം കുറിച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ സ്ഥാനം ഒഴിയുന്ന മേൽശാന്തി അരുൺകുമാർ നമ്പൂതിരി വൈകിട്ട് 5ന് തിരുനട തുറന്നു.ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു.മാളികപ്പുറം ക്ഷേത്രം തുറക്കാനായി മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി .

പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. അതിനു ശേഷം ഭക്തർക്കായി പതിനെട്ടാംപടിയുടെ വാതിൽ തുറന്നു. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പതിനെട്ടാംപടി കയറിയത്.ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദിനെ (47) ശബരിമലയിലും കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി.മനു നമ്പൂതിരിയെ (47) മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി അവരോധിച്ചു.

സോപാനത്തു വിളക്കുവച്ചു ശ്രീകോവിലിൽ നിന്നു ദീപം പകർന്നു. തുടർന്നു കളംവരച്ചു കലശങ്ങൾ വച്ചു. തന്ത്രിയുടെ കാർമികത്വത്തിൽ ഒറ്റക്കലശം പൂജിച്ചു.നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദിനെ പീഠത്തിൽ ഇരുത്തി തന്ത്രി അഭിഷേകം ചെയ്തു. തുടർന്നു കൈപിടിച്ചു ശ്രീകോവിലിൽ കൊണ്ടുപോയി അയ്യപ്പസ്വാമിയുടെ മൂലമന്ത്രം ചൊല്ലിക്കൊടുത്തു.

മാളികപ്പുറത്തെ സോപാനത്തിൽ തന്ത്രിയുടെ കാർമികത്വത്തിൽ കലശംപൂജിച്ച് എം.ജി.മനു നമ്പൂതിരിയെ നമ്പൂതിരിയെ അഭിഷേകം ചെയ്തു. അവിടെയും ശ്രീകോവിലിൽ കൊണ്ടുപോയി മാളികപ്പുറത്തമ്മയുടെ മൂലമന്ത്രം പറഞ്ഞുകൊടുത്തു .വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണു ശ്രീകോവിൽ നട തുറക്കുന്നത്.