അന്തർദേശീയ കിഴങ്ങുവിള സിംപോസിയത്തിന് തുടക്കം

Spread the love

 

konnivartha.com; കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐസിഎആർ– കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ), ഇന്റർനാഷണൽ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ റൂട്ട് ക്രോപ്സ് (ISTRC) ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വച്ച് മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന സിംപോസിയത്തിന്റെ ഇരുപതാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ICAR ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ (ഹോർട്ടികൾച്ചറൽ സയൻസസ്) ഡോ. സഞ്ജയ് കുമാർ സിംഗ് നിർവഹിച്ചു. ആഗോള കാർഷിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും നേരിടുന്നതിൽ ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗങ്ങളുടെ നിർണായക പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആഹാര-പോഷക സുരക്ഷ ഉറപ്പാക്കുന്നതിലും സംരംഭകത്വ വികസനത്തെ പിന്തുണയ്ക്കുന്നതിലും ഈ വിളകൾ വഹിക്കുന്ന പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ISTRC പ്രസിഡന്റും നൈജീരിയ NSPRI എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രൊ. ലതീഫ് ഒ. സന്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ISTRC യുടെ ദൌത്യം വിശദീകരിച്ച അദ്ദേഹം ഉപ സഹാറൻ ആഫ്രിക്കയിലെ പ്രധാന ഭക്ഷണം എന്ന നിലയിൽ കിഴങ്ങുവർഗ്ഗങ്ങളും വാഴയും വഹിക്കുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടി. ISRC പ്രസിഡന്റും തിരുവനന്തപുരം ICAR-CTCRI ഡയറക്ടറുമായ ഡോ. ജി. ബൈജു സ്വാഗതം ആശംസിച്ചു. ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗങ്ങളുടെ ഉല്പാദന വർധനയും മൂല്യ ശൃംഖല വികസനവും വഴി ആഗോള ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താനുള്ള രാജ്യാന്തര പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

വിശിഷ്ടാതിഥികളായ ഡോ. ആർ. സെൽവരാജൻ (ഡയറക്ടർ, ICAR-നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന, തിരുച്ചിറപ്പള്ളി), ഡോ. ഹ്യൂഗോ കാംപോസ് (ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ഇന്റർനാഷണൽ പൊട്ടറ്റോ സെന്റർ, പെറു), പ്രൊ. മൈക്കൽ അബ്ബർട്ടൺ (ഡയറക്ടർ, IITA, വെസ്റ്റ് ആഫ്രിക്ക), പ്രൊ. ആൻഡ്രൂ വെസ്റ്റ്‌ബി (ഡെപ്യൂട്ടി വൈസ് ചാൻസലർ, റിസർച്ച് ആൻഡ് നോളഡ്ജ് എക്സ്ചേഞ്ച്, ഗ്രീൻവിച്ച് സർവകലാശാല, യു.കെ.), ഡോ. ജാൻ ഡബ്ല്യു. ലോ (വേൾഡ് ഫുഡ് പ്രൈസ് നേടിയ ശാസ്ത്രജ്ഞ, കെനിയ) എന്നിവർ ആശയങ്ങൾ പങ്കുവെച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ ICAR-CTCRI പ്രിൻസിപ്പൽ സയന്റിസ്റ്റും ക്രോപ്പ് യൂട്ടിലൈസേഷൻ വിഭാഗത്തിൻ്റെ SIC യും ആയ ഡോ. എ. എൻ. ജ്യോതി ISRC ഫെല്ലോ 2025 പുരസ്കാരം ഏറ്റുവാങ്ങി. ജേർണൽ ഓഫ് റൂട്ട് ക്രോപ്പ്സിൽ പ്രസിദ്ധീകരിച്ച മികച്ച ഗവേഷണ പ്രബന്ധങ്ങൾക്ക് ഡോ. എ. എബ്രഹാം അവാർഡ് ജിനി മോൾക്കും ഡോ. എം. നെടുംചെഴിയാനും സമ്മാനിച്ചു. ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗങ്ങളെ ആസ്‌പദമാക്കി തയ്യാറാക്കിയ കേരള കർഷകൻ (ഇ-ജേർണൽ) ന്റെ പ്രത്യേക പതിപ്പും പ്രകാശനം ചെയ്തു.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഈ സിംപോസിയത്തിൽ നിരവധി മുഖ്യ പ്രഭാഷണങ്ങളും, അവതരണങ്ങളും നടക്കും. നവംബർ 20-ന് കിഴങ്ങുവിള മൂല്യ ശൃംഖലയുയുടെ വിവിധ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായികൾ, സംരംഭകർ, കർഷകർ തുടങ്ങിയവരുമായുള്ള വിശദമായ വിഷയാവതരണങ്ങളും തുടർന്നുള്ള ചർച്ചയും സിറ്റിസിആർഐ സന്ദർശനവും സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിൻറെ ആറു ഭൂഖണ്ഡങ്ങളിൽ നിന്നായി 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 90-ലധികം അന്താരാഷ്ട്ര പ്രതിനിധികളും ഇന്ത്യയിൽ നിന്നുള്ള ഇരുന്നൂറിലധികം പ്രതിനിധികളും പങ്കെടുക്കുന്നു. നവംബർ 21 വരെ നടക്കുന്ന പരിപാടി ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സുമായി ചേർന്ന് (ISRC) സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. 2006-ൽ 14-ാം പതിപ്പിന് ആതിഥേയത്വം വഹിച്ചതിനു ശേഷം ഇന്ത്യ രണ്ടാം തവണയാണ് ഈ സിംപോസിയം സംഘടിപ്പിക്കുന്നത്.