പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്ശനനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്സുകളുണ്ട്. ഒരേ സമയം 500-600 ആളുകള്‍ക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്സില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ ഫലപ്രദമായി ഉപയോഗിക്കണം.
ക്യൂ കോംപ്ലക്സിലെ സൗകര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അനൗണ്‍സ്മെന്റ് നടത്തും. ഇവിടെ ഏകോപനത്തിനായി കോ ഓര്‍ഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്പോട്ട് ബുക്കിംഗിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന് നിലയ്ക്കലില്‍ ഏഴ് സ്പോട്ട് ബുക്കിംഗ് ബൂത്തുകള്‍ അധികമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്പോട്ട് ബുക്കിംഗ് ബൂത്തുകള്‍ക്ക് പുറമേയാണിത്.
തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണത്തിനായി 200 പേരെ അധികമായി നിയോഗിച്ചു. ഇതിലൂടെ വരിയില്‍ നില്ക്കുന്ന എല്ലാവര്ക്കും കുടിവെള്ളവും ബിസ്കറ്റും ഉറപ്പാക്കും. ശുചിമുറികള്‍ കൃത്യമായി വൃത്തിയാക്കുന്നതിന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.