പള്ളിക്കെട്ട് ശബരിമലയ്ക്ക്…അയ്യന് സംഗീത വിരുന്നൊരുക്കി ഗോകുല്‍ദാസും സംഘവും
വീരമണിയുടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന ഗാനം നാദസ്വരത്തിലൂടെ സന്നിധാനത്ത് വീണ്ടും അലയടിച്ചപ്പോള്‍ അയ്യനെകാണാന്‍ മലകയറിയ ക്ഷീണം മറന്ന് ആസ്വദിച്ച് തീര്‍ഥാടകര്‍. കോട്ടയം നെടുംകുന്നം സ്വദേശി ഗോകുല്‍ദാസും സംഘവുമാണ് അയ്യന് സംഗീത വിരുന്നൊരുക്കിയത്. ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയുള്ള നാദസംഗമം ഫ്യൂഷന്‍ ഷോയാണ് ഇവര്‍ വലിയനടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചത്. അദ്യമായാണ് ശബരിമലയില്‍ ഗാനാര്‍ച്ചന നടത്തുന്നതെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായെന്നും ഗോകുല്‍ദാസ് പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് നീണ്ടൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ 12 മണിക്കൂര്‍ തുടര്‍ച്ചായി നാദസ്വരം വായിച്ച് ഗോകുല്‍ദാസ് ശ്രദ്ധ നേടിയിട്ടുണ്ട്. നിലവില്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനാണ്. അച്ഛന് നെടുംകുന്നം മോഹന്‍ദാസാണ് ആദ്യഗുരു. ഗോകുല്‍ദാസിനോടൊപ്പം സന്തോഷ് തോട്ടക്കാട് (തവില്‍), സതീഷ് കൃഷ്ണ റാന്നി (വയലിന്), രമേശ് വണ്ടാനം (കീബോര്‍ഡ്), വികാസ് വി.അടൂര്‍ (തബല), സൂരജ് ബാബു ആറന്മുള (ധോലക്ക്) എന്നിവരും ഗാനാര്‍ച്ചനയില്‍ ഭാഗമായി.

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി തിളപ്പിച്ച ചുക്കുവെള്ളവും ബിസ്ക്കറ്റും
അയ്യനെ കാണാന്‍ മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാണ് ദേവസ്വം ബോര്‍ഡ് 24 മണിക്കൂറും വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്ക്കറ്റും. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് പമ്പ മുതല്‍ സന്നിധാനം വരെ സുലഭമായി ചെറുചൂടോടെയുള്ള കുടിവെള്ളവും ബിസ്ക്കറ്റും ആവശ്യാനുസരണം നല്കുന്നു.
നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍, മാളികപ്പുറം, പാണ്ടിത്താവളം,ചരല്‍മേട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ള വിതരണമുണ്ട്. പമ്പയിലും ശരംകുത്തിയിലുമാണ് ചുക്കുവെള്ളം തയ്യാറാക്കുന്നത്. പമ്പയില്‍ സാധാരണപോലെ തിളപ്പിച്ചും ശരംകുത്തിയില്‍ ബോയിലര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചുമാണ് കുടിവെള്ളം തയ്യാറാക്കുന്നത്. ശരംകുത്തിയില്‍ നിന്ന് ശബരിപീഠം, നടപ്പന്തല്‍എന്നിവടങ്ങളിലേക്ക് പൈപ്പിലൂടെയാണ് കുടിവെള്ളംവിതരണത്തിനായി എത്തുന്നത്.
10 ലക്ഷം ബിസ്ക്കറ്റും ഇതിനോടകം വിതരണം ചെയ്തതായും ആവശ്യത്തിന്ബിസ്കറ്റ് പാക്കറ്റുകള്‍ കരുതിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വരിയില്‍ നില്ക്കുന്നവരുടെ അടുത്ത് ഇവ കൃത്യമായി എത്തിക്കുന്നുണ്ട്.
സന്നിധാനത്ത് കുടിവെള്ള വിതരണത്തിനായി 200ലധികം ടാപ്പുകളുമുണ്ട്. തീര്‍ഥാടകര്‍ക്ക് ഇവയില്‍ നിന്ന് വെള്ളം ശേഖരിക്കാം. ഇതോടൊപ്പം വലിയ നടപ്പന്തലില്‍ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ബോട്ടിലില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. നീലിമലമുതല്‍ പാണ്ടിത്താവളം വരെ മാത്രം കുടിവെള്ള വിതരണത്തിനായി 480 പേരെ തുടക്കത്തില്‍ നിയോഗിച്ചിരുന്നു. ഭക്തരുടെ തിരക്ക് കൂടിയതിനെ തുടര്‍ന്ന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു
മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സഹായത്തിനും പ്രചാരണത്തിനുമായി ഇന്‍ഫര്‍മേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിര്‍വഹിച്ചു. ചടങ്ങില്‍ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു,
അഡ്വ. പി ഡി സന്തോഷ് കുമാർ, ഐ പി ആർ ഡി അസിസ്റ്റൻ്റ് എഡിറ്റർ രാഹുൽ പ്രസാദ്, അസി. ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ, ശബരിമല പി.ആര്.ഒ. ജി.എസ്. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

ദേവസ്വം ബോർഡ് ഡയറി പ്രകാശനം ചെയ്തു
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ 2026 വർഷത്തെ ഡയറി പ്രകാശനം ചെയ്തു. സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറാണ് ഓഫീസ് ഡയറി പ്ര കാശനം ചെയ്തത്. ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി ഡി സന്തോഷ് കുമാർ, ശബരിമല സ്പെഷ്യൽ കമ്മിഷണർ ജസ്റ്റീസ് ആർ ജയകൃഷ്ണൻ, ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി, ദേവസ്വം കമ്മിഷണർ ബി സുനിൽ കുമാർ, ദേവസ്വം സാംസ്ക്കാരിക-പുരാവസ്തു വിഭാഗം ഡയറക്ടർ പി ദിലീപ് കുമാർ, പിആർഒ ജി എസ് അരുൺ തുടങ്ങിയവരും പങ്കെടുത്തു.
കട്ടിയുള്ള പുറംചട്ടയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഡയറിയിൽ ശബരിമലയുടേയും മറ്റ് പ്രധാന ക്ഷേത്രങ്ങളുടേയും ആചാരങ്ങൾ, ചടങ്ങുകൾ എന്നിവയുടെ കളർ ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പറ്റിയുള്ള വിശദമായ വിവരങ്ങൾ, ബോർഡിൻ്റെ പരിധയിലുള്ള ക്ഷേത്രങ്ങൾ, ദക്ഷി ണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങൾ, ഫോൺ നമ്പറുകൾ, ക്ഷേത്ര ഐതീഹ്യങ്ങൾ, വിവിധ ഭാഷകളിൽ ശരണമന്ത്രം, ശബരിമല വിശേഷ ദിവസങ്ങൾ തുടങ്ങിയവ ഡയറിയിലുണ്ട്. 220 രൂപ വിലയുള്ള ഓഫീസ് ഡയറിയോടൊപ്പം 80 രൂപ വിലയുള്ള പോക്കറ്റ് ഡയറി, 300 രൂപ വിലയുള്ള വിഐപി ഡയറി എന്നിവയും ഉടൻ വിൽപനക്കെത്തും. സന്നിധാനം, പമ്പ ദേവസ്വം ബുക്ക് സ്റ്റാളുകളോടൊപ്പം മറ്റ് സ്ഥലങ്ങളിലെ ദേവസ്വം ബുക്ക് സ്റ്റാളിലും ഡയറി ലഭിക്കും.

കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ :നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം
അയ്യപ്പഭക്തർക്ക് സുഗമമായ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസ് നടത്തുന്നത്.നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം ഭക്തരുടെ തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. 202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത് എന്ന് കെ.എസ്. ആർ. ടി. സി പമ്പ സ്പെഷ്യൽ ഓഫീസർ റോയി ജേക്കബ് പറഞ്ഞു. ലോ ഫ്ലോർ എ.സി, ലോ ഫ്ലോർ നോൺ എ.സി. ബസുകൾ ഉൾപ്പെടെയാണിത്.
248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്. ഇതിൽ തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട് . അതോടൊപ്പം ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്.
നിലയ്ക്കൽ- പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്.പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കെ.എസ്.ആർ.ടി.സി. നിയോഗിച്ചിട്ടുണ്ട്.
പമ്പ സ്റ്റാൻഡിൽ ബസുകളുടെ അറ്റകുറ്റ പണികൾക്കായി മെക്കാനിക് ഗാരേജ് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന വർക്ക്ഷോപ്പ് പമ്പ , നിലയ്ക്കൽ, പ്ലാപ്പള്ളി, പെരുനാട് എന്നിവടങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. പമ്പയിൽ കെ.എസ്. ആർ. ടി. സി ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പമ്പ കെ.എസ്. ആർ. ടി. സി ഫോൺ നമ്പർ: 9497024092.

അയ്യന്റെ പൂങ്കാവനത്തെ പുണ്യമാക്കി ‘വിശുദ്ധി സേന’
മാലിന്യ നിർമാർജനത്തിൽ മാതൃകയാകുകയാണ് ശബരിമല. ദിവസവും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ ചുക്കാന്‍ പിടിക്കുന്നത് 24 മണിക്കൂറും സേവനസന്നദ്ധരായി നിൽക്കുന്ന ആയിരത്തോളം വിശുദ്ധി സേനാംഗങ്ങളാണ്.
പത്തനംതിട്ട ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്.
ശബരിമലയിലെ ഏതൊരു ഭാഗത്തും നീല യൂണിഫോമില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രായഭേദമെന്യ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിശുദ്ധിസേനയെ കാണുവാൻ സാധിക്കും.
സന്നിധാനത്ത് മാത്രം 300 പേരാണ് ശുചീകരണത്തിനായുള്ളത്. പമ്പയിൽ 220, നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 430, പന്തളത്ത് 20, കുളനട 10 എന്നിങ്ങനെയാണ് ഇവരെ വിന്യസിച്ചിരിക്കുന്നത് എന്ന് സേനയുടെ ചുമതല വഹിക്കുന്ന ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ പറഞ്ഞു.
തങ്ങൾക്ക് നല്‍കിയിരിക്കുന്ന സ്ഥലങ്ങളിലെ മാലിന്യം ട്രാക്ടറിൽ ശേഖരിക്കുന്ന ഈ സംഘങ്ങള്‍ക്ക് അയ്യപ്പസ്വാമിയുടേയും പൂങ്കാവനത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഇതിനായി 24 ട്രാക്ടറുകൾ ഉണ്ട്. ശേഖരിച്ച മാലിന്യം ഓരോ സ്ഥലത്തും മാലിന്യ സംസ്കരണത്തിനായി തയ്യാറാക്കിയിട്ടുള്ള ഇൻസിനറേറ്ററുകളിലേക്ക് കൈമാറും.
സന്നിധാനത്ത് 15 ഇടങ്ങളിലായിട്ടാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ഓരോ ഇടത്തും സൂപ്പർവൈസറും ഉണ്ടാകുമെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടർ എസ് സനിൽകുമാർ അറിയിച്ചു.
വിശുദ്ധി സേനയ്ക്ക് താമസസൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡാണ് ഒരുക്കുന്നത് . ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സേലം സ്വദേശികളാണ്.

ശബരിമലയിൽ ഇതുവരെ എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ
മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേർ. വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് ( വൃശ്ചികം 1) 98,915 പേരും നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് അയ്യനെ കണ്ടു മടങ്ങിയത്.
പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കും :
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍
പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്ശനനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്സുകളുണ്ട്. ഒരേ സമയം 500-600 ആളുകള്‍ക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്സില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ ഫലപ്രദമായി ഉപയോഗിക്കണം.
ക്യൂ കോംപ്ലക്സിലെ സൗകര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അനൗണ്‍സ്മെന്റ് നടത്തും. ഇവിടെ ഏകോപനത്തിനായി കോ ഓര്‍ഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്പോട്ട് ബുക്കിംഗിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന് നിലയ്ക്കലില്‍ ഏഴ് സ്പോട്ട് ബുക്കിംഗ് ബൂത്തുകള്‍ അധികമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്പോട്ട് ബുക്കിംഗ് ബൂത്തുകള്‍ക്ക് പുറമേയാണിത്. തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണത്തിനായി 200 പേരെ അധികമായി നിയോഗിച്ചു. ഇതിലൂടെ വരിയില്‍ നില്ക്കുന്ന എല്ലാവര്ക്കും കുടിവെള്ളവും ബിസ്കറ്റും ഉറപ്പാക്കും. ശുചിമുറികള്‍ കൃത്യമായി വൃത്തിയാക്കുന്നതിന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.