കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ (സിഎസ്ഐആർ-എൻഐഐഎസ്ടി) “ഫേസ് ടു ഫെയ്സ് വിത്ത് എസ് & ടി ലീഡേഴ്സ്” സംരംഭത്തിന് തുടക്കമായി.
ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥയെ നയിക്കുന്ന ദീർഘവീക്ഷണമുള്ള ശാസ്ത്ര സാങ്കേതിക നേതാക്കളുമായി സംഭാഷണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള സംവാദ പരമ്പരയാണിത്. പരമ്പരയുടെ ആദ്യ സെഷൻ കേന്ദ്ര ബയോടെക്നോളജി വകുപ്പ് (ഡിബിടി) സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ ഉദ്ഘാടനം ചെയ്തു.
വ്യാവസായിക, വൈദ്യുതീകരണ, ഡിജിറ്റൈസേഷൻ വിപ്ലവങ്ങൾക്ക് ശേഷം ജൈവവൽക്കരണമെന്ന നാലാമത്തെ പ്രധാന വിപ്ലവത്തിലേക്ക് ലോകം ഇപ്പോൾ പ്രവേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സ്ഥാപനങ്ങൾ പ്രസക്തി നിലനിർത്താൻ, ഉയർന്നുവരുന്ന ദേശീയ, ആഗോള ആവശ്യങ്ങൾ പ്രത്യേകിച്ച് ആരോഗ്യ ബയോ, പരിസ്ഥിതി ബയോ എന്നിവയിൽ നിറവേറ്റുന്നതിനായി, , അവരുടെ ലക്ഷ്യങ്ങൾ പുനർനിർവചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യുവതലമുറ കൂടുതൽ ആത്മവിശ്വാസമുള്ളവരും ശാസ്ത്രീയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറുള്ളവരുമാണെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിൽ ശാസ്ത്ര സമൂഹം കൂടുതൽ അഭിലാഷമുള്ളവരായിരിക്കണമെന്നും ഡോ.ഗോഖലെ ആഹ്വാനം ചെയ്തു.
ബയോടെക്‌നോളജി, ബയോ മാനുഫാക്ചറിംഗ്, മെഡിക്കൽ സാങ്കേതികവിദ്യകൾ എന്നിവയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഡോ. ഗോഖലെ പറഞ്ഞു. നവീകരണം ത്വരിതപ്പെടുത്തുന്നതിനായി ബയോഫൗണ്ടറികൾ സ്ഥാപിക്കുന്നതിനായി ഡിബിടി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡിബിടിയുടെ വിവിധ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സംസ്ഥാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം നിലനിൽക്കുന്നുണ്ടെന്നും ഡോ.ഗോഖലെ അഭിപ്രായപ്പെട്ടു.സിഎസ്‌ഐആർ-എൻഐഐഎസ്‌ടിയിൽ പുതുതായി സ്ഥാപിച്ച അഗ്രിവോൾട്ടെയ്‌ക് ഫെസിലിറ്റിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പുനരുപയോഗ ഊർജ്ജ ഉൽപാദനത്തെ സുസ്ഥിര കാർഷിക രീതികളുമായി സംയോജിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അത്യാധുനിക പ്ലാറ്റ്‌ഫോമാണിത്. ഊർജ്ജ-കാർഷിക സംയോജനത്തിൽ ഗവേഷണം, പ്രദർശനം, സാങ്കേതിക വികസനം എന്നിവയ്‌ക്ക് ഈ സൗകര്യം ഒരു മാതൃകയായി വർത്തിക്കും. സിഎസ്ഐആർ-എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.