തദ്ദേശ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/11/2025 )

Spread the love

 

തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നടപടി സ്വീകരിക്കാനും ജില്ല, താലൂക്ക്തലങ്ങളില്‍ ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു.
തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ റ്റി ബിനുരാജ്, തിരുവല്ല ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു ഗോപാലകൃഷ്ണന്‍, തിരുവല്ല താലൂക്ക് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് പി പ്രകാശ്, തിരുവല്ല ലേബര്‍ ഓഫീസ് ഒഎ ആര്‍ രാഹുല്‍, ചിറ്റാര്‍ പോലിസ് സ്റ്റേഷന്‍ സിപിഒ സച്ചിന്‍ എന്നിവരാണ് ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡിലുള്ളത്. തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി, അടൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളില്‍ ആറഗംങ്ങളടങ്ങിയ താലൂക്ക്തല ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡുമുണ്ട്.

നോട്ടീസ്, ബാനര്‍, ബോര്‍ഡ്, പോസ്റ്റര്‍, ചുവരെഴുത്ത്, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗം, മീറ്റിംഗ്, തുടങ്ങിയ പ്രചാരണ പരിപാടിയുടെ നിയമസാധുത സ്‌ക്വാഡ് പരിശോധിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. പൊതുജനം അറിയിക്കുന്ന പരാതി പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കുക, സ്ഥാനാര്‍ഥികള്‍ നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനം സ്ഥാപിക്കുന്നതും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം പാലിക്കുന്നത് പരിശോധിച്ച് ചട്ടലംഘനങ്ങള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതല. ജില്ലാതലത്തിലുള്ള ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് താലൂക്ക്തല പ്രവര്‍ത്തനം അവലോകനം ചെയ്ത് മാര്‍ഗനിര്‍ദേശം നല്‍കും.
ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് നമ്പര്‍ (തിരുവല്ല സബ് കലക്ടര്‍) : 0469 2601202, 9447114902

തദേശതിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകന്‍ ചുമതലയേറ്റു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പൊതു നിരീക്ഷകനായി കില ഡയറക്ടര്‍ എ നിസാമുദ്ദീന്‍ ചുമതലയേറ്റു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണനുമായി കലക്ടറേറ്റ് ചേംബറില്‍ പൊതു നിരീക്ഷകന്‍ കൂടിക്കാഴ്ച നടത്തി. ടൂറിസം അതിഥി മന്ദിരമാണ് നിരീക്ഷകന്റെ പ്രവര്‍ത്തന കാര്യാലയം. രാവിലെ 10 മുതല്‍ 11.30 വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം. ഫോണ്‍ : 9447183200.

നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ന്

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ന് നടക്കും.
ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും.

സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ഥിയുടേയും പത്രിക പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും.നാമനിര്‍ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാര്‍ഥിക്ക് 21 വയസ് പൂര്‍ത്തിയാകണം.

നവംബര്‍ 21 വൈകിട്ട് മൂന്ന് വരെ ലഭിച്ച എല്ലാ നാമനിര്‍ദേശപത്രികയും ഓരോന്നായി സൂക്ഷ്മപരിശോധന നടത്തും. ഒരു സ്ഥാനാര്‍ഥിയോ അഥവാ സ്ഥാനാര്‍ഥിക്കു വേണ്ടിയോ ഒന്നിലധികം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചാകും സൂക്ഷ്മപരിശോധന.

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികയും സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടികയും റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ന് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണും. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബര്‍ 18 ന് പൂര്‍ത്തിയാകും.

പന്തളം നഗരസഭ: സൂക്ഷ്മപരിശോധന പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍

പന്തളം നഗരസഭ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിന് ലഭിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുമെന്ന് പന്തളം നഗരസഭാ റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം:എന്യൂമറേഷന്‍ ഫോം ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
നവംബര്‍ 23 വരെ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്യൂമറേഷന്‍ ഫോം ശേഖരണ കേന്ദ്രങ്ങള്‍ നവംബര്‍ 23 വരെ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. എന്യൂമറേഷന്‍ ഫോമുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നവംബര്‍ 24 മുതല്‍ 25 വരെ ഡിജിറ്റൈസേഷന്‍ നടപടിക്കായിരിക്കും മുന്‍ഗണനയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഫോം നവംബര്‍ 25 നകം ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതിനാല്‍ വോട്ടര്‍മാര്‍ ബി.എല്‍.ഒ മാരുമായി സഹകരിച്ച് നവംബര്‍ 23 ന് തന്നെ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് തിരികെ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് സംശയനിവാരണത്തിനും സഹായത്തിനും ബി.എല്‍.ഒ, കണ്‍ട്രോള്‍ റൂം, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിനെയും ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂം ഫോണ്‍: 0468 2224256

Related posts