തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീന് തയ്യാറായി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീന് തയ്യാറായതായി ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു. ജില്ലയില്‍ 2,180 കണ്ട്രോള് യൂണിറ്റും 6,184 ബാലറ്റ് യൂണിറ്റുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.
ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് നവംബര്‍ 29, 30 ഡിസംബര്‍ 1 തീയതികളില്‍ കലക്ടറേറ്റ് പരിസരത്തെ ഇലക്ഷന് വെയര്‍ഹൗസ് സ്ട്രോംഗ് റൂമില്‍ നിന്ന് വിതരണം ചെയ്യും. നവംബര്‍ 29 ന് രാവിലെ 9.30 ന് പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെയും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെയും വോട്ടിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് നിര്‍വഹിക്കും. നവംബര്‍ 30 ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂര്‍ ബ്ലോക്കിലെയും ഡിസംബര്‍ ഒന്നിന് പന്തളം, റാന്നി, പറക്കോട് ബ്ലോക്കിലെയും വോട്ടിംഗ് മെഷീന് വിതരണം ചെയ്യും.
ഡിസംബര്‍ മൂന്ന് മുതല്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് സജ്ജമാക്കും. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം വിതരണകേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മറ്റ് പോളിങ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യും.
പൊതുതിരഞ്ഞെടുപ്പിന് മള്‍ട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുക. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കണ്ട്രോള് യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിംഗ് കംപാര്‍ട്ട്മെന്റില്‍ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളില്‍ ഒന്നു വീതം കണ്ട്രോള് യൂണിറ്റും ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.
ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15 ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാര്‍ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക.
പോസ്റ്റല്‍ ബാലറ്റ്: ത്രിതലപഞ്ചായത്തിലേക്ക് മൂന്ന് അപേക്ഷ വേണം
ത്രിതല പഞ്ചായത്തുകളിലേക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള മൂന്ന് അപേക്ഷയും പൂരിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പ് സഹിതം ഒറ്റ കവറില്‍ സമ്മതിദായകന്റെ പേര് ഉള്‍പ്പെടുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ ഏതു വരണാധികാരിക്കും നല്‍കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു.
നഗരസഭയില്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിക്കുന്നവര്‍ സമ്മതിദായകന്റെ പേര് ഉള്‍പ്പെടുന്ന വാര്‍ഡിന്റെ ചുമതലയുള്ള വരണാധികാരിക്ക് അപേക്ഷ നല്‍കണം. ഒരു അപേക്ഷ നല്കിയാല് മതിയാകും. അപേക്ഷയില്‍ സമ്മതിദായകന്റെ പേരും പോസ്റ്റല്‍ മേല്‍വിലാസവും വോട്ടര്‍ പട്ടികയുടെ ക്രമനമ്പരും ഭാഗം (വിഭാഗം) നമ്പരും കൃത്യമായും രേഖപ്പെടുത്തണം.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പോസ്റ്റല്‍ ബാലറ്റ് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയും ഗ്രാമപഞ്ചായത്തിന്റെ ബാലറ്റ് ഗ്രാമപഞ്ചായത്ത് വരണാധികാരിയുമാണ് സമ്മതിദായകര്‍ക്ക് അയക്കുക. ഈ വരണാധികാരികള്‍ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് പേപ്പറും രേഖയും കവറും ഒന്നിച്ചായിരിക്കും അയക്കുക.
പരിശീലന കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ലഭിച്ചതും ലഭിക്കുന്നതുമായ വോട്ടര്‍മാരുടെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് കൈമാറി തുടര്‍നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്കി.
വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിന് മുമ്പ് വരണാധികാരിക്ക് കിട്ടത്തക്കവിധം സമയക്രമീകരണം വരുത്തി വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് അയക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
ഡമ്മി ബാലറ്റില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ പേരോ ചിഹ്നമോ പാടില്ല
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥികളോ രാഷ്ട്രീയകക്ഷികളോ ഡമ്മി ബാലറ്റ് യൂണിറ്റും ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോള്‍ നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് നിര്‍ദേശിച്ചു.
യഥാര്‍ഥ ബാലറ്റ് യൂണിറ്റിന്റെ പകുതി വലുപ്പമുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റ് യൂണിറ്റ് ഉപയോഗിക്കാം. എന്നാല്‍ യഥാര്‍ഥ ബാലറ്റ് യൂണിറ്റിന്റെ നിറത്തിലാകുവാന്‍ പാടില്ല.
പ്രചരണത്തിനായി ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിലും തടസമില്ല. എന്നാല്‍ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല. പിങ്ക്, വെള്ള, നീല എന്നീ നിറങ്ങളൊഴിച്ച് തവിട്ട്, മഞ്ഞ, പച്ച എന്നിങ്ങനെ ഏതു നിറത്തിലും ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാം.
ഒരു സ്ഥാനാര്‍ഥി ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുമ്പോള്‍ അതില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ പേരോ ചിഹ്നമോ ഉണ്ടാകരുത്. തന്റെ പേര്, ബാലറ്റ് പേപ്പറില്‍ എവിടെ വരുന്നുവെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവും ഡമ്മി ബാലറ്റ് പേപ്പറില്‍ അച്ചടിക്കാം. മുഴുവന്‍ സ്ഥാനാര്‍ഥികളുടേയും ക്രമനമ്പറും ഡമ്മി ബാലറ്റ് പേപ്പറില്‍ അച്ചടിക്കാം.
ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡ്: 1,183 പ്രചാരണ സാമഗ്രി നീക്കം ചെയ്തു
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 1,183 പ്രചരണ സാമഗ്രി നീക്കം ചെയ്തു. വിവിധ രാഷ്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച ബാനര്‍, ഫ്ളക്സ്, പോസ്റ്റര്‍, ഫ്ളാഗ് ഉള്‍പ്പെടെയാണ് നീക്കം ചെയ്തത്.
അടൂര്‍ 270 പോസ്റ്ററും കോന്നി 58 പോസ്റ്ററും 17 ഫ്ളക്സും കോഴഞ്ചേരിയില്‍ 93 പോസ്റ്ററും 30 ഫ്ളക്സും തിരുവല്ലയില്‍ 368 പോസ്റ്ററും 59 ബോര്‍ഡും മല്ലപ്പള്ളി 32 പോസ്റ്റര്‍, നാല് ഫ്ളക്സും റാന്നി 194 പോസ്റ്ററും 28 ഫ്ളക്സും 30 ഫ്ളാഗും നീക്കം ചെയ്തു. കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി ലഭിച്ച രണ്ടു പരാതിയും പരിഹരിച്ചു. നീക്കം ചെയ്തവയില് 1,015 പോസ്റ്ററും 79 ഫ്ളക്സും 59 ബോര്‍ഡും ഉള്‍പ്പെടും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടി നിയമപരമാണോ എന്ന് പരിശോധിക്കുകയാണ് സ്ക്വാഡിന്റെ ചുമതല. പ്രചാരണ പരിപാടിയുടെ നിയമ സാധുത സ്ക്വാഡ് പരിശോധിക്കും. നിയമപരമല്ലാത്ത പ്രചാരണ പരിപാടി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ സ്ക്വാഡ് നിര്‍ദേശം നല്‍കും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസ്, ബാനര്‍, ചുവരെഴുത്ത്, പോസ്റ്റര്‍, ബോര്‍ഡ് എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് തദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയില്‍പ്പെടുത്തി സ്ക്വാഡ് നടപടി സ്വീകരിക്കും.
ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് നമ്പര്‍ : 0469 2601202
അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കണം
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുയിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച തദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും അല്ലാതെയുമുളള ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കയശേഷം ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ചെലവും പിഴയും ഈടാക്കുമെന്നും വിവരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ചുമതലയുളള പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
