
സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
കോന്നി വാര്‍ത്ത ഡോട്ട് കോം : എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മേഖലയ്ക്ക് ഒപ്പം തന്നെ സ്വകാര്യ മേഖലയിലും കോവിഡ് ചികിത്സ ലഭ്യമാക്കണം. സര്‍ക്കാര്‍ നിര്‍ദേശിച്ച നിരക്കില്‍ സ്വകാര്യ മേഖലയിലും ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോന്നി നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, മറ്റ് ജനപ്രതിനിധികള്‍, റവന്യൂ-ആരോഗ്യവകുപ്പ് – പോലീസ് – പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
പഞ്ചായത്ത് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ ആരംഭിച്ചത് കൂടുതല്‍ കാര്യക്ഷമമാക്കും. കണ്ട്രോള് റൂമിന്റെ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ജനങ്ങള്‍ക്ക് എല്ലാവിധ സഹായവും ഉറപ്പാക്കും. ഓരോ കണ്ട്രോള് റൂമിനും അഞ്ച് ഫോണ്‍ നമ്പര്‍ വീതമുണ്ടാകും. പഞ്ചായത്ത് തലത്തില്‍ ആംബുലന്‍സ് സൗകര്യവും, കാബിന് തിരിച്ച അഞ്ച് വാഹനങ്ങളും സജ്ജമാക്കും. പഞ്ചായത്ത് പ്രദേശത്ത് താമസക്കാരായ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലിസ്റ്റ് തയാറാക്കും.
എല്ലാ വാര്‍ഡിലും വാര്‍ഡ്തല ജാഗ്രതാ സമിതി രൂപീകരിച്ചത് കൂടുതല്‍ സജീവമാക്കും. വാര്‍ഡ് മെമ്പര്‍, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശാ വര്‍ക്കര്‍, അംഗന്‍വാടി വര്‍ക്കര്‍, വിരമിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്നിവര്‍ അടങ്ങുന്നതാണ് വാര്‍ഡ്തല ജാഗ്രതാ സമിതി. വയോജനങ്ങളുടെയും, കിടപ്പു രോഗികളുടെയും ലിസ്റ്റ് തയാറാക്കി അവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കും. രോഗികള്‍ക്ക് മരുന്നും, ഭക്ഷണവും എത്തിച്ചു നല്‍കും. പ്രൈമറി കോണ്ടാക്ട് ലിസ്റ്റും സമിതി തയാറാക്കും. വാര്‍ഡിലെ താമസക്കാരെ ഉള്‍പ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും. എല്ലാ ആഴ്ചയും അവലോകന യോഗം വാര്‍ഡ് തലത്തില്‍ ചേരണം.
ഡിസിസികളും സിഎഫ്എല്‍റ്റിസികളും ഇനിയും പ്രവര്‍ത്തനം ആരംഭിക്കാത്ത പഞ്ചായത്തുകളില്‍ ഉടന്‍ തുടങ്ങണം. പഞ്ചായത്ത് തലത്തില്‍ സജ്ജമാക്കിയിട്ടുള്ള വോളന്റിയര്‍മാരുടെ ലിസ്റ്റ് ബന്ധപ്പെട്ട പോലീസ് എസ്എച്ച്ഒമാര്‍ക്ക് കൈമാറണം.
സ്ഥലപരിമിതി മൂലം കോന്നി താലൂക്ക് ആശുപത്രിയിലെ വാക്സിനേഷന് സമീപത്തുള്ള മറ്റേതെങ്കിലും കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ആവശ്യമായ ആന്റിജന്‍ ടെസ്റ്റ് കിറ്റ് ഉടന്‍ ലഭ്യമാക്കണം.
രോഗം സ്ഥിരീകരിച്ചവര്‍ക്ക് മരുന്ന്, ഭക്ഷണം തുടങ്ങിയുള്ള സഹായങ്ങള്‍ വോളന്റിയര്‍മാര്‍ വഴി എത്തിച്ചു നല്‍കണം. ഡ്രൈവര്‍മാര്‍ ഇല്ലാത്ത എല്ലാ ആംബുലന്‍സുകള്‍ക്കും മേയ് 11 നു തന്നെ താല്കാലിക ഡ്രൈവര്‍മാരെ പഞ്ചായത്ത് തീരുമാനിച്ച് നല്‍കണം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ തന്നെ പഞ്ചായത്തുകള്‍ നിയമിക്കണം. ജനകീയഹോട്ടലോ, കമ്മ്യൂണിറ്റി കിച്ചണോ എത്രയും വേഗം ആരംഭിച്ച് ഭക്ഷണം എത്തിക്കാന്‍ നടപടി സ്വീകരിക്കണം.
അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണം.
എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കോന്നി നിയോജക മണ്ഡലതല ഏകോപനം നടത്തുന്ന ഡപ്യൂട്ടി കളക്ടര്‍ ബീനാ റാണി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, തഹസില്‍ദാര്‍ കെ.എസ്. നസിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിജി സജി, ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ബൈജുകുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോബി.ടി. ഈശോ, സജി കുളത്തുങ്കല്‍, കുട്ടപ്പന്, സുലേഖ. വി. നായര്‍, ഷീലകുമാരി, ചന്ദ്രിക സുനില്‍, എന്‍.നവനിത്, മോഹനന് നായര്‍, രേഷ്മ മറിയം റോയ്, ടി.വി. പുഷ്പവല്ലി, രാജഗോപാല്‍, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രേസ് മറിയം ജോര്‍ജ്, മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് എസ്എച്ച്ഒമാര്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.