ആംബുലന്‍സ് സൗകര്യം മുതല്‍ ആശുപത്രി ബെഡ് വരെയുള്ള സേവനം ലഭിക്കും

Spread the love

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം
കൂടുതല്‍ ശക്തമാക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും ഇതിനായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ യോഗം ചേരണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ലോക്ക് ഡൗണ്‍ കാലയളവില്‍ വിവിധയിടങ്ങളില്‍ ബാങ്കില്‍ പോകുന്നതിനായി ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു കണ്ടെത്തണം. ആവശ്യമായ നിയന്ത്രണം കൊണ്ടുവരണം. ഗ്രാമ പഞ്ചായത്തുകള്‍ ഓരോ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയാല്‍ മതിയാകും. ഇതിനുപുറമേ സിഎഫ്എല്‍ടിസിയുടെ ആവശ്യമില്ല. എല്ലാ ഗ്രാമ പഞ്ചായത്തുകളിലേയും ഹെല്‍പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

നിലവില്‍ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിനേഷന്‍ കേന്ദ്രം അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആവശ്യപ്പെട്ടു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതായി വാഹന സൗകര്യം ഒരുക്കണമെന്നും കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയമിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാരെ അതത് ബ്ലോക്കുകളില്‍ തന്നെ നിയമിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, തഹസീല്‍ദാര്‍മാര്‍, ആര്‍ടിഒ, ഡിഎഫ്ഒ, ഡിഡിപി തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് ബാധിതര്‍ക്ക് എന്ത് ആവശ്യത്തിനും
ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം

ആംബുലന്‍സ് സൗകര്യം മുതല്‍ ആശുപത്രി ബെഡ് വരെയുള്ള സേവനം ലഭിക്കും

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയുന്നതിനും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം. കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല ഡോ. നിരണ്‍ ബാബുവിനാണ്. രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് ജീവനക്കാര്‍ കോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്.
കോവിഡ് ബാധിതര്‍ക്ക് ആശുപത്രി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ കിടക്കകള്‍ ആവശ്യം വരുന്ന സാഹചര്യങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ആശാ പ്രവര്‍ത്തകരുടെ സേവനം, ചികിത്സ, വാക്സിനേഷന്‍ വിവരങ്ങള്‍, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങള്‍, ആംബുലന്‍സ് സേവനം തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമിലൂടെ അറിയാന്‍ സാധിക്കും.
ഗൃഹചികിത്സയിലുള്ള രോഗികള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയിലേക്കു മാറേണ്ട സാഹചര്യം ഉണ്ടായാലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കാവുന്നതാണ്. മേയ് ആദ്യ ആഴ്ച്ചയില്‍ തന്നെ 1500 ഓളം ഫോണ്‍ കോളുകള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 0468 2228220, 0468 2322515.
ഓക്‌സിജന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ഓക്‌സിജന്‍ വാര്‍ റൂമിലേക്കും വിളിക്കാം. ഫോണ്‍: 8547715558