റാന്നി പൊന്തന്‍പുഴ പെരുമ്പെട്ടിയിലെ കൈവശഭൂമിക്ക് പട്ടയം; നടപടിക്ക് വേഗമേറുന്നു

Spread the love

 

 

പെരുമ്പെട്ടിയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കും: മന്ത്രി കെ. രാജന്‍

കോന്നി വാര്‍ത്ത ഡോട്ട് കോം :പെരുമ്പെട്ടിയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. നിയമസഭയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 

2018 ല്‍ കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കണമെന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് വനം, റവന്യു വകുപ്പുകള്‍ സംയുക്തമായി പ്രശ്നം ഉന്നയിക്കുന്ന സ്ഥലത്തിന്റെ 85 ശതമാനവും സര്‍വേ നടത്തി. 1958ലെ നോട്ടിഫിക്കേഷന്‍ പ്രകാരം റീ സര്‍വേ നടത്തി 2019 മാര്‍ച്ച് ആറിന് ഇറങ്ങിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലം വനഭൂമിയുടെ ജെണ്ടയ്ക്ക് പുറത്താണ് എന്ന് കണ്ടെത്തിയതാണ്.

 

സര്‍വേ നടത്താതെ അവശേഷിക്കുന്ന 12 ശതമാനം സ്ഥലം ജനങ്ങളുടെ കൈവശഭൂമി അല്ല. രണ്ട് റിസര്‍വ് ഫോറസ്റ്റുകളുടെ ഇടയിലൂടെ പോകുന്ന റോഡുകളുടെ കല്ലുകളാണ്.

വനംവകുപ്പ് ഇപ്പോള്‍ പറയുന്നത് 1958 നോട്ടിഫിക്കേഷന്‍ പ്രകാരം ഉള്ള സ്‌കെച്ച് ലഭ്യമാക്കണം എന്നാണ്. എന്നാല്‍, അത് ഇതുവരെ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഡിപ്പാര്‍ട്ട്മെന്റ് ആണ് ഇത്തരത്തിലുള്ള സ്‌കെച്ച് ലഭ്യമാക്കേണ്ടത്. രണ്ടുവര്‍ഷമായി ഇത് ലഭ്യമാകാത്ത സാഹചര്യത്തില്‍ റീസര്‍വേയുടേയും 1958 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം ഉള്ള അതിര്‍ത്തി വിവരണത്തിന്റേയും അടിസ്ഥാനത്തില്‍ സര്‍വേ പൂര്‍ത്തീകരിച്ചു ജനങ്ങളുടെ ഭൂമിയെ സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കി പട്ടയം അടിയന്തരമായി നല്‍കണമെന്ന് എംഎല്‍എ ആവശ്യം ഉന്നയിച്ചു.

പെരുമ്പെട്ടിയിലെ കൈവശ കര്‍ഷകരുടെ ഭൂമി വനഭൂമിക്ക് പുറത്താണെന്ന ഡിഎഫ് ഒയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1963 ലെ ഭൂമി പതിവ് ചട്ടം പ്രകാരം പട്ടയം നിയമാനുസൃതം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ശേഷിക്കുന്ന സ്ഥലത്തിന്റെ സര്‍വേ നടപടികള്‍ കോഴിക്കോട് ജില്ലയിലെ മിനി സര്‍വേ ടീമിനെ നിയോഗിച്ചു പൂര്‍ത്തീകരിക്കാന്‍ വനം -റവന്യു വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് ഇപ്പോള്‍ പട്ടയ ഫയലുകള്‍ പൂര്‍ത്തീകരിച്ച 508 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതാണെന്ന് മന്ത്രി ഉറപ്പു നല്‍കി.

error: Content is protected !!