കോന്നി ഫിഷ് പദ്ധതിയിലൂടെ 500 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് തൊഴിൽ ലഭ്യമാക്കും

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിൽ ആധുനിക മത്സ്യ-മാംസ വിപണന കേന്ദ്രം സ്ഥാപിക്കും:ഫിഷറീസ് മന്ത്രി സജി ചെറിയാൻ

‘കോന്നി ഫിഷ്’ പദ്ധതിയിലൂടെ കോന്നി നിയോജക മണ്ഡലത്തിലെ അഞ്ഞൂറ് പട്ടികവർഗ്ഗ കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് വീതം തൊഴിൽ നല്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആനത്തോട് ഡാമിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉൾനാടൻ ജലാശയങ്ങളിൽ പരമാവധി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും.
എവിടെയൊക്കെ ജലം ലഭ്യമാണോ അവിടെയെല്ലാം മത്സ്യകൃഷി എന്നതാണ് സർക്കാരിൻ്റെ നയം. കോന്നി ഫിഷ് പദ്ധതിയിലൂടെ പ്രത്യക്ഷമായി തൊഴിൽ ലഭിക്കുന്നതിൻ്റെ ഇരട്ടിയിലധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും.

ആനത്തോട് ഡാമിനൊപ്പം മറ്റു ഡാമുകളിലും പദ്ധതി വ്യാപിപ്പിക്കും.കോന്നിയിലെ റിസർവോയറുകളിലെ മത്സ്യ കൂടിൻ്റെ എണ്ണം അഞ്ഞൂറായി ഉയർത്തും. ജലസംഭരണികളിലെ കൂട് മത്സ്യ കൃഷിയിലൂടെ 80 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള അത്യന്താധുനിക മത്സ്യ-മാംസ വിപണന കേന്ദ്രം കോന്നി നിയോജക മണ്ഡലത്തിൽ അനുവദിക്കുമെന്നും, കോന്നി ഫിഷ് വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മത്സ്യഫെഡ് സഹായങ്ങൾ നല്കുമെന്നും മന്ത്രി പറഞ്ഞു.

കോന്നി നിയോജക മണ്ഡലത്തിലെ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ശാക്തീകരണം മുൻനിർത്തിയും, കോന്നിയിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പിലാക്കുന്ന കോന്നി ഫിഷ് പദ്ധതിയുടെ ആനത്തോട് ഡാമിൻ്റെ റിസർവോയറിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യ കൂടുകളിൽ ബോട്ടിലെത്തിയ മന്ത്രി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

കോന്നി നിയോജക മണ്ഡലത്തിലെ കക്കി, ആനത്തോട് ഡാമുകളുടെ പരിസരത്ത് താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 100 തൊഴിലാളികളെയാണ് ആദ്യഘട്ടത്തിൽ ഇതിൻ്റെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഫിഷറീസ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ജലകൃഷി വികസന ഏജൻസി (അഡാക്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുകയാണ്.
ആനത്തോട് ഡാം റിസർവോയറിൻ്റെ മധ്യഭാഗത്തായി 100 മത്സ്യ കൂടാണ് സ്ഥാപിച്ചിട്ടുള്ളത്.നാല് കോടി രൂപയാണ് പദ്ധതി ചെലവ്. ഓരോ കൂടിനും 6 മീറ്റർ നീളവും, 4 മീറ്റർ വീതിയും, നാല് മീറ്റർ താഴ്ചയും ഉണ്ടാകും.ഹൈ ഡെൻസിറ്റി പോളി എഥിലീൻ ഉപയോഗിച്ചാണ് കൂട് നിർമ്മിച്ചിരിക്കുന്നത്.

ബംഗളുരു ആസ്ഥാനമായുള്ള ആർ.വി.ആർ എന്ന കമ്പനിയാണ് കൂടുകളുടെ നിർമ്മാണം കരാറെടുത്ത് പൂർത്തിയാക്കിയത്.
തദ്ദേശീയ മത്സ്യങ്ങളെയാണ് മത്സ്യ കൂട്ടിൽ വളർത്തുക.അനബാസ് വിഭാഗത്തിൽ പെട്ട കരിമീൻ ഉൾപ്പടെയുള്ള മത്സ്യങ്ങളാണ് ഇപ്പോൾ നിക്ഷേപിച്ചത്.ഒരു കൂട്ടിൽ 3000 മുതൽ 4000 വരെ മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക.
വിളവെടുക്കുന്ന മത്സ്യം കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മത്സ്യഫെഡ് സഹായത്തോടെ സ്ഥാപിക്കുന്ന കേന്ദ്രങ്ങളിലൂടെയായിരിക്കും വിപണനം നടത്തുക.
കൂടുകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു മുതൽ അതിൻ്റെ പരിപാലനത്തിൽ ഏർപ്പെടുന്ന പട്ടികവർഗ്ഗ തൊഴിലാളികൾക്ക് പ്രതിദിനം 400 രൂപ വീതം കൂലി ലഭിക്കും. മത്സ്യവിപണനത്തിലൂടെ ലഭിക്കുന്ന ലാഭവും പട്ടികവർഗ്ഗ കുടുംബങ്ങൾക്കായിരിക്കും.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ,റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്.ഗോപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോബി.ടി. ഈശോ, ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്,ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ പി.കെ.ജയകുമാർ ശർമ്മ, കെ.എൻ.ശ്യാം മോഹൻ ലാൽ, കെ.എസ്.ഇ.ബി ഡാം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജഹാൻ, ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസർ എസ്.എസ്.സുധീർ, ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്.സുജ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ
ശ്രീലജ അനിൽ, അംഗങ്ങളായ രാധാ ശശി, ഗംഗമ്മ മുനിയാണ്ടി, അഡാക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: ദിനേശൻ ചെറുവാട്ട്, സി.ശ്രീകുമാർ ,എസ്. പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!