Trending Now

ആസാദി കാ അമൃത് മഹോത്സവ്: തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ക്ക് നിയമ ബോധവത്കരണം നല്‍കി

Spread the love

 

 

സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് നിയമ ബോധവത്കരണം നല്‍കി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍വഹിച്ചു.

ലീഗല്‍ സര്‍വീസ് അതോറിറ്റിയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധാരാളം ആളുകള്‍ക്ക് സൗജന്യമായി നിയമസേവനം ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്നും ഈ മേഖലയില്‍ ജൂനിയര്‍ അഡ്വക്കേറ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും ജസ്റ്റിസ് പറഞ്ഞു. സാധാരണക്കാര്‍ക്ക് ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിയമ അവബോധം നല്‍കുകയാണ് ഇത്തരം ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് നവംബര്‍ 14ന് അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു.

 

ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഭാഷണം നടത്തി. ജില്ലാ ബാര്‍ അസോസിയേഷന്‍ അംഗം അഡ്വ. കമലാസനന്‍ നായര്‍ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് പഞ്ചായത്തീരാജ്, മുന്‍സിപാലിറ്റി ആക്ട് എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.

ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ കെ.ആര്‍. മധുകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.വി. ജ്യോതിരാജ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദേവന്‍ കെ. മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!