
ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് വിതരണത്തിന് ജില്ലയില്‍ തുടക്കമായി
കോന്നി വാര്‍ത്ത ഡോട്ട് കോം : കുഞ്ഞുങ്ങള്‍ക്കുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് (പി.സി.വി) പത്തനംതിട്ട ജില്ലയില്‍ നല്കി തുടങ്ങി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് അഡ്വ.സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ് അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, ആര്.സി.എച്ച് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനക്കല്‍, ആര്.എം.ഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, എം.സി.എച്ച് ഓഫീസര്‍ എം.എസ് ഷീല, പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
എന്താണ് ന്യൂമോകോക്കല്‍ ന്യുമോണിയ?
കുട്ടികളില്‍ ഉണ്ടാകുന്ന ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യൂമോകോക്കല്‍ ന്യുമോണിയ. ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടാനും വീക്കത്തിനും ഇതു കാരണമാകുന്നു. ഓക്സിജന്‍ ഉള്ളിലേക്ക് എടുക്കുന്നതിന്റെ അളവ് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ലക്ഷണങ്ങള്‍.
പി.സി.വി കുത്തിവയ്പ്പ് കുട്ടികളില്‍ ന്യൂമോകോക്കല്‍ രോഗത്തേയും തന്മൂലമുള്ള മരണത്തേയും തടയും. കുഞ്ഞുങ്ങള്‍ക്ക് ആറ് ആഴ്ച പ്രായമുള്ളപ്പോള്‍ ആദ്യ ഡോസും 14 ആഴ്ചയില്‍ രണ്ടാം ഡോസും നല്കുന്നു. തുടര്‍ന്ന് ഒന്‍പത് മാസം പ്രായമാകുമ്പോള്‍ ബൂസ്റ്റര്‍ ഡോസും നല്കുന്നു. സ്വകാര്യമേഖലയില്‍ മാത്രം ലഭ്യമായിരുന്ന ഈ വാക്സിന് ഇനി മുതല്‍ സര്‍ക്കാരിന്റെ രോഗപ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിലൂടെ സൗജന്യമായി ലഭ്യമാകും. രാജ്യത്ത് ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് ഈ വാക്സിന് നിര്‍ണായകമായ പങ്ക് വഹിക്കും. ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിന് എത്തിച്ചു കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.