Trending Now

കോന്നി മെഡിക്കല്‍ കോളേജില്‍ 30 കിടക്കകള്‍ ഉള്ള ശബരിമല വാര്‍ഡ്‌ തുറന്നു

Spread the love

 

KONNIVARTHA.COM :കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി മാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ച ശബരിമല വാർഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ.

ശബരിമലയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് കോന്നി സർക്കാർ മെഡിക്കൽ കോളേജാണ്.മെഡിക്കൽ കോളേജ് പ്രവർത്തനം വിപുലമാകുന്നതോടെ തീർത്ഥാടകർക്ക് ശബരിമലയിൽ നിന്നും വേഗത്തിൽ കോന്നിയിലെത്തി ചികിത്സ തേടാൻ കഴിയും. ശബരിമലയുടെ അടിസ്ഥാന മെഡിക്കൽ കോളേജ് എന്ന നിലയിൽ കോന്നിയ്ക്ക് വലിയ വികസന സാധ്യതയാണ് നിലനില്ക്കുന്നത്.

മെഡിക്കൽ കോളേജിൽ നിന്നും ഒരു പ്രധാന പാത വട്ടമൺ- കുപ്പക്കര വഴി പയ്യനാമണ്ണിലെത്തി അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡിൻ്റെ ഭാഗമാകും. ശബരിമലയിൽ നിന്നും ആങ്ങമൂഴി – സീതത്തോട് – ചിറ്റാർ – തണ്ണിത്തോട് വഴി പയ്യനാമണ്ണിലെത്തി മെഡിക്കൽ കോളേജ് പാതയിലൂടെ ആശുപത്രിയിൽ എത്തിച്ചേരാം.നിലവിൽ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ശബരിമല തീർത്ഥാടനത്തിൻ്റെ ഭാഗമായി ഉപയോഗിക്കുന്നത്.

മെഡിക്കൽ കോളേജിൻ്റെ നാലാം വാർഡാണ് ശബരിമല വാർഡാക്കി മാറ്റിയിട്ടുള്ളത്.30 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ ലഭ്യമായ പരമാവധി സൗകര്യങ്ങൾ മെഡിക്കൽ കോളേജ് വാർഡിനായി തയ്യാറാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി,ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ:സി.വി.രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വി കെ രഘു, ശ്രീകുമാർ, ഷീബ,രഘുനാഥ് ഇടത്തിട്ട തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!