Trending Now

പത്തനംതിട്ട ജില്ല : സര്‍ക്കാര്‍ അറിയിപ്പുകള്‍ (04/12/2021 )

Spread the love

പത്തനംതിട്ട ജില്ല : സര്‍ക്കാര്‍ അറിയിപ്പുകള്‍ (04/12/2021 )

പെരിങ്ങനാട് പതിനാലാം മൈല്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍
7ന് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും

പെരിങ്ങനാട് പതിനാലാം മൈലില്‍ നിലവിലുള്ള മാവേലി സ്റ്റോര്‍ പരിഷ്‌കരിച്ച് ഉപഭോക്താവിന് സാധനങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടുകൂടിയ സപ്ലൈകോയുടെ നൂതന സംരംഭമായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഒരുങ്ങി. ഈ മാസം ഏഴിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള ആദ്യ വില്പന നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജി.ശ്രീനാദേവിക്കുഞ്ഞമ്മ, പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി സന്തോഷ്, സപ്ലൈകോ ജനറല്‍ മാനേജര്‍ ടി.പി സലീംകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേരള സര്‍ക്കാര്‍ സബ്‌സിഡി നിരക്കിലൂടെ വിതരണം ചെയ്തുവരുന്ന അവശ്യ സാധനങ്ങള്‍ കൂടാതെ ഈ സ്ഥാപനത്തില്‍ നിന്നും എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ന്യായമായ വിലയ്ക്ക് ലഭിക്കും. സപ്ലൈകോയുടെ ഈ നൂതന സംരംഭം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാണ്.

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍
ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിത അല്ല/വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഈ മാസം 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 246031.

പ്രമാടം ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍
സാക്ഷ്യപത്രം സമര്‍പ്പിക്കണം

പ്രമാടം ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെയുളള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത അല്ല/വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഈ മാസം 20 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2242215.

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍
സാക്ഷ്യപത്രം സമര്‍പ്പിക്കണം

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 50 വയസിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്നവര്‍ വിവാഹം ചെയ്തിട്ടില്ലായെന്ന സാക്ഷ്യപത്രവും വിധവാ പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെ പ്രായമുള്ളവര്‍ പുനര്‍വിവാഹിതയല്ലായെന്ന സാക്ഷ്യപത്രവും വില്ലേജ് ഓഫീസറില്‍ നിന്നോ, ഗസറ്റഡ് ഓഫീസറില്‍ നിന്നോ വാങ്ങി ഈ മാസം 20നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സമയബന്ധിതമായി സാക്ഷ്യപത്രം ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കുകയില്ല. ഫോണ്‍: 0469 2650528.

നവോദയ പ്രവേശന പരീക്ഷ 2021; 15 വരെ അപേക്ഷിക്കാം

പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അദ്ധ്യായന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവോദയ വിദ്യാലയം പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04735-265246. ഹെല്‍പ്പ് ഡെസ്‌ക്ക്: 9591196535.

 

ജില്ലാ വികസന സമിതി യോഗം
അടൂര്‍, പന്തളം വലിയ തോടുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം; പ്രത്യേക സര്‍വേ ടീമിനെ നിയോഗിക്കണം
അടൂര്‍, പന്തളം വലിയ തോടുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേക സര്‍വേ ടീമിനെ കളക്ടര്‍ നിയോഗിക്കണം. നേരത്തെ സ്ഥാപിച്ച കല്ലുകള്‍ ഇളകി പോയ സാഹചര്യത്തില്‍ പന്തളം ബൈപ്പാസിന്റെ സ്ഥലം സര്‍വേ നടത്തി കല്ലിടണം. അടൂര്‍ റിംഗ് റോഡിനുള്ള സര്‍വേ തുടങ്ങണം. പന്തളം കെഎസ്ആര്‍ടിസിയില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള വികസന പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. അടൂര്‍ പാര്‍ഥസാരഥി റോഡ് അടിയന്തിരമായി ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണം. നെടുങ്കുന്നുമല ടൂറിസം പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി വേഗമാക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലയിലെ സ്‌കൂളുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം കളക്ടര്‍ വിളിച്ചു ചേര്‍ക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

 

 

അടൂര്‍ നിയോജകമണ്ഡലത്തിലെ റോഡ് വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ഡെപ്യുട്ടി സ്പീക്കര്‍ വിലയിരുത്തി.
കറ്റോട്-തിരുമൂലപുരം, മനയ്ക്കച്ചിറ-കുറ്റൂര്‍ റോഡുകളിലെ റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് റെയില്‍വേ പ്രതിനിധികളുടെ യോഗം കളക്ടര്‍ വിളിക്കുകയും സ്ഥല പരിശോധന നടത്തുകയും ചെയ്യണമെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. ഞാലിക്കണ്ടം-മടുക്കോലി റോഡിലെ പുതുശേരി-കടമാന്‍കുളം ഭാഗത്ത് പൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണി നടത്തണമെന്നും എംഎല്‍എ പറഞ്ഞു. കാവുംഭാഗം-തുകലശേരി റോഡ് നിര്‍മാണം ക്രിസ്മസിനു മുന്‍പ് തീര്‍ക്കുമെന്നും തിരുവല്ല-പൊടിയാടി റോഡിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായും പൊതുമരാമത്ത് നിരത്തു വിഭാഗം എംഎല്‍എയെ അറിയിച്ചു. ചുമത്ര പാലത്തിന്റെ നിര്‍മാണം തിങ്കളാഴ്ച ആരംഭിക്കും.
കോന്നി, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന കൊട്ടാരത്തികടവ് പമ്പ് ഹൗസിലെ ചെളി നീക്കം ചെയ്ത് പമ്പിംഗ് പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടിയെടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു.

 

കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുന്നതു മൂലം രണ്ടു പഞ്ചായത്തുകളിലെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. റോഡ് വികസന പ്രവര്‍ത്തനത്തിനിടെ മൈലപ്രയില്‍ കുടിവെള്ള പൈപ്പ് പൊട്ടിയത് മാറ്റി സ്ഥാപിക്കണം. ചന്ദനപ്പള്ളി-കോന്നി റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് സമയക്രമം തയാറാക്കണം. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടര്‍ വിളിക്കണമെന്നും എംഎല്‍എ പറഞ്ഞു.

 

കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചതും റദ്ദാക്കിയതുമായ ഷെഡ്യൂളുകള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു. മലയോരമേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം നിലനില്‍ക്കെ ആങ്ങമൂഴി വണ്ടിപ്പെരിയാര്‍ റൂട്ടില്‍ വിനോദസഞ്ചാരികളെ കടത്തിവിട്ടതു പരിശോധിക്കണം.

 

ഇടത്താവളങ്ങളിലെ വഴിവിളക്കുകള്‍ പ്രകാശിക്കുന്നെന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. വാലാങ്കര-അയിരൂര്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കണം. എഴുമറ്റൂര്‍, മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം. റാന്നി രാമപുരം ക്ഷേത്രത്തിലെ ഇടത്താവളത്തില്‍ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും എംപിയുടെ പ്രതിനിധി പറഞ്ഞു.

 

അടൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണ സ്ഥലത്തെ മണ്ണ് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ പിആര്‍. ഷൈന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

പ്രളയം: 992 വീടുകള്‍ക്ക് ധനസഹായം;
2,58,91,950 രൂപ വിതരണം ചെയ്തു
ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന 992 വീടുകള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തതായി ജില്ലാ ഭരണകേന്ദ്രം അറിയിച്ചു. 942 വീടുകള്‍ ഭാഗീകമായും 50 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ ആകെ 2,58,91,950 രൂപയാണ് വിതരണം ചെയ്തത്.

മൊബൈല്‍ മാവേലി വില്‍പ്പനശാല ഫ്‌ളാഗ് ഓഫ് ചെയ്തു
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ട് ആരംഭിച്ച സപ്ലൈകോയുടെ മൊബൈല്‍ മാവേലി വില്‍പ്പനശാലയുടെ ഫ്‌ളാഗ് ഓഫ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. വില്പനശാലയുടെ ഞായറാഴ്ചത്തെ പര്യടനം അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി അടൂര്‍ സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ പരിസരത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. വില്‍പ്പനശാല എത്തിച്ചേരുന്ന സ്ഥലവും സമയവും: രാവിലെ 8.30ന് ആതിരമല വല്ലാറ്റൂര്‍ സാംസ്‌കാരിക നിലയം, 10.15ന് ചേരിക്കല്‍ ഐടിസി ജംഗ്ഷന്‍, 12.15ന് മങ്ങാരം തേവാല ജംഗ്ഷന്‍, മൂന്നിന് കടയ്ക്കാട് ചന്ത, 5.30ന് പാറക്കര വനിതാ സൊസൈറ്റി ജംഗ്ഷന്‍.

ദാക്ഷായണി അവാര്‍ഡ്

സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകളില്‍ നിന്നും 2020 വര്‍ഷത്തെ ദാക്ഷായണി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളും നോമിനേഷനുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 10 ന് വൈകുന്നേരം അഞ്ചു വരെ. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍ (പുസ്തകം, സി.ഡി കള്‍, ഫോട്ടോകള്‍, പത്ര കുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷക ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ 5 വര്‍ഷമെങ്കിലും സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രയോജനപ്പെടുന്ന വിധത്തില്‍ പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കും പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കും മുന്‍ഗണന നല്‍കും. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും നിശ്ചിത മാതൃകയിലല്ലാത്ത അപേക്ഷകളും അവാര്‍ഡിന് പരിഗണിക്കുന്നതല്ല. ഫോണ്‍: 0468-2966649.

യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ്

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും അംഗീകാരമൊന്നും ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ അറിയിക്കുക. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

രാത്രികാല മൃഗചികിത്സാ സേവനം: വെറ്ററിനറി സയന്‍സ്
ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നം. 0468 2322762.

വിലക്കയറ്റം: സഞ്ചരിക്കുന്ന വില്‍പനശാലകള്‍ ഫ്‌ളാഗ് ഓഫ്  ചെയ്തു

വിലക്കയറ്റത്തെ പ്രതിരോധിക്കുന്നതിന് വിപണി ഇടപെടല്‍ ശക്തമാക്കുന്നതിന് സപ്ലൈകോയുടെ നേതൃത്വത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന വില്‍പനശാലകളുടെ കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ ഉദ്ഘാടനം നിര്‍വഹിച്ചു.

കോന്നി താലൂക്ക്തല ഫ്‌ളാഗ് ഓഫ് പത്തനംതിട്ട ജില്ലാ സപ്ലൈകോ മൈലപ്ര ഡിപ്പോ അങ്കണത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.എസ്. പ്രതാപന്‍, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ ആര്‍. രാജീവ്, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. മൃണാള്‍സെന്‍ എന്നിവര്‍ പങ്കെടുത്തു.
കോഴഞ്ചേരി താലൂക്ക്തല ഫ്‌ളാഗ് ഓഫ് പത്തനംതിട്ട സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. കോഴഞ്ചേരി അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ടി. ദിലീഫ്ഖാന്‍, പത്തനംതിട്ട ജില്ലാ ഡിപ്പോ ജൂനിയര്‍ മാനേജര്‍ എന്‍. ഷീജ എന്നിവര്‍ പങ്കെടുത്തു.

ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ യുവാക്കളില്‍ ദേശീയബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ഓഫീസര്‍ പി. സന്ദീപ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, സജയന്‍ ഓമല്ലൂര്‍, വി. ഷിജി, എം.ബി. ദിലീപ് കുമാര്‍, എം.ജി. ഗോപകുമാര്‍, എ.എസ്. അനൂപ്, മഹേഷ് എം. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ‘ദേശസ്‌നേഹവും രാഷ്ട്ര നിര്‍മാണവും എന്ന വിഷയത്തില്‍ നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തില്‍ സോനു സി ജോസ്, സിനി സാബു, നയന സിബി ജോണ്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

തുല്യതാ പഠിതാക്കളെ ആദരിച്ച് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി സാക്ഷരതാ മിഷന്‍ മുഖേന നടപ്പാക്കിയ പത്താംതരം – പ്ലസ് ടു തുല്യതാ പഠന പദ്ധതിയില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിച്ചു. വിജയോത്സവം – 2021 എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അധ്യക്ഷത വഹിച്ചു.
വിജയികളെയും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബ്ലോക്ക് തല സാക്ഷരതാ പ്രേരക്മാരായ ശ്രീകുമാരി, അനിതകുമാരി എന്നിവരെയും ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സാലി ലാലുപുന്നക്കാട്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ആതിര ജയന്‍, ഡിവിഷന്‍ അംഗങ്ങളായ വി.ജി. ശ്രീവിദ്യ, കെ.ആര്‍.അനീഷ, ജിജി ചെറിയാന്‍ മാത്യു, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, ബി.ഡി.ഒ സി.പി. രാജേഷ് കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അംബി രാജ് പത്മനാഭന്‍, ബ്ലോക്ക് തല സാക്ഷരതാ പ്രേരക് ശ്രീകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയികളായ പ്രവീണ്‍ എസ്. പിള്ള, സീമ തങ്കച്ചന്‍, സിന്ധു ചന്ദ്രന്‍, സി.റ്റി. മിനി, കെ.എന്‍. ഉത്തര, ഹേമമാലിനി എന്നിവരും കുടുംബാംഗങ്ങളും അവരുടെ അനുഭവങ്ങള്‍ പങ്ക് വച്ചു.

കൊറ്റനാട് ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഈ മാസം ആറു മുതല്‍
കൊറ്റനാട് ഗ്രാമ പഞ്ചായത്ത് 2021-22 ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ മൂന്നു വരെയാണ് ക്യാമ്പ് നടക്കുക. 2021-22 വര്‍ഷം വരെയുള്ള കെട്ടിട നികുതി കുടിശിക ഉള്ളവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി താഴെപ്പറയുന്ന സ്ഥലങ്ങളില്‍ നികുതി ഒടുക്കി ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനാകുമെന്ന് ഗ്രാപപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04692773253
ഡിസംബര്‍ ആറ്, ഏഴ് – പെരുമ്പെട്ടി ചന്ത. ഡിസംബര്‍ എട്ട്, ഒന്‍പത് – കണ്ടന്‍പേരൂര്‍ ചന്ത. ഡിസംബര്‍ 10,13 ചാലാപ്പള്ളി- ജംഗ്ഷന്‍. ഡിസംബര്‍ 14 -തീയാടിക്കല്‍ ജംഗ്ഷന്‍. ഡിസംബര്‍ 15- വെള്ളയില്‍ ജംഗ്ഷന്‍.

error: Content is protected !!