ശബരീശന് നൃത്താര്‍ച്ചനയുമായി കുരുന്നുകള്‍

Spread the love

 

പുതുവര്‍ഷപുലരിയില്‍ ശബരീശ സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി കുരുന്നുകള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല സാംസ്‌കാരിക മണ്ഡലത്തിലെ പതിമൂന്ന് കൊച്ചു നര്‍ത്തകിമാരാണ് അയ്യന് വഴിപാടായി തിരുവാതിര അവതരിപ്പിച്ചത്.

 

 

ഗണപതി സ്തുതിയില്‍ തുടങ്ങി പാരമ്പര്യ തിരുവാതിര ശീലുകളായ വന്ദനം, കൂരിരൂട്ടും, കുറത്തിപ്പാട്ട് എന്നിവക്കെല്ലാം കൊച്ച് മാളികപ്പുറങ്ങള്‍ താളാത്മകമായി ചുവടുവച്ചപ്പോള്‍ സ്വാമിദര്‍ശനത്തിനായി കാത്തുനിന്ന തീര്‍ഥാടകര്‍ക്ക് വേറിട്ട അനുഭവമായി കലാവിരുന്ന് മാറി. നര്‍ത്തകിമാരായ എസ്.ആര്‍. ആര്‍ദ്ര, വി.എസ്. നിരഞ്ജന, ആര്‍.ഏകാദശി, അമേയ എസ്. കൃഷ്ണ, ജെ.എസ്. നൈനിക, ഐ.കെ. ശ്രീലക്ഷ്മി, നീലാംബരി മഹാലക്ഷ്മി, എസ്. അനന്തിക, വി.എസ്. അഹല്യ, എ.എസ്. ഭാഗ്യലക്ഷ്മി, സി.വി. അപൂര്‍വ, എന്‍.ഗൗരി കൃഷ്ണ, എസ്.എസ്. ആത്മികകൃഷ്ണ എന്നിവരാണ് തീര്‍ഥാടകര്‍ക്ക് നടന വിസ്മയമൊരുക്കിയത്. എം.വി. ദര്‍ശന അയ്യപ്പ ഭക്തിഗാനമാലപിച്ചു. ജീവകല നൃത്ത അദ്ധ്യാപിക നമിത സുധീഷാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്.

സന്നിധാനത്തെ വലിയനടപ്പന്തലിലെ മണ്ഡപത്തില്‍ ശനിയാഴ്ച രാവിലെയാണ് തിരുവാതിര അരങ്ങേറിയത്. ശബരിമല സന്നിധാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍, സന്നിധാനം പോലീസ് കണ്‍ട്രോളര്‍ ബി. അജിത് കുമാര്‍ എന്നിവര്‍ ഭദ്രദീപം തെളിച്ചു.

ഇത് മൂന്നാംതവണയാണ് ജീവകല സാംസ്‌ക്കാരിക മണ്ഡലത്തിലെ കുട്ടികള്‍ അയ്യന് മുന്നില്‍ തിരുവാതിര അവതരിപ്പിക്കുന്നത്. 2017 ലെ തിരുവോണത്തിനും 2020 പുതുവര്‍ഷദിനത്തിലും ജീവകല ശബരിമലയില്‍ തിരുവാതിര അവതരിപ്പിച്ചിരുന്നു. പാരമ്പര്യ തിരുവാതിരകളിയെ പരിപോഷിപ്പിക്കുന്ന ജീവകലയുടെ ആഭിമുഖ്യത്തില്‍ വരിക വാര്‍തിങ്കളെ എന്ന പേരില്‍ സംസ്ഥാനതല തിരുവാതിര കളി മല്‍സരം സംഘടിപ്പിച്ചു വരുന്നുണ്ട്. ജീവകല ഭാരവാഹികളായ വി.എസ്. ബിജുകുമാര്‍, പി. മധു, ദിലീപ് പുല്ലമ്പാറ, കെ. ബിനുകുമാര്‍, സജു മാധവ് എന്നിവരുടെ നേതൃത്വത്തിലാണ് മാളികപ്പുറങ്ങള്‍ സന്നിധാനത്തെത്തിയത്.