ആചാരങ്ങള്‍ പാലിച്ച് തിരുവാഭരണഘോഷയാത്ര നടത്തും

Spread the love

തിരുവാഭരണ ഘോഷയാത്ര: മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു
അവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും: ജില്ലാ കളക്ടര്‍
ആചാരങ്ങള്‍ പാലിച്ച് തിരുവാഭരണഘോഷയാത്ര നടത്തും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ആചാരങ്ങള്‍ പാലിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു. തിരുവാഭരണ ഘോഷായാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ജനുവരി 12ന് ഉച്ചക്ക് ഒന്നിന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ മുഖേനയും, സ്‌പോട്ട് ബുക്കിംഗ് മുഖേനം ശബരിമല ദര്‍ശനത്തിന് സൗകര്യമുണ്ട്. തിരുവാഭരണം വഹിക്കുന്നവര്‍ക്കും ഇവരുടെ കൂടെ എത്തുന്നവര്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് ദേവസ്വം ബോര്‍ഡ് കുടിവെള്ള വിതരണം, ലഘു ഭക്ഷണം, താമസ സൗകര്യം ഉള്‍പ്പെടെ അവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. തിരുവാഭരണ ഘോഷായാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രത്യേക പാസ് നല്‍കും. പുല്ല്‌മേട് പാത യാത്രാ യോഗ്യമാക്കാന്‍ വനം വകുപ്പിനോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സേവനം ഉറപ്പാക്കേണ്ടതുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപരമായും, തിരുവാഭരണ ഘോഷയാത്രയുടെ പ്രൗഢി നിലനിര്‍ത്തിയും വേണ്ട ഒരുക്കങ്ങള്‍ നടത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

 

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. തിരുവാഭരണ പാതയിലെ കാട് വെട്ടിതെളിക്കല്‍ ഉടന്‍ പൂര്‍ത്തിയാകും. തിരുവാഭരണ പാതയിലെ ഓരോ കേന്ദ്രങ്ങളിലെയും ക്രമീകരണങ്ങള്‍ ബന്ധപ്പെട്ടവര്‍ മുന്‍കൂട്ടി ഉറപ്പാക്കണം. വഴിവിളക്കുകള്‍, കുടിവെള്ള വിതരണം, സുരക്ഷാ ക്രമീകരണം, പാര്‍ക്കിംഗ്, മകരജ്യോതി ദര്‍ശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ സമയബന്ധിതമായി ഉറപ്പാക്കണം.

തിരുവാഭരണ പാത കടന്നുപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതര്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം. മകരവിളക്കിനോട് അനുബന്ധിച്ച് അവശ്യമായ ജീവനക്കാരെ വിവിധ വകുപ്പുകള്‍ സേവനത്തിന് ഒരുക്കിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പ്രശംസനീയമാണെന്നും ആചാരം സംരക്ഷിച്ച് അവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും പന്തളം രാജകൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു.

യോഗത്തില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. മനോജ് ചരളേല്‍, ജില്ലാ പഞ്ചായത്ത് അംഗം അജയകുമാര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമല തീര്‍ഥാടനം : ജ്യൂസുകളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെ ജ്യൂസുകളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
ജ്യൂസ് ഇനം, സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളിലെ നിരക്ക് എന്ന ക്രമത്തില്‍: സര്‍ബത്ത് (250മില്ലി) 22, 20, 20. സര്‍ബത്ത് സോഡ (250 മില്ലി) 26, 25, 25. നാരങ്ങ ജ്യൂസ് (250 മില്ലി) 20, 20, 20. ആപ്പിള്‍ ജ്യൂസ് (250 മില്ലി) 50, 50, 50. ഓറഞ്ച് ജ്യൂസ് (250 മില്ലി) 50, 45, 45. പൈനാപ്പിള്‍ ജ്യൂസ് (250 മില്ലി) 50, 45, 40. മുന്തിരി ജ്യൂസ് (250 മില്ലി) 50, 45, 40. തണ്ണിമത്തന്‍ (250 മില്ലി) 40, 30, 30. കരിക്ക് 40, 35, 35.

മിഷന്‍ ഗ്രീന്‍ ശബരിമല: നിലയ്ക്കല്‍ പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സ്‌ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു

 

മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ആരംഭിച്ച പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സ്‌ചേഞ്ച് കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് കവറിനു പകരം തുണിസഞ്ചി നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിലയ്ക്കല്‍ എസ്പി കെ.എല്‍. ജോണ്‍കുട്ടി നിര്‍വഹിച്ചു.

 

ശബരിമലയില്‍ ഹരിത ചട്ടം പാലിക്കുന്നതിനുള്ള മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ അയ്യപ്പഭക്തന്മാര്‍ക്ക് തങ്ങളുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നല്‍കി പകരം തുണിസഞ്ചി സൗജന്യമായി വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സന്ദേശങ്ങള്‍ അഞ്ച് ഭാഷകളില്‍ ആലേഖനം ചെയ്ത പോക്കറ്റ് കാര്‍ഡുകളും വിതരണം ചെയ്തു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടുത്ത സീസണിലെ ആചാര പരിപാടികളും കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്ടറിലേക്ക് ആവശ്യമായ തുണിസഞ്ചികള്‍, പോക്കറ്റ് കാര്‍ഡ് എന്നിവ നല്‍കുന്നതും കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതും പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ്.

ളാഹ മുതല്‍ പമ്പവരേയും കണമല മുതല്‍ പമ്പ വരേയുമുള്ള പാതയോരങ്ങളിലെ അജൈവ മാലിന്യങ്ങളും കൂടാതെ നിലയ്ക്കല്‍, ചെറിയാനവട്ടം എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്. വനം വകുപ്പിന്റെ ഇക്കോ ഗാര്‍ഡ്‌സാണ് പാതയോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് കൂട്ടിവയ്ക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചിത്വമിഷനു വേണ്ടി തിരുവല്ല ആസ്ഥാനമായ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനമാണ് പുന:ചംക്രമണത്തിനായി കൊണ്ടുപോകുന്നത്.

പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് സുമീതന്‍ പിള്ള, ഡിവൈഎസ്പി നാസറുദ്ദീന്‍, ജില്ലാ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരായ രഹന ഹബീബ്, ജെറിന്‍ ജെയിംസ് വര്‍ഗീസ്, ജി. ജെയിംസ്, പോലീസ് ഉദ്യോഗസ്ഥര്‍, ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് സിഇഒ എം. ക്രിസ്റ്റഫര്‍, അയ്യപ്പ ഭക്തന്മാര്‍ എന്നിവര്‍ പങ്കെടുത്തു.