രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം ഏപ്രില്‍ 16ന്

Spread the love

 

konnivartha.com : ഏപ്രില്‍ 16ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംയുക്തയോഗം തീരുമാനിച്ചു.

 

വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉല്‍സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റേയും തേനി ജില്ലാ കളക്ടര്‍ കെ.വി. മുരളീധരയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പ് തലവന്‍മാരുടെ അവലോകന യോഗത്തില്‍ വിലയിരുത്തി. കോവിഡ് മാനദണ്ഡം പാലിച്ചു, പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതയുടെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ അധികൃതര്‍ സംയുക്ത യോഗത്തില്‍ അറിയിച്ചു.

 

ക്ഷേത്രം സ്ഥിതിചെയ്യുന്നത് വൈല്‍ഡ് ലൈഫ് പ്രോട്ടക്ഷന്‍ നിയമം നിലനില്‍ക്കുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ് പ്രദേശമായതുകൊണ്ട് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, ബുദ്ധിമുട്ടില്ലാതെ ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

ഏപ്രില്‍ 16ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ സംഘടകരായ ഉദ്യോഗസ്ഥര്‍ക്ക് ക്ഷേത്രത്തിലേക്ക് കുമളിയില്‍ നിന്ന് പ്രവേശനം നല്‍കും. നാലു മണിമുതല്‍ അഞ്ചു മണി വരെയുള്ള സമയത്തു പൂജാരിമാരെയും പൂജ സാമഗ്രികളും ക്ഷേത്രത്തിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കും. അഞ്ചു മുതല്‍ ആറു വരെയുള്ള സമയത്തു ആറു ട്രാക്ടറുകളിലായി ഭക്ഷണം കയറ്റിവിടും. ആറ് ട്രാക്ടറുകള്‍ക്കാണ് അനുമതിയുള്ളത്. ഓരോ ട്രാക്ടറുകളിലും ആറു പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല.

ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റീലൂടെ ഭക്തരെ കയറ്റിവിടും. വൈകിട്ടു അഞ്ചു മണിക്കുശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ല. വൈകിട്ട് അഞ്ചു മണിക്ക് ശേഷം മലയില്‍ ആരും ഉണ്ടാകാന്‍ പാടുള്ളതല്ല. അതിനു മുന്‍പ് പൂജാരി ഉള്‍പ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. ഉച്ചക്ക് രണ്ടിന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടുന്നതുമല്ല. ഡിസ്പോസബിള്‍ പത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. മദ്യം, സസ്യേതര ഭക്ഷണം എന്നിവയും അനുവദിക്കില്ല. ക്ഷേത്രത്തിലേക്കുപോകാനുള്ള വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒ പാസ് നല്‍കും.

 

കുമളി ബസ് സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കറകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തി വാഹനങ്ങള്‍ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കണ്ട്രോള്‍ റൂം സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദമല്ലാത്ത അലങ്കാര വസ്തുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇരു സംസ്ഥാനങ്ങളിലെയും ഉത്സവ കമ്മിറ്റിക്ക് മൂന്ന് വീതം പൊങ്കാല മാത്രം അനുവദിക്കും. ക്ഷേത്രത്തിലേക്കു പോകേണ്ട വാഹനങ്ങള്‍ ഏപ്രില്‍ 13നകം ആര്‍ടിഒ യ്ക്ക് അപേക്ഷ നല്‍കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍ വാങ്ങി വാഹനത്തില്‍ പതിപ്പിക്കണം. ഏപ്രില്‍ 15നകം ഡ്രൈവര്‍ വെഹിക്കിള്‍ പാസ്സ് നേടിയിരിക്കണം.

 

സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ്, എന്നീ സൗകര്യങ്ങളോടെ കൊക്കാരണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. കാനനപാതയില്‍ ശുദ്ധജല വിതരണ കിയോസ്‌കുകള്‍ സ്ഥാപിക്കും. പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, ഹൃദ്രോഗ പ്രഥമ ശുശ്രൂഷാ സൗകര്യമുള്ള നാല് ആംബുലന്‍സ് സൗകര്യം തുടങ്ങിയവയും ഏര്‍പ്പെടുത്തും. ശുചിത്വമിഷന്റെ സഹകരണതോടെ മാലിന്യങ്ങള്‍ നീക്കി ശുചിയാക്കാനും യോഗം തീരുമാനിച്ചു.

 

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉത്സവം ഇക്കുറി നടക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉത്സവം നടത്തിയിരുന്നില്ല. 2019 ലാണ് അവസാനമായി ഉത്സവം നടത്തിയത്. മിന്നലിനും മഴയ്ക്കും സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍ നിര്‍ത്തി എത്രയും നേരത്തെ തന്നെ മലയിറങ്ങാന്‍ ശ്രദ്ധിക്കണം. ഉത്തമപാളയം സബ് കളക്ടര്‍, ഇടുക്കി ആര്‍ഡിഒ എന്നിവര്‍ക്കാണ് ചുമതല. കുമളി ബസ്സ്റ്റാന്‍ഡ്, അമലാംബിക സ്‌കൂള്‍, കൊക്കരകണ്ടം എന്നി മൂന്നു ചെക്ക് പോസ്റ്റുകളാവും ഉണ്ടാകുക. പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം അനുവദനീയമല്ല. അഞ്ച് ലിറ്റര്‍ ക്യാന്‍ ഉപയോഗിക്കാം. 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

 

ഇരു സംസ്ഥാനങ്ങളില്‍ നിന്നും മൂന്നു വീതം കലങ്ങളില്‍ പൊങ്കാല അനുവദിക്കും. മത്സ്യമാംസാദികള്‍ അനുവദനീയമല്ല. മദ്യം മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. എക്സൈസ് ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പ് വരുത്തും. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉല്‍പ്പന്നങ്ങളും പാടുളളതല്ല.

 

മാധ്യമപ്രവര്‍ത്തകര്‍ക്കും രാവിലെ ആറുമണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് ഇരു സംസ്ഥാനങ്ങളിലേയും ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍മാര്‍ വിതരണം ചെയ്യും. പ്രവേശന സ്ഥലത്തും മലമുകളിലും മെഡിക്കല്‍ ടീമിന്റെ സേവനം ഉണ്ടായിരിക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും.

 

ഇരുസംസ്ഥാനങ്ങളില്‍ നിന്നുമുള്ള മൊബൈല്‍ പെട്രോളിംഗ് ഉണ്ടായിരിക്കും. ഹെല്‍പ്പ് ഡെസ്‌ക് സേവനം ഉണ്ടായിരിക്കും. കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. മലയാളത്തിലും തമിഴിലും അനൗണ്‍സ്‌മെന്റ് നടത്തും. അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി വനം വകുപ്പ് അധികൃതര്‍ മെഗാ ഫോണ്‍ കരുതിയിരിക്കും. താല്‍ക്കാലിക ടോയ്‌ലറ്റുകള്‍ ഒരുക്കും. ഫയര്‍ഫോഴ്സ് സേവനം ഉണ്ടായിരിക്കും. റിക്കവറി വാന്‍ ഉണ്ടാകും.

 

ഡിസാസ്റ്റര്‍ മാനേജ്മന്റ് ടീമിന്റെ സഹായം ഉറപ്പുവരുത്തും. വാഹനങ്ങളുടെ ഫിറ്റ്നസ്, ഇന്‍ഷുറന്‍സ് ലൈസന്‍സ് മുതലായ കാര്യങ്ങള്‍ ഇരു സംസ്ഥാനങ്ങളിലെയും ആര്‍ടിഒ മാര്‍ ഉറപ്പുവരുത്തും. സാധുവായ പാസ് കൈവശമില്ലാത്തവരെ കടത്തിവിടില്ല. ക്ഷേത്രപാതയില്‍ ആംപ്ലിഫയര്‍ ലൗഡ് സ്പീക്കര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് ധരിച്ചിരിക്കണം. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാന്‍ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും. ഉത്സവത്തിന് ഒരു ആഴ്ച മുന്‍പ് ഇരുസംസ്ഥാനങ്ങളും ഒരുമിച്ച് എല്ലാം നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തി റിപ്പോര്‍ട്ട് നല്കണമെന്നും ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ആവശ്യപ്പെട്ടു.

 

ഇടുക്കി ആര്‍ഡിഒ ഷാജി എംകെ, പീരുമേട് തഹസീല്‍ദാര്‍ വിജയലാല്‍ കെഎസ്, ഇടുക്കി ആര്‍റ്റിഒ ആര്‍ രമണന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്പി പയസ് ജോര്‍ജ്, ഉത്തമപാളയം എഎസ്പി ശ്രേയ ഗുപ്ത, ഉത്തമപാളയംആര്‍ഡിഒ പി കൗസല്യ, തേനി ആര്‍ടിഒ സെല്‍വക് ഉമര്‍, മംഗളാദേവി കണ്ണകി ട്രസ്റ്റ് ഭാരവാഹികള്‍, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

jayan konni @konnivartha.com 

 

error: Content is protected !!