മന്ത്രി വീണ ജോർജിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Spread the love

 

ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടില്‍നിന്ന് മന്ത്രി അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് എംജി കണ്ണന്‍ ഉള്‍പ്പടെയുള്ള 4 പ്രവര്‍ത്തകരെയും പോലീസ് കസ്‌റ്റഡിയിലെടുത്തു.

മന്ത്രിയുടെ വാഹനം പ്രധാന റോഡിലേക്ക് കയറിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന്റെ പിറകെ ഓടി കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കാരണം മന്ത്രിയുടെ യാത്ര തടസപ്പെടുകയോ മറ്റ് അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്‌തില്ല.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗവും ഉള്‍പ്പെട്ടതായാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. ഇതേ തുടർന്നാണ് മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.