Trending Now

ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍: രാജി ആവശ്യം ശക്തം : പത്തനംതിട്ട മല്ലപ്പള്ളിയിലെ പ്രസംഗം വയ്യാവേലിയാകുന്നു

Spread the love

ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ: ‘ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടന; മതേതരത്വം ജനാധിപത്യം കുന്തം കുടചക്രം എന്നൊക്കെ എഴുതി വച്ചിരിക്കുന്നു

konnivartha.com : ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍.ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. സിപിഐ(എം) മല്ലപ്പള്ളി ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ നടത്തിവരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം 100 വാരം പൂർത്തിയാക്കിയതിന്റെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് 2 ദിവസം മുന്നേ സജി ചെറിയാന്‍ ഇങ്ങനെ പറഞ്ഞത് .

‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തില്‍ മന്ത്രി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇന്നലെ സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പേജിലുള്‍പ്പെടെ സജി ചെറിയാന്റെ വിവാദപ്രസംഗം പങ്കുവച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഈ വിഡിയോ നീക്കം ചെയ്യുകയായിരുന്നു.

Kerala Minister Saji Cherian makes anti-Constitution remarks

 

Kerala Minister Saji Cheriyan has courted controversy by harshly criticising the Constitution, saying it “condones exploitation” and is written in a way helping to “plunder” people of the country drawing flak from various quarters including the main opposition Congress.

He was speaking at a recent political programme at Mallappally in Pathanamthitta district and the issue came to the light after visuals of the speech were aired by regional television channels on Tuesday. “We all say that we have a beautifully written Constitution. But, I will say, the Constitution is written in such a way that it can be used to plunder the people of the country,” he said.

Several people including Leader of Opposition in the state Assembly V D Satheesan hit out at the controversial remarks.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജി വച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയത്. സത്യപ്രതിജ്ഞയോടെ കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചു. അടിസ്ഥാനം ഇല്ലാത്തകാര്യങ്ങൾ ആണ് മന്ത്രി പറഞ്ഞത്. ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം.ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

 

സജി ചെറിയാനെ പുറത്താക്കണം; കെ സുധാകരൻ

മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. രാജ്യത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയാണ് സജി ചെറിയാൻ. ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി. ഭരണഘടനാവിരുദ്ധ പരാമർശത്തിൽ സീതാറാം യെച്ചൂരി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു

സജി ചെറിയാനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: കെ സുരേന്ദ്രന്‍

ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സജി ചെറിയാനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത വ്യക്തിയാണ് സജി ചെറിയാന്‍. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരന്‍ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയന്‍ മനസിലാക്കണം.

 

മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം; ഗവര്‍ണര്‍ വിശദീകരണം തേടി

ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും.

വിഷയം ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്. ഇത് സംബന്ധിച്ച് ഗവർണർ വൈകിട്ട് മാധ്യമങ്ങളെ കാണും.പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും’.ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ്‌ ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.

തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റുമെന്നും സജി ചെറിയാന്‍ പറഞ്ഞു

 

‘പ്രസംഗം വളച്ചൊടിച്ചു’, ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്ന് സജി ചെറിയാൻ

വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. തൻ്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രസംഗം തെറ്റിദ്ധരിച്ചതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് താനെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന:

മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ ഈ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക – സാമൂഹിക അസമത്വങ്ങള്‍ വളരെ വര്‍ദ്ധിക്കുകയാണുണ്ടായത്. നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് ഊടും പാവും നല്‍കുന്ന നിയമനിര്‍മ്മാണം നടത്താന്‍ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയുടെ വകുപ്പുകള്‍ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ ഘടന, എന്നീ തത്വങ്ങള്‍ കടുത്ത വെല്ലുവിളിയാണ് വര്‍ത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നത് എന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിര്‍മ്മാതാക്കളുടെ വീക്ഷണം സാര്‍ത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസര്‍ക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണ്.

 

രാജി വയ്ക്കുകയല്ലാതെ സജി ചെറിയാന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല: പി കെ കുഞ്ഞാലിക്കുട്ടി

ഭരണഘടനയെക്കുറിച്ച് സജി ചെറിയാന്‍ പറഞ്ഞത് നാക്കുപിഴയല്ലെന്നും മന്ത്രിയുടെ വാക്കുകള്‍ സുവ്യക്തമാമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിന്റെ അടിസ്ഥാനം ഭരണഘടനയാണ്. ആ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിക്ക് രാജി വയ്ക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സത്യപ്രതിജ്ഞയുടെ ലംഘനമാണ് മന്ത്രി നടത്തിയത്. എത്രയും പെട്ടെന്ന് സജി ചെറിയാന്‍ രാജി നല്‍കുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഒന്നാണ് ഭരണഘടനയെന്നാകാം മന്ത്രി ധരിച്ചിട്ടുണ്ടാകുക’: വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ

ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് ശുദ്ധ വിവരക്കേടെന്ന് ജസ്റ്റിസ് കമാല്‍ പാഷ. അക്ഷരാഭ്യാസമുള്ള ഒരു പൗരന്‍ പോലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് മന്ത്രിയില്‍ നിന്നുമുണ്ടായതെന്ന് കെമാല്‍ പാഷ വിമര്‍ശിച്ചു. ഭരണഘടനയോട് നിര്‍വ്യാജമായ കൂറ് പുലര്‍ത്തിക്കോള്ളാമെന്ന് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് ജനങ്ങളെ കൊള്ളയടിക്കാനുള്ളതാണ് ഭരണഘടനയെന്ന് പറയുന്നത്. ഇപ്പോഴും സജി ചെറിയാന്‍ മന്ത്രിയായി തുടരുന്നത് ആശ്ചര്യമാണെന്ന് കെമാല്‍ പാഷ പറഞ്ഞു.

ജനങ്ങളെ ചൂഷണം ചെയ്യാനാണ് ഭരണഘടനയെന്ന് വിചാരിച്ചാകാം സജി ചെറിയാനെപ്പോലുള്ളവര്‍ ഭരിക്കുന്നതെന്ന് കമാല്‍ പാഷ ആഞ്ഞടിച്ചു. ഒരു പക്ഷേ മുഖ്യമന്ത്രിയും അങ്ങനെ കരുതിയിരിക്കാം. ജനാധിപത്യം കുടച്ചക്രമെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ഈ കുടച്ചക്രമുള്ളതിനാലാണ് സജി ചെറിയാന്‍ മന്ത്രിയായി മാറിയത്. ഡോ ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂപം നല്‍കിയ ഭരണഘടന ബ്രിട്ടീഷുകാരില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന് പറയുന്നത് വൃത്തികെട്ട വര്‍ത്തമാനമാണെന്നും കെമാല്‍ പാഷ വിമര്‍ശിച്ചു.

ചൂഷണങ്ങള്‍ക്കെതിരെ ഭരണഘടനയില്‍ നിരവധി വകുപ്പുകളുണ്ടെന്ന് സജി ചെറിയാനെപ്പോലുള്ളവര്‍ മനസിലാക്കുന്നില്ലെന്ന് കെമാല്‍ പാഷ പറഞ്ഞു. ഭരണഘടന വായിക്കാനും മനസിലാക്കാനും ഒരു പക്ഷേ മന്ത്രിക്ക് കഴിവില്ലായിരിക്കാമെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!