ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

Spread the love

 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു.

പി എം എ വൈ ഗുണഭോക്താവായ ചിറ്റൂര്‍ പാറയില്‍ പുരയിടം മോഹനകുമാരിയുടെ ഭവനത്തിലാണ് ജില്ലാ കളക്ടര്‍ ദേശീയ പതാക ഉയര്‍ത്തിയത്. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനായി വളരെ വിരളമായി ലഭിക്കുന്ന അവസരമാണ് ഹര്‍ ഘര്‍ തിരംഗയെന്നും ആദരവോടെയും അഭിമാനത്തോടെയും ദേശീയ പതാക ഉയര്‍ത്താമെന്നും കളക്ടര്‍ പറഞ്ഞു.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത് ജി കൊച്ചില്‍, പി.ആര്‍. അനുപ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ അശ്വതി വി. നായര്‍, ധനേഷ് എം പണിക്കര്‍, സി.ഡി.എസ് അംഗങ്ങളായ ഷീജ ജമാല്‍, ഷിബി വിജയന്‍, എഡിഎസ് – അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ വീടുകളിലും സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തി.

വ്യാപാരി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. ദേശീയ പതാക ഉയര്‍ത്തിയ ശേഷം വിവിധ സ്ഥലങ്ങളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.

സ്‌കൂളുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ മുഖേന ഒന്നര ലക്ഷം ദേശീയ പതാകകളാണ് ജില്ലാ കുടുംബശ്രീ മിഷന്‍ വിതരണം ചെയ്തിട്ടുള്ളത്. ഇതിനു പുറമേ ഖാദി ഷോറൂമുകളും മെയിന്‍ പോസ്‌റ്റോഫീസുകള്‍ മുഖേന തപാല്‍ വകുപ്പും ദേശീയ പതാകകള്‍ വിതരണം ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസിനു കീഴിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രക്ത ദാനം നടത്തി.

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ പതാക ഉയര്‍ത്തി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ് അയ്യര്‍ പതാക ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചു. മകന്‍ മല്‍ഹാര്‍, കളക്ടറുടെ മാതാവ് ഭഗവതി അമ്മാള്‍, പിതാവ് ശേഷ അയ്യര്‍, ക്യാമ്പ് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!