Trending Now

കരിമ്പ് കൃഷി പുനരുജീവനവും ശര്‍ക്കര ഉത്പാദനവും പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി

Spread the love

 

konnivartha.com : കരിമ്പ് കൃഷി വ്യാപിപ്പിക്കാനും അതില്‍നിന്നും ശര്‍ക്കര ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിനും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കരിമ്പ് കൃഷി പുനരുജീവനവും ശര്‍ക്കര ഉത്പാദനവും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് കരിമ്പ് കൃഷി നടത്താനും അതില്‍ നിന്ന് ശര്‍ക്കര ഉത്പാദിപ്പിച്ച് കര്‍ഷക ഉത്പാദക സംഘടനകളുടെ ചുമതലയില്‍ വിപണനം നടത്തുന്നതിനുമാണ് പദ്ധതി തയാറാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കരിമ്പ് കൃഷി പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം 25 ലക്ഷം രൂപ വിനിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വള്ളിക്കോട് പഞ്ചായത്തും പദ്ധതിക്ക് തുക വകയിരുത്തിയിട്ടുണ്ട്.

 

കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പങ്കാളികളാകാം. കൃഷിവകുപ്പില്‍ നിന്നും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് സബ്സിഡി ലഭ്യമാകും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക ഉത്പാദക കമ്പനികള്‍ ശര്‍ക്കരയുടെ വിപണനം ഏറ്റെടുക്കും.

 

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ. കോശി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ജോസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ലി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!