
konnivartha.com/ തിരുവല്ല: മാർത്തോമാ സഭയുടെ 2022ലെ മാനവ സേവാ അവാർഡ്, സുവിശേഷ പ്രവർത്തനത്തിലൂടെ ഭാരതത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ മോചനത്തിനായി സമർപ്പിത ജീവിതം നയിച്ച അഡ്വ. പി. എ. സൈറസിന് നൽകും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ 13ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സഭാ പ്രതിനിധി മണ്ഡലയോഗത്തിൽ ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊ ലിത്താ സമ്മാനിക്കും.
സഭാ – സാമൂഹിക രംഗങ്ങളിൽ സമർപ്പിച്ച ജീവിതം നയിക്കുന്നവർക്കായി സഭ വർഷം തോറും നൽകുന്ന അവാർഡ് ഇക്കൊല്ലം പ്രേഷിത പ്രവർത്തനത്തിലൂടെ ഗ്രാമോദ്ധാരണം നിർവഹിച്ചവർക്കാണ് നൽകുന്നത്. ക്രിസ്തുസ്നേഹത്തിന്റെ പ്രകാശനത്തിലൂടെ ഭാരതത്തിലെ ദരിദ്ര്യരുടെ ഉദ്ധാരണത്തിനായി പൂർണ്ണമായി സമർപ്പിച്ച ജീവിതമാണ് പി. എ. സൈറസിനെ സഭയുടെ ആദരവിന് അർഹനാക്കിയതെന്നു സഭാ സെക്രട്ടറി റവ. സി. വി. സൈമൺ, മാനവ സേവാ അവാർഡ് കമ്മിറ്റി അംഗങ്ങളായ പി. ഇ. ബിനു, സാം ചെമ്പകത്തിൽ എന്നിവർ അറിയിച്ചു.
തിരുവനന്തപുരം പേരൂര്‍ക്കട എബനേസര്‍ മാർത്തോമ്മാ ഇടവകയിൽ പനക്കൽ അഡ്വ. പി. എ. സൈറസ് അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ചെങ്കിലും പൂര്‍ണ്ണസമയ സുവിശേഷപ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ഫിലോസഫിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം സമ്പാദിച്ച് തിരുവനന്തപുരം ഏജീസ് ഓഫീസിൽ ഉദ്യോഗസ്ഥനായെങ്കിലും ജീവിതദൗത്യം ഇതല്ലെന്ന തിരിച്ചറിവിൽ ജോലി വേണ്ടെന്നു വച്ചു.
പാവങ്ങൾക്ക് നീതി ലഭ്യമാക്കുകയെന്ന ആഗ്രഹത്തോടെ ലോ കോളേജിൽ ചേർന്ന് ബി. എൽ പാസായി. തിരുവനന്തപുരത്തും പിന്നീട് ഹൈക്കോടതിയിലും പ്രാക്ടീസ് ആരംഭിച്ചു. 1973ൽ അഭിഭാഷക വ്യത്തി ഉപേക്ഷിച്ച് ലൗകിക ജീവിതത്തിൻ്റെ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി.അഞ്ച് പതിറ്റാണ്ടോളം കേരളം, ഒറീസാ, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ്. ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമങ്ങളിൽ നിസ്വാര്‍ത്ഥമായും വിശ്രമമരഹിതമായും അദേഹം സുവിശേഷദൗത്യം നിര്‍വഹിച്ചു.
ശാരീരിക പ്രയാസങ്ങളെ തുടർന്ന് തിരുനന്തപുരത്തെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന അദേഹം ഈ സെപ്റ്റംബർ ഒന്നിന് 95 വയസ് തികയുന്ന വേളയിലാണ് സഭയുടെ ഈ അംഗീകാരം ലഭിക്കുന്നത്. കെ. എസ്.ഇ. ബിയിൽ നിന്ന് വിരമിച്ച അന്നമ്മ സൈറസാണ് ഭാര്യ. രണ്ട് മക്കളുണ്ട്. എബി, എസി. സഭ നൽകുന്ന മികച്ച സാഹിത്യ രചനക്കുളള അവാർഡുകൾ റവ. ബോബി മാത്യു, ജോസഫ്. വർഗീസ്, ( മാളിയേക്കൽ എം. സി. ജോർജ്ജ് മെമ്മോറിയൽ ക്യാഷ് പ്രൈസ്) റവ. തോമസ്. ബി, റവ.ഡോ. കോശി. പി. വർഗീസ്.( റവ. മാത്യു തോമസ് വട്ടക്കോട്ടാൽ മെമ്മോറിയൽ പ്രൈസ്) എന്നിവർക്ക് നൽകും. സ്ഥാപനങ്ങൾക്ക് നൽകുന്ന ഹരിത അവാർഡ് മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരത്തിന് ലഭിച്ചു. സെമിത്തേരി സംരക്ഷണത്തിന് കോട്ടയം സെൻ്റ് തോമസ് മാർത്തോമ്മാ ഇടവക, ആനപ്രാമ്പാൽ മാർത്തോമ്മാ ഇടവക എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
പി. എ സൈറസ്: പാർശ്വവത്ക്കരിക്കപ്പെട്ടവർക്കായി സമർപ്പിച്ച ജീവിതം
ജീവിതം കൊണ്ടും കർമ്മം കൊണ്ടും ഒരു കാലഘട്ടത്തെയാകെ പ്രകാശമണിയിച്ച ഋഷി തുല്ല്യമായ ജീവിതത്തിന് ഉടമയാണ് മാർത്തോമ്മാ സഭയുടെ മാനവ സേവാ അവാർഡിന് അർഹനായ അഡ്വ. പി. എ സൈറസ്. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉദ്ധാരണത്തിനായി ഒരു സന്യസ്തനെപ്പോലെ അദേഹം ഭാരതത്തിലെ ഗ്രാമങ്ങളിൽ ജീവിച്ചു.
ദരിദ്രരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവൻ്റെ ആത്മാവ് എൻ്റെ മേൽ ഉണ്ട് – എന്ന ബൈബിൾ വചനം ഈ വേറിട്ട യാത്രയ്ക്ക് പ്രചോദനമായി. നുറുകണകണക്കിന് യുവാക്കൾ ആ ലാളിത്യത്തിലും ആശയങ്ങളിലും ആക്യഷ്ടരായി ഭാരതത്തിൻ്റെ ഗ്രാമങ്ങളിലെത്തി ദൗത്യനിർവഹണത്തിൽ പങ്കാളികളായി.അഞ്ചു പതിറ്റാണ്ടോളം കേരളം, ഒറീസ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമങ്ങളിൽ നിസ്വാര്‍ത്ഥമായും വിശ്രമമരഹിതമായും അദേഹം സുവിശേഷദൗത്യം നിര്‍വഹിച്ചു.
സുവിശേഷം സ്വാധീനിച്ച കുട്ടിക്കാലം തിരുവനന്തപുരം പേരൂര്‍ക്കട എബനേസര്‍ മാർത്തോമ്മാ ഇടവകയിൽ പനക്കൽ അഡ്വ. പി. എ. സൈറസ് അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ചെങ്കിലും പൂര്‍ണ്ണസമയ സുവിശേഷപ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ക്രിസ്തു സ്നേഹത്താൽ സ്വാധീനിക്കപ്പെട്ട കൊച്ചു സൈറസ് കൂട്ടുകാരോടൊപ്പം വൈ.സി. എസ് എന്ന സംഘടനക്ക് രൂപം നൽകി തിരുവനന്തപുരം ഊന്നാംപാറ കേന്ദ്രീകരിച്ച് സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഫിലോസഫിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം സമ്പാദിച്ച് തിരുവനന്തപുരം ഏജീസ് ഓഫീസിൽ ഉദ്യോഗസ്ഥനായെങ്കിലും ജീവിതദൗത്യം ഇതല്ലെന്ന തിരിച്ചറിവിൽ ജോലി വേണ്ടെന്നു വച്ചു.
മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന 9 അംഗ കുടുംബത്തിൻ്റെ ഉത്തരവാദിത്വത്തേക്കാൾ മനസ്സിന് നീറ്റലായത് ഭാരതഗ്രാമങ്ങളിലെ ദരിദ്രലക്ഷങ്ങളുടെ യാതന നിറഞ്ഞ ജീവിതമായിരുന്നു. പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ അഭിഭാഷകനാകാൻ തീരുമാനിച്ച് ലോ കോളേജിൽ ചേർന്ന് ബി. എൽ പാസായി. തിരുവനന്തപുരത്തും പിന്നീട് ഹൈക്കോടതിയിലും പ്രാക്ടീസ് ആരംഭിച്ചു.ഇക്കാലത്തായിരുന്നു കെ. എസ്. ഇ. ബി ഉദ്യോഗസ്ഥ കോട്ടയം പുളിമൂട്ടിൽ അന്നമ്മയുമായുളള വിവാഹം . എബിയും എസിയും രണ്ടു മക്കൾ ജനിച്ചു. 1973ൽ ഒരു വെളിപാടു പോലെ വക്കീൽ കുപ്പായം അഴിച്ചു വച്ച് ലൗകിക ജീവിതത്തിൻ്റെ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. തിരുവനന്തപുരം കത്രിക്കടവിൽ കുഷ്ടരോഗികളുടെ പുനരധിവാസത്തിലും ആദിവാസി മേഖലയായ വടാട്ടുപാറയിലെ ഈറ്റതോഴിലാളികളുടെ ജീവിത പോരാട്ടങ്ങളിലും പങ്കാളിയായി. പിന്നീട് വേള്‍ഡ് വിഷന്‍ ഓഫ് ഇന്‍ഡ്യയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ താളുകണ്ടം, വട്ടവട – കണ്ണംപടി തുടങ്ങിയ ആദിവാസി മേഖലകളിലേക്കും പ്രവർത്തന മേഖല വ്യാപിച്ചു. 73 ൽ ആരംഭിച്ച് 10 വർഷം പിന്നിട്ടപ്പോൾ പാറശാല മുതൽ കണ്ണൂർ വരെ ഗ്രാമീണമേഖലകളിലാകെ സൗഹ്യദകൂട്ടായ്മകളും പ്രവർത്തനങ്ങളും വളർന്നു.
ആദിവാസി – ദളിത് സമൂഹങ്ങൾക്കായി സമർപ്പിച്ച നാല് പതിറ്റാണ്ട്. ഭാരത ജനസംഖ്യയില്‍ 25 ശതമാനം വരുന്ന ആദിവാസി, ദലിത് സമൂഹങ്ങളെ ചൂഷണത്തില്‍നിന്നു മോചിപ്പിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് 83ൽ അദേഹം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് യാത്രയായി. ദൗത്യ നിർവഹണത്തിൽ സന്തത സഹചാരിയായിരുന്ന എസ്. കെ. ഏബ്രഹാമും ഒപ്പം ചേർന്നു.തുടർന്നുളള നാല് പതിറ്റാണ്ട് ഉത്തരേന്ത്യൻ ഗ്രാമങ്ങളായിരുന്നു പ്രവർത്തന മേഖല. ആദിവാസി-ദലിത് സമൂഹങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും ചൂഷണത്തിനും കാരണം അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന തിരിച്ചറിവിൽ കുട്ടികളുടെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ വികാസം ലക്ഷ്യമാക്കിയുളള പ്രവർത്തനങ്ങൾ ആരംഭിച്ചു.
സ്കൂളുകളും സ്കൂള്‍ സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോസ്റ്റലുകളും തുടങ്ങി. റായ്പ്പൂരിനടുത്ത് ഗാത്താപ്പാറ ഗ്രാമം കേന്ദ്രമാക്കി സത്നാമീസ് എന്ന ദലിത് സമൂഹങ്ങൾക്കിടയിലായിരുന്നു ആദ്യ പ്രവർത്തനം. ജന്മിമാരുടെ ചൂഷണത്തിൽ നിന്ന് പാവപെട്ട കർഷകരെ മോചിപ്പിക്കേണ്ടത് സുവിശേഷ ദൗത്യമായി കണ്ട് മഹാജന് മസ്ദൂര്‍ കിസാന്‍ സംഘ് എന്ന പേരില്‍ കര്‍ഷകത്തൊഴിലാളി യൂണിയന് രൂപീകരിച്ച് പ്രതിരോധം ഒരുക്കി.റായ്പ്പൂരിനടുത്ത ജില്ലയായ രാജ്നന്ദന്‍ഗാവിലേക്കും പ്രവര്‍ത്തനം വളർന്നു. ഒറീസയിലെ കലഹണ്ടി ജില്ലയില്‍ ഉര്‍ളാധനി ഗ്രാമത്തിലെയും ആന്ധ്രാപ്രദേശിലെ റയഗഡക്കടുത്ത് ജിമിദിപ്പേട്ടയിലെയും പ്രവര്‍ത്തനങ്ങളിൽ വ്യാപ്യതനായി. മുംബൈ നവജീവൻ സെൻ്റർ, എറണാകുളത്തെ കുഷ്ഠരോഗികളുടെ റീഹാബിലിറ്റേഷൻ സെൻ്റർ തുടങ്ങിയവയുടെ ആരംഭത്തിലും അദേഹത്തിൻ്റെ കൈയ്യൊപ്പുപതിഞ്ഞു.
മാർത്തോമ്മാ സ്റ്റുഡൻസ് കോൺഫ്രൺസ് ഉൾപ്പെടെ യുവജന കൂട്ടായ്മകളിൽ സജീവ സാന്നിദ്ധ്യമായി യുവജനങ്ങളെ ദൗത്യനിർവഹണത്തിനായി ഒരുക്കി.
എൺപത്തെട്ടാം വയസ്സിലും ഗ്രാമങ്ങളിലെ ദൈവരാജ്യ ശുശ്രൂഷക്കായി വിശ്രമരഹിതമായി ഓടുകയായിരുന്ന അദേഹത്തെ 2014ൽ ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ ശയ്യാവലംബിയാക്കി.തിരുവനന്തപുരത്തെ ഭവനത്തിൽ വിശ്രമിക്കുമ്പോഴും അദേഹത്തിൻ്റെ മനസും പ്രാർത്ഥനയും ഇന്ത്യയിലെ ഗ്രാമങ്ങളിലാണ്.
പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പമാണ് . ദൈവരാജ്യ ശുശ്രൂഷയിലൂടെ ദരിദ്രരുടെ മോചനം എന്ന സ്വപ്നം മാത്രമാണ് സെപ്റ്റംബർ ഒന്നിന് 95 വയസ് തികയുന്ന ആ നന്മനിറഞ്ഞ മനസ്സ് നിറയെ.