Trending Now

വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉടന്‍ ആരംഭിക്കും

Spread the love

 

konnivartha.com : ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും വാര്‍ഡ് തലത്തില്‍ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ ഉടന്‍ ആരംഭിക്കും. വളര്‍ത്തുനായ്ക്കള്‍ക്കും തെരുവുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ഉടമകള്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കണം. തുടര്‍ന്ന് മൃഗാശുപത്രിയില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് പഞ്ചായത്ത്, മുന്‍സിപ്പലിറ്റി നിയമ പ്രകാരം വളര്‍ത്ത് നായ്ക്കള്‍ക്കുള്ള ലൈസന്‍സ് നിര്‍ബന്ധമായും ഉടമകള്‍ എടുത്തുവെന്ന് ഉറപ്പ് വരുത്തണമെന്ന നിര്‍ദേശം ഡിഡിപിക്ക് നല്‍കി. പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് അവബോധം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.

തെരുവുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ യോഗം ചേരും. ഡോഗ് ക്യാച്ചേഴ്‌സിനെ ഉപയോഗിച്ച് തെരുവുനായ്ക്കളെ പിടികൂടുന്നതും തുടര്‍ന്ന് ഷെല്‍ട്ടര്‍, ശസ്ത്രക്രിയയ്ക്കാവശ്യമായ മരുന്ന്, ഉപകരണങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിനുമുള്ള ചുമതല ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ്.

തെരുവ് നായ്ക്കളുടെ ശസ്ത്രക്രിയ നടപ്പാക്കുന്നതിന് പഞ്ചായത്ത്, നഗരസഭ തലത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉടന്‍ രൂപീക്കാനും യോഗത്തില്‍ തീരുമാനമായി. ത്രിതല പഞ്ചായത്തുകളും നഗരഭരണസ്ഥാപനങ്ങളും സംയുക്തമായാണ് ഈ പരിപാടി നടപ്പാക്കുന്നത്.
ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ നേരിടുന്നത് സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് നടത്താനും തീരുമാനിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജ്യോതിഷ്ബാബു, ഡി എം ഒ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ജാനകിദാസ്, ഡി ഡി പി പ്രതിനിധി രാജേഷ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

error: Content is protected !!