Trending Now

ശബരിമല തീര്‍ഥാടനം: ശുചീകരണത്തിനായി 1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാന്‍ ശുപാര്‍ശ നല്‍കും

Spread the love

 

konnivartha.com : ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലെ തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിനാണ് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുക. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം 450 രൂപയാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം വേതനം പരിഷ്‌കരിക്കുന്നതിനും ശുപാര്‍ശ നല്‍കും. യാത്രാ പടി ഇനത്തില്‍ 850 രൂപ ഇവര്‍ക്ക് നല്‍കും. വിശുദ്ധി സേനാംഗങ്ങള്‍ക്കുള്ള ബാര്‍ സോപ്പ്, ബാത്ത് സോപ്പ്, വെളിച്ചെണ്ണ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് നേരിട്ടു വാങ്ങും.

യൂണിഫോം, ട്രാക്ക് സ്യൂട്ട്, തോര്‍ത്ത്, പുതപ്പ്, പുല്‍പ്പായ, സാനിറ്റേഷന്‍ ഉപകരണങ്ങള്‍, യൂണിഫോമില്‍ മുദ്ര പതിപ്പിക്കല്‍ എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിക്കും. വിശുദ്ധി സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരണ സ്ഥലത്ത് എത്തിക്കുന്നതിനായി 11 ട്രാക്ട്രര്‍ ടെയിലറുകള്‍ വാടകയ്ക്ക് എടുക്കും. സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ മൂന്ന് വീതവും, നിലയ്ക്കലില്‍ അഞ്ച് ട്രാക്ടറുമാണ് വിന്യസിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.

ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ 2021-22 വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ യോഗം അംഗീകരിച്ചു. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്തെ വിശുദ്ധി സേനയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നുവെന്നും യോഗം വിലയിരുത്തി.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല ആര്‍ഡിഒ കെ. ചന്ദ്രശേഖരന്‍ നായര്‍, ഡിഎംഒ (ആരോഗ്യം) എല്‍. അനിത കുമാരി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!