Trending Now

മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസി ഓണം ആഘോഷിച്ചു

Spread the love

ജോയിച്ചന്‍ പുതുക്കുളം

konnivartha.com/ ഫ്‌ളോറിഡ : മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസ്സി (മാറ്റ്) 2022 സെപ്റ്റംബര്‍ 24ന് ഫോര്‍ട്ട് ബ്രേഡന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി ഓണാഘോഷ പരിപാടികള്‍ നടത്തി . ഋത്മിക രേഷ്മിത്തിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു .

അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെറില്‍ ജോണ്‍ ചാക്കോള സ്വാഗത പ്രസംഗം നടത്തുകയും ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു.

മുതിര്‍ന്ന രക്ഷിതാക്കള്‍ നിലവിളക്കില്‍ ദീപം തെളിച്ച് വര്‍ണശബളമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അതി മനോഹരമായ പൂക്കളം അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരു ദൃശ്യവിരുന്നു തന്നെ ആയിരുന്നു.

തൂശനിലയിലെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ആവേശകരമായ മത്സരങ്ങള്‍ നടന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടംവലി മത്സരങ്ങള്‍ ഉണ്ടായിരുന്നു. ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ രാഗസുധ പരിപാടിക്ക് മാറ്റുകൂട്ടി. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അസോസിയേഷന്‍ ട്രഷറര്‍ ഷിജു കുഞ്ഞ് നന്ദി രേഖപ്പെടുത്തി .

അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ , വൈസ് പ്രസിഡന്റ് ചിത്ര ഗിരി, എക്‌സിക്യൂട്ടീവ് അംഗം മെറില്‍ ജോണ്‍ ചാക്കോള ,ട്രഷറര്‍ ഷിജു കുഞ്ഞ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

error: Content is protected !!