
konnivartha.com : സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു മരണം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം സംസ്‌കരിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനമുണ്ടാകില്ല.കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും
ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദാക്കിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.
പതിനാറാംവയസിലാണ് കോടിയേരി പാര്‍ട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരന്‍. ജയിലില്‍ പിണറായി വിജയനും എം.പി.വീരേന്ദ്രകുമാറും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍. പൊലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ നിയുക്തനായത് കൂട്ടത്തില്‍ ഇളയവനായ ബാലകൃഷ്ണനായിരുന്നു.
അന്ന് തലശേരി മേഖലയിലെ യുവനേതാക്കളായിരുന്ന ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ജയില്‍ജീവിതം കൂടുതല്‍ കരുത്തുപകര്‍ന്നുവെന്ന് പറയപ്പെടുന്നു. സിപിഐഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടി.ഗോവിന്ദനായിരുന്നു ആ സ്ഥാനത്തെത്തിയത്. അധികംവൈകാതെ സെക്രട്ടറിയുടെ ചുമതല കോടിയേരിയെ തേടിയെത്തി.1982, 1987, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ തലശേരിയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. 2001ല്‍ പ്രതിപക്ഷ ഉപനേതാവായി. 2006ല്‍ വി.എസ്. മന്ത്രിസഭയില്‍ ആഭ്യന്തരടൂറിസം വകുപ്പ് മന്ത്രി. 2008ല്‍ 54ാം വയസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും 2015ല്‍ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
വിഭാഗീയതയുടെ കനലുകള്‍ അപ്പോഴേക്കും അണഞ്ഞുതുടങ്ങിയിരുന്നു. പിണറായി പ്രവര്‍ത്തനം പാര്‍ലമെന്ററി രംഗത്തേക്കു മാറ്റിയപ്പോള്‍ പാര്‍ട്ടിയെ കോടിയേരി നയിച്ചു. 2018ല്‍ വീണ്ടും സെക്രട്ടറി പദത്തില്‍. 2019ല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കോടിയേരിയെ അലട്ടിത്തുടങ്ങി. ഇതിനിടയില്‍ത്തന്നെയായിരുന്നു മക്കളുടെ പേരിലുള്ള വിവാദങ്ങളും. മകന്റെ അറസ്റ്റിലേക്കുവരെ വിവാദം വളര്‍ന്നു.
2020 നവംബര്‍ 13ന് സെക്രട്ടറിപദത്തില്‍നിന്ന് സ്വമേധയാ അവധിയെടുത്തു. അങ്ങനെ ഇടക്കാലത്ത് എ.വിജയരാഘവനെ ആക്ടിങ് സെക്രട്ടറിയായി ചുമതലയേല്‍പിച്ചു. പക്ഷേ, ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ ചുമതല കോടിയേരിക്കു തന്നെയായിരുന്നു. എതിരാളികള്‍ക്കുപോലും സ്വീകാര്യമായ നയതന്ത്രം തന്നെയായിരുന്നു പാര്‍ട്ടിയിലും കേരള രാഷ്ട്രീയത്തിലും കോടിയേരിക്ക് വലിയ സ്വീകാര്യത നല്‍കിയത്.
ചികിത്സയ്ക്ക് ശേഷം വീണ്ടും സജീവമായ കോടിയേരി സെക്രട്ടറി പദത്തിലേക്ക് തന്നെ തിരിച്ചെത്തി. എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. സിപിഐഎം നേതാവും തലശേരി മുന്‍ എംഎല്‍എയുമായ എം.വി.രാജഗോപാലിന്റെ മകള്‍ എസ്.ആര്‍.വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, ബിനീഷ്. മരുമക്കള്‍: ഡോ.അഖില, റിനീറ്റ. പേരക്കുട്ടികള്‍ ആര്യന്‍ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.
CPI(M) politburo and former party state secretary Kodiyeri Balakrishnan died in Chennai on Saturday. He was diagnosed with cancer and had been under treatment at Apollo Hospital since August 28.
Balakrishnan, a prominent CPI(M) leader from Kerala, had stepped down as party state secretary in the last week of August on account of poor health. Balakrishnan, who had served as home minister in the V S Achuthanandan government from 2006 to 2011, had become party state secretary in 2015.