
പത്തനംതിട്ട : തട്ട മങ്കുഴി തോലൂഴം ശ്രീകൃഷ്ണ പമ്പിന് കിഴക്കുവശത്തുള്ള തോട്ടിൽ യുവാവ് മരിച്ചുകിടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം.
വൈദ്യുതാഘാതമേറ്റും, വെള്ളത്തിൽ മുങ്ങിയതിൽ വച്ചും കൊടുമൺ ഇടത്തിട്ട ഐക്കര മുരുപ്പ് ആതിര ഭവനിൽ ശിവൻകുട്ടിയുടെ മകൻ ആദർശ് (21) മരിച്ചനിലയിൽ കാണപ്പെട്ട കേസിൽ ഒരാളെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
മൃതദേഹം കാണപ്പെട്ട തൊടിന് കിഴക്കുവശത്തായി മുസ്‌ലിയാർ കോളേജ് വക ഫാമിന്റെ
സൂക്ഷിപ്പുകാരനായ, പത്തനംതിട്ട മുണ്ടുകൊട്ടയ്ക്കൽ താഴെ വെട്ടിപ്രം ചുറപ്പുറത്തു പുത്തൻവീട്ടിൽ നിന്നും, പന്തളം തെക്കേക്കര പാറക്കര ശ്രീനിലയം വീട്ടിൽ വന്നു താമസിക്കുന്ന
വാസുദേവന്റെ മകൻ കൊക്കോ എന്ന് വിളിക്കുന്ന പ്രസാദ് (60) ആണ് അറസ്റ്റിലായത്. ഇയാൾ കേസിൽ ഒന്നാം പ്രതിയാണ്. രണ്ടും മൂന്നും പ്രതികളായ അങ്ങാടിക്കൽ തെക്കേക്കര രാജിഭവനിൽ വാസുദേവന്റെ മകൻ വിനിൽ രാജ്, കുരിയറ തീർത്ഥം വീട്ടിൽ ശശിധരന്റെ മകൻ ബിജീഷ് എന്നിവർ ഒളിവിലാണ്.
ഇവർക്കായുള്ള തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ചൊവ്വ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയ്ക്കാണ് യുവാവിനെ മരിച്ചനിലയിൽ തോട്ടിൽ കാണപ്പെട്ടത്. ഈസ്ഥലം ഉൾപ്പെടുന്ന മൂന്നാം വാർഡ് അംഗം അംബിക ദേവരാജന്റെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊടുമൺ പോലീസ്, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം വൈദ്യുതാഘാതമേറ്റും വെള്ളത്തിൽ മുങ്ങിയതിൽ വച്ചുമാണ് സംഭവിച്ചതെന്ന് വെളിവായത്.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശത്തെതുടർന്ന്, ശാസ്ത്രീയ അന്വേഷണവിഭാഗവും, വിരലടയാള വിദഗ്ദ്ധരും, ഫോട്ടോഗ്രാഫിക് വിഭാഗവും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു.
ഇൻക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധന കഴിഞ്ഞ്, മരണകാരണം സംബന്ധിച്ച അഭിപ്രായം ഡോക്ടറിൽ നിന്നും പോലീസ് ഉടനടി തേടിയിരുന്നു. ഫാമിന്റെ നാല് വശവും ഇരുമ്പുകൊണ്ടുള്ള നെറ്റും അതിനോട് ചേർന്ന് വൈദ്യുതവേലി അനധികൃതമായി സ്ഥാപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം
കിടന്ന തോടിന് സമീപമുള്ള വൈദ്യുതവേലിയിൽ കത്തിക്കരിഞ്ഞനിലയിൽ കറുത്ത നിറത്തിൽ പറ്റിപ്പിടിച്ചിരുന്നഭാഗം ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
കൃഷിഭൂമിയിൽ തെക്കുപടിഞ്ഞാറ് മൂലയിലുള്ള വൈദ്യുതീകരിച്ച പഴയ കെട്ടിടത്തിലെ ഇലക്ട്രിക് മീറ്ററിന്റെ സമീപം സ്ഥാപിച്ച മെയിൻ സ്വിച്ചിൽ നിന്നും വൈദ്യുതി പുറത്തേക്ക് എടുക്കാൻ വയറുകൾ ഉപയോഗിച്ചതായും പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കൂടാതെ കെട്ടിടത്തിന്റെ പുറകുവശത്തെ മോട്ടോർ സ്വിച്ചിലേക്കും വയറുകൾ ബന്ധപ്പെടുത്തിയതും കണ്ടെത്തി. ഇൻക്വസ്റ്റിന് ശേഷം യുവാവിന്റെ ബന്ധുക്കൾ
സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.
കൃഷിഭൂമി സൂക്ഷിപ്പുകാരനായ പ്രസാദിനെ വിശദമായി ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയും ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മൃതദേഹത്തിൽ കാണപ്പെട്ട ചെരുപ്പ് തൊടിന് സമീപമുള്ള കുറ്റിക്കാട്ടിൽ വച്ചിട്ടുണ്ടെന്ന് അറിയിച്ച പ്രതിയെ അവിടെയെത്തിച്ച് ചെരുപ്പ് കണ്ടെടുത്തു.
ആദർശ് സ്ഥലത്തെങ്ങനെ എത്തപ്പെട്ടു എന്നത് സംബന്ധിച്ചും മറ്റുമുള്ള സുപ്രധാന വിവരങ്ങൾ
അന്വേഷനസംഘത്തിന് ലഭിച്ചിട്ടുണ്ട്. അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽകുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്. കൃഷിഭൂമി പാട്ടത്തിനെടുത്തു വേലി നിർമിച്ചതും മറ്റും രണ്ടും മൂന്നും പ്രതികളാണ്. പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി നടത്തിവരികയാണ്.
സംഘത്തിൽ എസ് ഐമാരായ സതീഷ് കുമാർ, അനിൽ കുമാർ, എസ് സി പി ഓമാരായ അൻസാർ, ശിവപ്രസാദ്, സി പി ഓമാരായ അഭിജിത്, ജിതിൻ, അജിത് എന്നിവരാണുള്ളത്.