
മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കൊടും ക്രിമിനലിനെ അടൂർ പോലീസ് സാഹസികമായ നീക്കത്തിലൂടെ പിടികൂടി. അടൂർ പെരിങ്ങനാട് ചാല പോളച്ചിറ രാമചന്ദ്രൻ പിള്ളയുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ (37) ആണ് പോലീസ് വിദഗ്ദ്ധമായി വിരിച്ച വലയിൽ കാലങ്ങൾക്കൊടുവിൽ കുടുങ്ങിയത്.
2018 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന ഇയാൾ, അടൂർ പോലീസ് സ്റ്റേഷനിൽ മാത്രം 15 ക്രിമിനൽ കേസുകളിൽ പ്രതിയാണ്, ഏറെയും മോഷണ കേസുകളാണ്. അടിപിടി കേസുകളിലും പ്രതിയായ ഇയാളുടെ പേരിൽ നിലവിൽ ആകെ 18 കേസുകളുണ്ട്.
ഏനാത്ത്, പന്തളം, കോന്നി എന്നീ പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് ഉൾപ്പെടെയാണിത്, കൂടാതെ സംസ്ഥാനത്തെ വിവിധ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത സമാന
കേസുകളിലും പ്രതിയാണ്. ഗുജറാത്ത്, ആഡ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പലസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ അന്വേഷിച്ച് ഗുജറാത്തിലും മറ്റും ദിവസങ്ങളോളം അടൂർ പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
തിരുവനന്തപുരത്തുനിന്നും അടൂർ ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദേശപ്രകാരം പോലീസ്
ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ സാഹസിക നീക്കത്തിലാണ് കൊടും കുറ്റവാളി അടൂർ കരുവാറ്റയിൽ വെച്ച് പിടിയിലായത്.
സമാധാനജീവിതത്തിനു ഭംഗം വരുത്തി ജനങ്ങളിൽ ഭീതി നിറച്ചു കുറ്റകൃത്യങ്ങൾ നടത്തിവന്ന ഇയാളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശമനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരെ പല സംഘങ്ങളായി നിയോഗിക്കുകയായിരുന്നു.
ഇത്തരം കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന് ശക്തമായ പോലീസ് നടപടി തുടർന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിവിധ പോലീസ് സംഘങ്ങളിൽ എസ് ഐ മാരായ വിപിൻ കുമാർ, സുരേഷ് ബാബു, ധന്യ, സുദർശന, എസ് സി പി ഓ
രാജേഷ് ചെറിയാൻ, സി പി ഓമാരായ സിറോഷ്, അനീഷ്, അരുൺലാൽ, ശ്രീജിത്ത്, സുനിൽ കുമാർ, അമൽ, സതീഷ്, റോബി, പ്രവീൺ, എന്നിവരാണ് ഉണ്ടായിരുന്നത്