Trending Now

തൊഴില്‍മേളകള്‍ക്കൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ്

Spread the love

തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച നിയുക്തി മെഗാതൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

തൊഴില്‍ മേഖലയിലെ തുടക്കത്തിനൊപ്പം ഉദ്യോഗാര്‍ഥികള്‍ക്ക് അനുഭവ പരിചയം ലഭിക്കുന്നതിനും തൊഴില്‍മേളകള്‍ ഉപകരിക്കും. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന തൊഴില്‍ മേളകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കമ്പനികളും പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനുള്ളില്‍ തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യുവതി യുവാക്കള്‍ സന്നദ്ധതരാകണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി.

 

ജില്ലയിലെ ആഭ്യസ്തവിദ്യരായ യുവതി, യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിനായാണ്  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കാതോലിക്കേറ്റ് കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മെഗാ തൊഴില്‍മേള നിയുക്തി 2022 സംഘടിപ്പിച്ചത്. 51 തൊഴില്‍ദാതാക്കളും 1000 അപേക്ഷകരും പങ്കെടുത്തു. 500 ഉദ്യോഗാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി.
കാതോലിക്കേറ്റ് കോളജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. ആന്‍സി സാം, തിരുവനന്തപുരം മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജി. സാബു, എംപ്ലോയ്മെന്റ് ഓഫീസര്‍ (വി.ജി) ജെ.എഫ്. സലിം, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി.ജി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!