കോന്നിയിലും പരിസര പ്രദേശങ്ങളിലും മുഖം മൂടി കള്ളന്മാര്‍ വിലസുന്നു

Spread the love

 

konnivartha.com : കോന്നിയിലും പരിസര പ്രദേശങ്ങളിലും മുഖം മൂടി കള്ളന്മാര്‍ വിലസുന്നു . ഒരു മാസത്തിന് ഇടയില്‍ നിരവധി ഭവനങ്ങളില്‍ മോഷണം നടന്നു . കോന്നി വട്ടക്കാവില്‍ തുടക്കമിട്ട മുഖം മൂടി മോഷ്ടാക്കള്‍ വകയാറില്‍ നിന്നും പണം കവര്‍ന്നു .ക്രിസ്തുമസ് ദിനങ്ങള്‍ ആയതിനാല്‍ പലരും രാത്രിയില്‍ പള്ളികളില്‍ പോകുന്ന പതിവ് ഉണ്ട് .ഇതിനാല്‍ തന്നെ പോലീസ് നിരീക്ഷണം ശക്തമാക്കണം .

 

പുളിമുക്ക് ,പ്രമാടം മേഖലയിലും ഇതേ മുഖം മൂടി കള്ളന്മാരുടെ സംഘം വിലസുകയാണ് . മക്കള്‍ വിദേശത്തുള്ള പ്രായമായ ആളുകള്‍ താമസിക്കുന്ന വീടുകള്‍ ഇവരുടെ ലക്ഷ്യമാണെന്ന് അറിഞ്ഞതോട് കൂടി വൃദ്ധ ജനം ഭീതിയിലാണ് . ഒരാളെ പോലും പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല .രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തണം എന്നാണ് ആവശ്യം .

 

കോന്നി പുളിമുക്ക് ഭാഗത്ത് വീടിൻ്റെ സ്റ്റയർകെസ് വാതിൽ തുറന്നു വീടിന് ഉള്ളില്‍  കടന്നാണ് മോഷണം നടത്തിയത് .  കോന്നി പുളിമുക്ക് ചെറിയ പനം തോട്ടത്തിൽ തങ്കമണിയുടെ വീട്ടിലാണ്  മോഷണം നടന്നത്.മുഖം മൂടി കള്ളന്മാരുടെ കയ്യില്‍ നീണ്ട വടി പോലെയുള്ള ആയുധം സി സി ടി വി ദൃശ്യത്തില്‍ കാണുന്നുണ്ട് . വാതില്‍ തകര്‍ക്കാന്‍ ഉള്ള ആയുധമാണോ അതോ തങ്ങളെ ആരെങ്കിലും കടന്നു പിടിച്ചാല്‍ ആക്രമിക്കാന്‍ ഉള്ള ആയുധമാണോ എന്ന് വ്യക്തമല്ല . മുഖം മറച്ചാണ് ഇവര്‍ മോഷണത്തിന് ഇറങ്ങിയത്‌ എന്നതിനാല്‍ പ്രാദേശികമായി നല്ല പരിചയം ഉള്ളവര്‍ ആണെന്ന് സ്പഷ്ടം .

തെങ്ങുംകാവ് വട്ടക്കുളഞ്ഞി തോളൂർ വീട്ടിൽ ടി.ഇ.എബ്രഹാമിന്റെ വീട്ടിൽ‌ നടന്ന മോഷണമാണ് ഒടുവിലത്തേത്.1500 രൂപയും സ്വർണമാലയും മോതിരവും മൊബൈൽ ഫോണും വാച്ചുമാണ് കവർന്നത്.പ്രായമായ ദമ്പതികൾ മാത്രമുള്ള വീട്ടിലാണ് മോഷണം നടന്നത്.86 വയസ്സുള്ള ഏബ്രഹാമിനെ മുറിയിൽ പൂട്ടിയിട്ടശേഷമാണ് ഭാര്യയുടെ മുറിയിലെത്തി കള്ളന്മാർ പണവും സ്വർണവും കവർന്നത്.വെള്ളപ്പാറയിലും വകയാറിലും തുടർച്ചയായി രണ്ടു ദിവസങ്ങളിൽ മോഷണം നടന്നിട്ട് 23 ദിവസങ്ങൾ‌ക്കു ശേഷമാണ് സമാനരീതിയിൽ വീണ്ടും മോഷണം നടക്കുന്നത്.

 

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ കള്ളന്മാർ പിൻവലിയുകയായിരുന്നു.എന്നാൽ, വീണ്ടും ഇത്തരം സംഭവം ആവർത്തിക്കുന്നതാണ് ജനങ്ങളിൽ ഭീതി പരത്തുന്നത്.കോന്നിയിലും വകയാറിലും ഉണ്ടായ മോഷണങ്ങളുടെ രീതി തന്നെയാണ് ഇവിടെയും നടന്നിട്ടുള്ളതെന്നാണ് വിവരം.മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.വട്ടക്കാവ് വെള്ളപ്പാറ തെങ്ങുമുറിയിൽ പി.ടി.ജോസിന്റെ വീട്ടിലാണ് ആദ്യം മോഷണം നടന്നത്.ഉറക്കത്തിൽ ഭാര്യയുടെ കഴുത്തിൽ നിന്നാണ് രണ്ടു പവൻ മാല മോഷ്ടിച്ചത്. രണ്ട് സ്വർണ നാണയങ്ങളും വാച്ചുകളും 10,000 രൂപയും കൊണ്ടുപോയി. പിറ്റേദിവസം വകയാർ എംഎൽഎ പടി ഭാഗം വടക്കേത്തുണ്ടിൽ ബേബിക്കുട്ടിയുടെ വീട്ടിൽ കള്ളൻ കയറി 4000 രൂപ മോഷ്ടിച്ചു.

 

വകയാർ പുത്തൻപുരയ്ക്കൽ പി.എം.മാത്യു വീട്ടിൽ നിന്ന് 5,000 രൂപയും ഒരു പവൻ മാലയും മോഷ്ടിച്ചു.മറ്റു രണ്ടു വീടുകളിലും കള്ളന്മാർ എത്തിയെങ്കിലും മോഷണം നടത്താനായില്ല.അർധരാത്രിക്കു ശേഷവും പുലർച്ചെയുമായി അടുക്കളവഴി കയറി മോഷണം നടത്തുന്ന സംഘങ്ങളാണ് സംഭവങ്ങൾക്കു പിന്നിൽ.രാത്രികാലങ്ങളിൽ പൊലീസ് പ്ട്രോളിങ് നടത്താറുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് ആരോപണം.

error: Content is protected !!