
konnivartha.com : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പാറ മാഫിയ പിടിമുറുക്കുന്നു.കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടുള്ളവരാണ് പാറ പൊട്ടിക്കുന്നതിൽ ഏറെയും.സ്വകാര്യ ഭൂമിയിൽ ഇരിക്കുന്ന പാറകൾ ജാക്കാമറ ഉപയോഗിച്ച് പൊട്ടിച്ച് മാറ്റി പല സ്ഥലങ്ങളിലായി ശേഖരിച്ചതിന് ശേഷം ആവശ്യാനുസരണം മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്
.കഴിഞ്ഞ ദിവസങ്ങളിൽ വി കെ പാറയിൽ നിന്നും പൊട്ടിച്ച് മാറ്റിയ ലോഡുകണക്കിന് പാറ അമ്പലം ജംഗ്ഷനിൽ ഇഞ്ചപൊയ്ക റോഡിലെ പറമ്പിലും ഇടക്കണ്ണത്തും കൂട്ടിയിട്ടിരിക്കുന്നതും കാണാം.തണ്ണിത്തോട് ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് നിന്നും മുന്നൂറിലേറെ ലോഡ് പാറ പൊട്ടിച്ച് കടത്തിയതായാണ് വിവരം.കഴിഞ്ഞ ദിവസം തണ്ണിത്തോട്ടിൽ പാറ അനധികൃതമായി പൊട്ടിച്ച് മാറ്റിയ സ്ഥലം കോന്നി തഹൽസീദാർ സന്ദർശിച്ച് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും പൊട്ടിച്ച് മാറ്റുന്ന പാറ വലിയ വിലക്ക് മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്.ഈ തരത്തിൽ വലിയ ലാഭമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ഉണ്ടാകുന്നത്.തണ്ണിത്തോട് പഞ്ചായത്തിൽ മരം മുറിക്കാൻ പോലും അധികാരമില്ലാത്തപ്പോഴാണ് ഈ നിയമലംഘനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.മുൻപും തണ്ണിത്തോട്,തേക്കുതോട് ഭാഗങ്ങളിൽ നിന്നും നിരവധി തവണ ഈ തരത്തിൽ പാറ പൊട്ടിച്ച് കടത്തുകയും അധികൃതർ ഇത് തടയുകയും ചെയ്തിരുന്നു.
കോന്നി താലൂക്കിൽ പാറമടകൾ ഇതുവരെ പ്രവർത്തിക്കാത്ത ഒരു പഞ്ചായത്താണ് തണ്ണിത്തോട്.ഈ സ്ഥാനത്താണ് അനധികൃതമായി നടക്കുന്ന ഇത്തരം പാറ പൊട്ടിക്കൽ.ജാക്കി പോലെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നത്.
തണ്ണിത്തോട് ഹൈ സ്‌കൂളിന് സമീപത്ത് അനധികൃതമായി പാറ പൊട്ടിച്ച് മാറ്റിയ സംഭവത്തിൽ കഴിഞ്ഞ അഞ്ചാം തീയതി തണ്ണിത്തോട് വില്ലേജ് ഓഫീസർ ഖനനം നിർത്തിവെക്കാൻ ഉത്തരവ് നൽകിയിരുന്നു.എന്നാൽ ഈ ഉത്തരവിനെ മറികടന്ന് വീണ്ടും പൊട്ടിച്ച് മാറ്റിയ പാറകൾ ഇവിടെ നിന്നും നീക്കുകയും തുടർന്ന് തണ്ണിത്തോട് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് മേൽ അധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.പഞ്ചായത്തിന്റെ വിവിധ കോണുകളിൽ നിന്നും പൊട്ടിച്ച് മാറ്റുന്ന പാറകൾ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ ആണ് സൂക്ഷിക്കുന്നത്.രാത്രിയിലും പകലും പ്രദേശത്ത് പാറ ഖനനം നടക്കുന്നുണ്ട് എന്നാണ് അറിയുവാൻ കഴിയുന്നത്.നടപടി എടുക്കേണ്ട മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതരും മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്.വർഷങ്ങൾക്ക് മുൻപ് ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ പെട്ട ഭൂമിയാണ് തണ്ണിത്തോട് പഞ്ചായത്തിന്റെ പല പ്രദേശങ്ങളും.ഈ സ്ഥലങ്ങളിലും പട്ടയമില്ലാത്ത ഭൂമിയിലും ആണ് ഇത്തരത്തിലുള്ള അനധികൃത പാറ പൊട്ടിക്കൽ നടക്കുന്നത് എന്നതും എടുത്ത് പറയേണ്ടതാണ്.വിഷയത്തെ കുറിച്ച് ചോദിക്കുമ്പോൾ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് അധികൃതർക്കും മറുപടിയില്ല.വിഷയത്തെ കുറച്ച് അറിയില്ല എന്നാണ് തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ മറുപടി.