Trending Now

പൊതുജന സേവനത്തില്‍ ഒരു ദിവസം പോലും ഭംഗം വരാന്‍ പാടില്ല: ജില്ലാ കളക്ടര്‍

Spread the love

 

konnivartha.com : ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം കാരണം പൊതുജന സേവനത്തില്‍ ഒരു ദിവസം പോലും ഭംഗം വരാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ റവന്യൂ റിക്കവറി ഊര്‍ജിത പിരിവ് യത്‌നം 2022- 23 അനുമോദന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. തസ്തികയില്‍നിന്നു മാറി പോകുന്ന ഉദ്യോഗസ്ഥര്‍ ആര്‍ജിച്ച അനുഭവങ്ങളും അറിവും അര്‍പ്പണ ബോധവും തുടര്‍ന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്കും കൈമാറാന്‍ സാധിക്കണം. മാറി വരുന്ന ഉദ്യോഗസ്ഥര്‍ സ്വയം പഠിച്ചെടുക്കട്ടെ എന്നു കരുതരുത്. എവര്‍ റോളിംഗ്ട്രോഫി ലഭിക്കുന്നതിലൂടെ ജോലിയിലും പ്രോത്സാഹനം അര്‍ഹിക്കുന്നതാണെന്ന കര്‍മബോധം ഉദ്യോഗസ്ഥരില്‍ വരണം.

ജില്ലയിലെ റവന്യു കളക്ഷന്‍ കുറവായിരുന്ന അവസ്ഥയില്‍ നിന്നു നല്ല രീതിയില്‍ മുന്നോട്ട് പുരോഗമിക്കാന്‍ കഴിഞ്ഞു. തുടര്‍ന്നും ഇതേ രീതിയില്‍ മുന്നോട്ട് പോകണം. മൂന്ന് മുതല്‍ നാല് ഇരട്ടി വര്‍ധനവ് ഉണ്ടായ താലൂക്കുകള്‍ ഉണ്ട്. കൃത്യമായി നടന്ന റിവ്യൂ മീറ്റീങ്ങുകള്‍, ഫീല്‍ഡ് തല പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടെത്താനായത്, ബാങ്കുകളുടെ സഹകരണം എന്നിവയാണ് വര്‍ധനവ് ഉണ്ടാകാന്‍ സഹായിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തെ റവന്യു റിക്കവറി പിരിവ് 21.06 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 65.60 കോടി രൂപയായി റവന്യു റിക്കവറി പിരിവ് ഉയര്‍ന്നു.

 

2022 -23 സാമ്പത്തിക വര്‍ഷത്തില്‍ താലൂക്ക്തലത്തില്‍ 15.81 കോടി രൂപ പിരിച്ച് ഏറ്റവും കൂടുതല്‍ റവന്യൂ റിക്കവറി പിരിവ് നേട്ടം കൈവരിച്ച അടൂര്‍ താലൂക്കിനും 10.01 കോടി രൂപ പിരിച്ച് രണ്ടാം സ്ഥാനം നേടിയ ആര്‍ ആര്‍ ഓഫീസ് പത്തനംതിട്ടയ്ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ജില്ലാ കളക്ടര്‍ നല്‍കി. മൂന്നു കോടിരൂപ പിരിച്ച് ഏറ്റവും കൂടുതല്‍ പിരിവ് നേട്ടം കൈവരിച്ച വില്ലേജിനുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടൂര്‍ വില്ലേജിനും നല്‍കി.

എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ സിറിയക് തോമസ്, കേരള ബാങ്ക് സീനിയര്‍ മാനേജര്‍ സേതു കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആര്‍ആര്‍ ഡെപ്യൂട്ടികളക്ടര്‍ ജേക്കബ് ടി ജോര്‍ജ്, എല്‍ആര്‍ ഡെപ്യുട്ടികളക്ടര്‍ ബി. ജ്യോതി,ഇലക്ഷന്‍ ഡെപ്യുട്ടികളക്ടര്‍ ആര്‍. രാജലക്ഷ്മി, ജില്ലാലോഓഫീസര്‍ കെ.എസ്.ശ്രീകേഷ്, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ് ഹനീഫ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!