Trending Now

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

Spread the love

 

 

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും

konnivartha.com: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ – ഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിനു യാഥാര്‍ഥ്യമാകും. വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ അഭിമാന പദ്ധതി നാടിനു സമര്‍പ്പിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ-ഫോണ്‍ ഇന്റര്‍നെറ്റ് എത്തും.

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. നിലവില്‍ 18000 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി.

40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങള്‍ കെ-ഫോണ്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റര്‍ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളിങ്ങും പൂര്‍ത്തിയാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.

കെ-ഫോണ്‍ ഉദ്ഘാടനം: എല്ലാ നിയോജക മണ്ഡലങ്ങളിലും വിപുലമായ പരിപാടികള്‍

konnivartha.com: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജൂണ്‍ അഞ്ചിന് പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. വൈകിട്ട് നാലിന് ഓമല്ലൂര്‍ ഗവ എച്ച്എസ്എസില്‍ ആറന്മുള മണ്ഡല തല പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വൈകുന്നേരം മൂന്നിന് മൂന്നാളം ഗവ ലോവര്‍ പ്രൈമറി സ്‌കൂളില്‍ അടൂര്‍ മണ്ഡല തല പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും, വൈകിട്ട് മൂന്നിന് കുറ്റൂര്‍ ഗവ എച്ച്എസ്എസില്‍ തിരുവല്ല മണ്ഡലതല പരിപാടിയില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും വൈകിട്ട് നാലിന് കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂളില്‍ റാന്നി മണ്ഡലതല പരിപാടിയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും വൈകിട്ട് മൂന്നിന് കൈപ്പട്ടൂര്‍ ഗവ വിഎച്ച്എസ്എസില്‍ കോന്നി മണ്ഡല തല പരിപാടിയില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും പങ്കെടുക്കും. ജന പ്രതിനിധികളും പരിപാടിയുടെ ഭാഗമാകും. സംസ്ഥാന തല ഉദ്ഘാടന പരിപാടി എല്ലാ വേദികളിലും തത്സമയം എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കും. കളക്ടറേറ്റിലും ഉദ്ഘാടന പരിപാടി തത്സമയം പ്രദര്‍ശിപ്പിക്കും.

പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

konnivartha.com: പത്തനംതിട്ട ജില്ലയില്‍ കെ ഫോണ്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ ഇതുവരെ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ 500 ഭവനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഉള്‍പ്പടെ 1331 സ്ഥാപനങ്ങളിലും ഇതിനകം കെ ഫോണ്‍ കണക്ഷന്‍ നല്കിക്കഴിഞ്ഞു.

പത്തനംതിട്ട അഴൂര്‍ കെഎസ്ഇബി സബ് സ്റ്റേഷനോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോര്‍ പിഒപിയില്‍ സ്ഥാപിച്ചിട്ടുള്ള കേന്ദ്രീകൃത സംവിധാനത്തില്‍ നിന്നാണ് ജില്ലയിലെ കെ ഫോണ്‍ സംവിധാനത്തിന്റെ നിയന്ത്രണം നിര്‍വഹിക്കുന്നത്. ഇതുകൂടാതെ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 15 പിഒപികളും തടസരഹിതമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട ഒരു പടി മുന്നില്‍

konnivartha.com: 2023 മാര്‍ച്ച് അവസാനം മുതല്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ കെഫോണിലാണ് നടന്നുവരുന്നത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ജില്ലാ കളക്ടറേറ്റിലേക്കും അവിടെനിന്നും സംസ്ഥാന ഡാറ്റാ സെന്ററിലേക്കുമാണ് ഔദ്യോഗിക ഉപയോഗത്തിലുള്ള വിവിധ പോര്‍ട്ടലുകളിലെ ഡാറ്റാ കൈമാറ്റം നടക്കുന്നത്. മാര്‍ച്ച് മുതല്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റും സ്റ്റേറ്റ് ഡാറ്റാ സെന്ററും തമ്മിലുള്ള ഡാറ്റാ കൈമാറ്റം പൂര്‍ണമായും കെ ഫോണ്‍ നെറ്റ്വര്‍ക്ക് വഴിയാണ് നടക്കുന്നത്.

error: Content is protected !!