മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പകപോക്കല്‍ ഇടതുപക്ഷ നയമോ

Spread the love

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പകപോക്കല്‍ ഇടതുപക്ഷ നയമോ ? കാനം രാജേന്ദ്രനും ജോസ് കെ.മാണിയും നയം വ്യക്തമാക്കണം – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം ലജ്ജാകരമാണെന്നും ഭീരുത്വമാണെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു. കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി പൂട്ടിക്കുമെന്നും മാനേജിംഗ് എഡിറ്റര്‍ ഷാജന്‍ സ്കറിയായെ തെരുവില്‍ നേരിടുമെന്നും ജനാധിപത്യ കേരളത്തിലെ ഒരു എം.എല്‍.എ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എസ്.എഫ്.ഐ നേതാക്കളുടെ തട്ടിപ്പുകള്‍ തെളിവ് സഹിതം തല്‍സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കള്ളക്കേസെടുത്തതാണ് മറ്റൊരു സംഭവം.

സി.പി.എമ്മിന് തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയാണ് തുടര്‍ച്ചയായ ഈ സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്. മാധ്യമങ്ങളുടെ വായമൂടിക്കെട്ടുവാനുള്ള ഈ സംഘടിത നീക്കം അത്യന്തം ആപല്‍ക്കരമാണ്. ഉദ്യോഗസ്ഥ – ഭരണതലത്തിലെ അഴിമതികള്‍ വ്യക്തമായ തെളിവുകളോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ തെറ്റുണ്ടെങ്കില്‍ നിയമപരമായി നേരിടണം. എന്നാല്‍ അതിനു തുനിയാതെ നിയമം കയ്യിലെടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. പോലീസിനെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ കേരളം ഉത്തരകൊറിയക്ക് സമമാകുമെന്നതില്‍ സംശയമില്ല.

ഇടതുപക്ഷ സര്‍ക്കാരില്‍ പങ്കാളികളായ ഘടക കക്ഷികള്‍ തങ്ങളുടെ മൌനം വെടിഞ്ഞ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണം. സി.പി.ഐയും കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണിയും ഇതിനു തയ്യാറാകണം. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനകളും സമ്മേളനങ്ങളും മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതല്ല മാധ്യമങ്ങളുടെ ജോലി. അഴിമതിയും അനീതിയും കണ്ടാല്‍ അത് ജനങ്ങളിലേക്ക് എത്തിക്കുക എന്ന വലിയ കടമകൂടി മാധ്യമങ്ങള്‍ക്കുണ്ട്‌. തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ മാത്രമേ നല്‍കാവൂ എന്ന് വാശിപിടിക്കുന്നത്‌ നല്ലതല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്  തങ്ങളുടെ നിയന്ത്രണത്തിലുള്ള പത്രങ്ങളും ചാനലുകളും നിലവിലുള്ളപ്പോള്‍ മറ്റുള്ള സ്വതന്ത്ര മാധ്യമങ്ങളുടെമേല്‍ കുതിര കയറുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. വാര്‍ത്തകളെ ഭയക്കുന്നത് ഭീരുക്കളാണ്.

മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിക്കുവാനും മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസിലൂടെ കുടുക്കുവാനുമാണ് ഇനിയും നീക്കമെങ്കില്‍ ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകും. ഇക്കാര്യത്തില്‍ മുഴുവന്‍ കേരളത്തിലെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒന്നിച്ചു നീങ്ങണം. ഇത്തരമൊരു നീക്കമുണ്ടായാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്),
ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവര്‍ പറഞ്ഞു.

 

മാധ്യമവേട്ടക്കെതിരെ ജനകീയ പ്രതിഷേധം

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അടിക്കടി പൊലീസും അധികാരത്തിന്റെ പിന്‍ബലത്തോടെ സംഘടിത രാഷ്ട്രീയ ശക്തികളും നടത്തുന്ന ജനാധിപത്യവിരുദ്ധമായ കടന്നുകയറ്റത്തിനെതിരെ കോഴിക്കോട്ട് ജനകീയ പ്രതിഷേധമൊരുക്കുന്നു. ഫോറം ഫോര്‍ മീഡിയ ഫ്രീഡം സംഘടിപ്പിക്കുന്ന സര്‍ക്കാരിന്റെ മാധ്യമ വേട്ടയ്‌ക്കെതിരായ സംവാദ സദസ്സ് (ജൂണ്‍ 14) വൈകിട്ട് അഞ്ചിന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കും. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. ചലച്ചിത്ര നടന്‍ ജോയ് മാത്യു, പ്രഭാഷകനും എഴുത്തുകാരനുമായ എ.പി.അഹമ്മദ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ബാലകൃഷ്ണന്‍ ടി, എന്‍ പി ചെക്കുട്ടി, എ സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മറുനാടന്‍ ടിവി തലവന്‍ ഷാജന്‍ സ്‌കറിയയെ ഭീഷണിപ്പെടുത്താനും നാടുനീളെ പരാതികള്‍ നല്‍കി കുടുക്കാനും ഭരണകക്ഷി എം.എല്‍.എയായ പി.വി.അന്‍വര്‍ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയതിനുള്ള പ്രതികാരമായി ഷാജനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ വളഞ്ഞ വഴി തേടുകയാണ് ജനപ്രതിനിധി. ഷാജനെതിരെ പരാതിയുള്ളവരെ ഒരു ചരടില്‍ കോര്‍ത്ത് അവര്‍ക്കു സൗജന്യ നിയമസഹായം നല്‍കി മുന്‍പോട്ടു പോകുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭരണത്തിന്റെ തണലിലാണ് എം.എല്‍.എയുടെ വഴിവിട്ട നീക്കങ്ങളെന്നു ഭരണകേന്ദ്രവുമായി ബന്ധപ്പെട്ടവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

സമാനമാണ് ഏഷ്യാനെറ്റ് ന്യൂസ് എറണാകുളം റിപ്പോര്‍ട്ടര്‍ അഖില നന്ദകമാറിന് ഉണ്ടായിരിക്കുന്ന അനുഭവം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനു ഈ മാധ്യമപ്രവര്‍ത്തയ്‌ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. അറസ്റ്റോ മറ്റു പൊലീസ് നടപടികളോ നേരിടേണ്ടിവരുമെന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്നു. വാര്‍ത്ത സംബന്ധിച്ചു പരാതി ഉയര്‍ന്നതിന് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ അബ്‌ജോദ് വര്‍ഗീസിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു ചോദ്യംചെയ്യുന്ന ഞെട്ടിക്കുന്ന പ്രവര്‍ത്തനവും കേരള പൊലീസ് നടത്തിയിരിക്കുകയാണ്.
അല്‍പദിവസം മുന്‍പാണ് എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി റിപ്പോര്‍ട്ട് ചെയ്തതിന് മാതൃഭൂമി ടിവി റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തത്.

മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിക്കടി ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണു പ്രതിഷേധമുയരുന്നത്. ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ സംഘടിത ശബ്ദമായി ഉയര്‍ത്താനുള്ള കൂട്ടായ്മയാണ് ഫോറം ഫോര്‍ മീഡിയ ഫ്രീഡം ഒരുക്കുന്നത്.

error: Content is protected !!