കോന്നി എസ്‌ഐക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Spread the love

 

konnivartha.com: കോന്നി അരുവാപ്പുലം തേക്ക് തോട്ടം മുക്കില്‍ വെച്ച് ഊട്ടുപാറയില്‍ നിന്നും പാറയുമായി വന്ന വാഹനങ്ങളുടെ പരിശോധന കോന്നി പോലീസ് നടത്തുന്നത് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ എസ്‌ഐ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് കോന്നി അരുവാപ്പുലം പാറയ്ക്കല്‍ പി.വി. ബിജു മുഖ്യമന്ത്രിയ്ക്കും ,ഡി ജി പി , ക്രൈം ബ്രാഞ്ച് തുടങ്ങിയ വകുപ്പിന് പരാതി നല്‍കി .

കോന്നി എസ്‌ഐ സജു വാഹന പരിശോധനയ്ക്കിടെ ഗ്യാലക്‌സി പാറമടയില്‍ നിന്ന് പാറ കയറ്റി വന്ന ചില ലോറികള്‍ക്ക് മാത്രം 250 രൂപയും സാധാരണക്കാരന്‍റെ ലോറികള്‍ക്ക് അരലക്ഷം രൂപയും പിഴ ഈടാക്കുന്നത് കണ്ടു. അമിത പിഴ ഈടാക്കുന്നതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ തന്റെ മൊബൈല്‍ എസ്‌ഐ തട്ടിത്തെറിപ്പിക്കുകയും തന്നെയും കൂടെ ഉണ്ടായിരുന്ന വി സി കെ വിക്രം എന്ന ആളിനെയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്.

രണ്ടു ദിവസമായി കോന്നി പോലീസ് തേക്ക് തോട്ടം മുക്കില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനവുമായി വാഹന പരിശോധന നടത്തുകയായിരുന്നു . അമിത പിഴ ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാരും സിപിഎം ലോക്കല്‍ സെക്രട്ടറി ദീദുവും വിഷയത്തില്‍ ഇടപെട്ടു . വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതില്‍ എസ്‌ഐ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ലോക്കല്‍ സെക്രട്ടറി ഇടപെട്ടത് .

ഒരു ലോറിക്ക് 50,000 രൂപ വരെ പിഴയിനത്തില്‍ ഈടാക്കി എന്നാണു ആരോപണം . നാട്ടുകാരെ വെല്ലു വിളിച്ചു കൊണ്ട് കോന്നി എസ്‌ഐ സജു ഏബ്രഹാമാണ് പോലീസിന്‍റെ മുഷ്ക് കാണിച്ചു കൊണ്ട് തെരുവില്‍ വെല്ലുവിളി നടത്തിയത് എന്നാണു ആരോപണം . ഇതോടെ നാട്ടുകാര്‍ സംഘടിച്ചു .

 

കോന്നി ഡി വൈ എസ് പി ടി. രാജപ്പന്‍ റാവുത്തര്‍ സ്ഥലത്ത് എത്തിയാണ് എസ് ഐയേ പിന്തിരിപ്പിച്ചത് . വാക്കേറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി . ഇതോടെ എസ് ഐയ്ക്ക് എതിരെ വകുപ്പ് തല നടപടികള്‍ വേണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . അതേ സമയം ആളെ നോക്കിയാണ് എസ്‌ഐ പിഴ ഈടാക്കുന്നത് എന്നാണ് ലോക്കല്‍ സെക്രട്ടറി പറയുന്നത്. മുന്‍പ് മൂന്നു വാഹനം ഒന്നിച്ച് പിടിക്കുകയും അതില്‍ രണ്ടെണ്ണം കുറഞ്ഞ പിഴ ചുമത്തി വിട്ടയയ്ക്കുകയും ഒരെണ്ണത്തിന് വന്‍ തുക പിഴ ഈടാക്കുകയും ചെയ്തുവെന്ന് ഇവര്‍ പറയുന്നു. വാഹന പരിശോധന നടക്കുന്ന സ്ഥലത്ത് വച്ച് ഇതാണ് ചോദ്യം ചെയ്തതെന്നാണ് പരാതിക്കാര്‍ പറയുന്നത്. എസ്‌ഐ സജുവിനെ കഴിഞ്ഞയാഴ്ച പത്തനംതിട്ടയിലേക്ക് മാറ്റി ഉത്തരവിറങ്ങിയിരുന്നു. ഇതു വരെ ഇത് നടപ്പായില്ല

കോന്നി എസ് ഐ അകാരണമായി മര്‍ദിച്ചു എന്ന് ഏതാനും ദിവസം മുന്നേ ആണ് മറ്റൊരു പരാതി ഉണ്ടായത് . അരുവാപ്പുലം മുറ്റാക്കുഴിയില്‍ കോട്ടയ്ക്ക് അടിവശം അരവിന്ദാക്ഷന്‍ ആണ് 29/05/2023 ല്‍ കോന്നി ഡി വൈ എസ് പിയ്ക്ക് പരാതി നല്‍കിയത് . പൊതു പ്രവര്‍ത്തകനായ അരവിന്ദാക്ഷനെ ഇതേ എസ് ഐ മര്‍ദിച്ചു എന്നാണു പരാതി .

 

error: Content is protected !!