പകർച്ചപ്പനി :അതീവ ജാഗ്രത വേണം

Spread the love

 

പകർച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദർശന വേളയിൽ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യമന്ത്രി: മന്ത്രി വീണാ ജോർജ് ആശമാരുമായി സംവദിച്ചു

ഗൃഹസന്ദർശന വേളയിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവർത്തകർ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അസാധാരണമായ പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ ശ്രദ്ധിച്ച് അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ഡെങ്കിപ്പനി, സിക്ക, എലിപ്പനി എന്നിവയിലെല്ലാം പ്രതിരോധം തീർക്കേണ്ടതുണ്ട്. കൊതുകിന്റെ ഉറവിട നശീകരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കുകയാണ്. അതിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

സംസ്ഥാനത്തെ പകർച്ചപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജ് ആശാ പ്രവർത്തകരുമായി ഫേസ്ബുക്ക് ലൈവ് വഴി സംവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ പകർച്ചപ്പനി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിലും ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിലും ഫീൽഡ്തല പ്രവർത്തനങ്ങളിലും ആശമാർ വഹിക്കുന്ന പങ്ക് വലുതാണ്. എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുന്നതിനാണ് ആശമാരുമായി മന്ത്രി നേരിട്ട് സംസാരിച്ചത്.

പനി തടയുക, വരാതിരിക്കുക എന്നിവ വളരെ പ്രധാനമാണ്. ജലജന്യ രോഗങ്ങൾ ഒഴിവാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. മണ്ണുമായും മലിനജലവുമായും സമ്പർക്കത്തിൽ വരുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്.

കോവിഡ് തുടങ്ങി ആരോഗ്യ പ്രതിസന്ധികളിൽ ഒപ്പം നിന്നവരാണ് ആശമാർ. സ്തുത്യർഹമായ സേവനങ്ങളാണ് എല്ലാവരും നടത്തുന്നത്. സ്വയം പ്രതിരോധം ഉറപ്പ് വരുത്തി ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു.

പകർച്ചപ്പനി പ്രതിരോധം: മന്ത്രി വീണാ ജോർജ് ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ചു
: പൂർണ സഹകരണം ഉറപ്പ് നൽകി സംഘടനകൾ

പകർച്ചപ്പനി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ സംഘടനകൾ പൂർണ സഹകരണം ഉറപ്പ് നൽകി.

പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിനായി എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു. സർക്കാർ സ്വകാര്യ ആശുപത്രികൾ ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ തുടങ്ങീ സർക്കാർ, സ്വകാര്യ ഡോക്ടർമാർക്ക് ആരോഗ്യ വകുപ്പ് പരിശീലനം നൽകി വരുന്നു. ഏത് സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യണം എന്ന് നിർദേശവും നൽകുന്നുണ്ട്.

ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കാമ്പയിനിൽ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികൾ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാൻ എല്ലാവരും ഒരുപോലെ പ്രവർത്തിക്കണം. പകർച്ചപ്പനിബാധിതരെ ചികിത്സിക്കാൻ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണം.

നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. തുടർപ്രവർത്തനങ്ങൾ ശക്തമായി നടത്തും. സംഘടനകളിലെ അംഗങ്ങളെ സജ്ജമാക്കുന്നതിനും ശരിയായ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമുള്ള ബോധവത്ക്കരണത്തിൽ പങ്കാളികളാകണം. ചികിത്സാ പ്രോട്ടോകോൾ നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

പ്രായമായവർ, കുട്ടികൾ എന്നിവർ ഈ കാലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് യോഗം വിലയിരുത്തി. സ്വകാര്യ ആശുപത്രികൾ ഫലപ്രദമായി രോഗങ്ങളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. എല്ലാവരുടേയും പിന്തുണയും സഹായവും മന്ത്രി അഭ്യർത്ഥിച്ചു.

ഐഎംഎ, ഐഎപി, കെഎഫ്ഒജി, കെജിഎംഒഎ, കെജിഒഎ, കെജിഎംസിടിഎ തുടങ്ങിയ പ്രധാന സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.

പകർച്ചപ്പനി പ്രതിരോധം : കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം. ഡെങ്കിപ്പനി വ്യാപനം തടയാൻ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊതുജനങ്ങൾ ഇക്കാര്യത്തിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രേയിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ ഇടവരുത്തരുത്. തോട്ടം മേഖല, നിർമ്മാണ സ്ഥലങ്ങൾ, ആക്രിക്കടകൾ, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം.

വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും ഡോക്സിസൈക്ലിൻ സൗജന്യമായി ലഭ്യമാണ്.

പകർച്ചപ്പനി ഒരു ഭീഷണിയായി വളരാതിരിക്കാൻ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകും.

മുഖ്യമന്ത്രി പ്രസ്താവനയിറക്കിയത് കൊണ്ടോ ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചത് കൊണ്ടോ പനി നിയന്ത്രണവിധേയമാവുകയില്ല

സംസ്ഥാനത്ത് പകർച്ചപനി പടർന്നു പിടിക്കുകയാണെന്നും ഇന്ന് പനി ബാധിച്ച് ആറുപേർ മരിച്ചത് ഗൗരവതരമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പകർച്ച പനി പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു

മുഖ്യമന്ത്രി പ്രസ്താവനയിറക്കിയത് കൊണ്ടോ ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചത് കൊണ്ടോ പനി നിയന്ത്രണവിധേയമാവുകയില്ല. മഴക്കാലം വരുന്നതിന് മുമ്പ് ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാത്തതാണ് പകർച്ച പനി നിയന്ത്രണവിധേയമാവാതിരിക്കാൻ കാരണം.

സംസ്ഥാനത്ത് ഡെങ്കി പനി പടർന്നു പിടിക്കുകയാണ്. എന്നിട്ടും ഇപ്പോഴും കൊതുക് നശീകരണത്തിനുള്ള കാര്യങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. സർക്കാർ ആശുപത്രികളിൽ പനി ബാധിതരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവണം. ആവശ്യമായ മരുന്നുകളുടെ ലഭ്യതയില്ലാത്തത് രോഗികളെ വല്യ്ക്കുകയാണ്. പൊതു ഇടങ്ങളിൽ വെള്ളംകെട്ടി കിടക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനെതിരെ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

error: Content is protected !!