സഹോദരങ്ങളായ യുവതികളെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

Spread the love

 

konnivartha.com: മാനസികവളർച്ചയില്ലാത്ത സഹോദരങ്ങളായ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധു പോലീസിന്റെ പിടിയിലായി. റാന്നി സ്വദേശിയായ 61 കാരനെയാണ് റാന്നി പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.

 

ഇയാൾ യുവതികളുടെ പിതാവിന്‍റെ അനുജനാണ് .മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രതിയുടെ വീട്ടിൽ
വച്ചാണ് പീഡനം നടന്നത്, യുവതികളിൽ ഒരാളുടെ നഗ്നഫോട്ടോ ഫോണിൽ എടുക്കുകയും പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ മാതാവ് റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതി വെച്ചൂച്ചിറ പോലീസിന് അയച്ചുകൊടുക്കുകയും, അവിടെനിന്നും റാന്നി പോലീസ് സ്റ്റേഷനിൽ അയച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ കേസെടുക്കുകയുമായിരുന്നു.

വെച്ചൂച്ചിറ പോലീസ് പ്രതിയെ മണിക്കൂറുകൾക്കകം കണ്ടെത്തി, പരാതിയും പ്രതിയെയും റാന്നി പോലീസിന് കൈമാറുകയായിരുന്നു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ സി പി ഓ അഞ്ജന യുവതികളുടെ മൊഴി മാതാവിന്റെ സാന്നിധ്യത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി.

പ്രതിയെ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ നിന്നും വൈകിട്ട് റാന്നി സ്റ്റേഷനിലെത്തിച്ച് സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച്
വൈദ്യപരിശോധന നടത്തി. യുവതികൾക്ക് കൗൺസിലിംഗ് നൽകുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്റർ അധികൃതർക്ക് കത്ത് നൽകി.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ
ശേഖരിച്ചു. പത്തനംതിട്ട സി ജെ എം കോടതിയിൽ മൊഴി എടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു. റാന്നി പോലീസ് ഇൻസ്‌പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ സ്വീകരിച്ചത്. എസ് ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, മനോജ്‌, എ എസ് ഐ കൃഷ്ണകുമാർ, സി പി ഓ സുനിൽ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

error: Content is protected !!