
പത്തനംതിട്ട : ഒപ്പം താമസിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ.
റാന്നി ബ്ലോക്കുപടി വടക്കേടത്ത് സത്യനന്ദന്റെ മകൻ അതുൽ സത്യ(29)നാണ് കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ റാന്നി പോലീസിന്റെ നിരീക്ഷണത്തിൽചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാത്രി എട്ടരയോടെ റാന്നി കീക്കൊഴൂർ മലർവാടി ഇരട്ടത്തലപനക്കൽ വീട്ടിൽ രഞ്ജിത(27)യെ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ രജിതയുടെ മാതാപിതാക്കളായ രാജുവിനും ഗീതയ്ക്കും സഹോദരി അപ്പുവിനും പരിക്കേറ്റിരുന്നു. രാജുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാന്നി ഉതിമൂട് ഡിപ്പോപ്പടിയിൽ വച്ച് കണ്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കൊലപാതകം, ലഹരിമരുന്ന് കച്ചവടം,
ദേഹോപദ്രം ഏൽപ്പിക്കൽ തുടങ്ങി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ.
മറ്റൊരാളുടെ ഭാര്യയായ രഞ്ജിതയുമൊത്ത് താമസിച്ചുവരികയായിരുന്നു പ്രതി. ഇയാളുടെ
ദേഹോപദ്രവവും മാനസിക പീഡനവും സഹിക്കവയ്യാതെ രഞ്ജിതയുടെ പിതാവ് മകളെയും രണ്ട് കുട്ടികളെയും വീട്ടിൽ കൂട്ടിക്കൊണ്ടു വന്നിരുന്നു. തുടർന്ന് തന്നോടൊപ്പം ജീവിക്കാൻ വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്ന യുവാവ്
ഇന്നലെ രാത്രി ഏട്ടരയോടെ, കീക്കൊഴൂർ ഇരട്ടപനക്കൽ വീട്ടിൽ വടിവാളുമായി
അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്തുകയാണ് ഉണ്ടായത്. തടയാൻ ശ്രമിച്ച യുവതിയുടെ
മാതാപിതാക്കളെയും സഹോദരിയെയും വടിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തു.
രാജുവിന്റെ ഇടതുകൈ മസ്സിൽ ഭാഗത്തും ഇടതു കക്ഷത്തിന് താഴെയും,ഗീതയുടെ ഇരുകൈകൾക്കും, അപ്പുവിൻെറ ഇടതുകൈ മസ്സിൽഭാഗത്തും മാരകമായി മുറിവേറ്റു. ഇയാളുടെ ഭീഷണി സംബന്ധിച്ച് ഗീത പോലീസിൽ പരാതി നൽകിയത് പ്രകോപനമുണ്ടാക്കിയതായി കരുതുന്നു.
ഒപ്പമിരുന്നു മദ്യപിച്ച സുഹൃത്തിനെ മർദ്ദിച്ചുകൊന്ന കേസിലും, ദേഹോപദ്രവം ഏൽപ്പിക്കൽ,
ലഹരിക്കടത്ത് കേസുകളിലും പ്രതിയാണ് അതുൽ. റാന്നി തോട്ടമൺ പൊവ്വത്ത് മേൽമുറിയിൽ രാജീവ് കുമാറി(38)നെയാണ് 2020 ൽ ഇയാൾ കൊലപ്പെടുത്തിയത്.
ആ വർഷം തന്നെ ലിജോ സി തോമസ് എന്നയാളെ മർദ്ദിച്ച കേസിലും പ്രതിയായിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ലഹരിക്കടത്ത് തുടരുകയായിരുന്നു. കഞ്ചാവ് കടത്തിന് റാന്നി എക്സൈസ് കേസ് ആണുള്ളത്. കൊടും കുറ്റവാളിയായ ഇയാൾക്ക് നല്ല നടപ്പിന് ബോണ്ട് വയ്ക്കുന്നതിനായി തിരുവല്ല ആർ.ഡി.ഒ കോടതിയിൽ നടപടികൾ നടന്ന്
വരുകയാണ്.